സെക്രട്ടറിയേറ്റിന് മുമ്പിൽ റാങ്ക് ഹോൾഡർമാർ നടത്തുന്ന സമരത്തിനിടെ മണ്ണെണ്ണ ശരീരത്തിലൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ റിജു ഒരു റാങ്ക് ലിസ്റ്റിലുമില്ലാത്ത ആൾ. ഇയാൾ പാലക്കാട് ജില്ലയിലെ സജീവ കോൺഗ്രസ് പ്രവർത്തകനും. പാലക്കാട് പെരുവെമ്പ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന കൃഷ്‌ണന്റെ മകനായ റിജു നിലവിൽ ഒരു റാങ്ക് പട്ടികയിലുമില്ല.യു ഡി എഫ് സർക്കാരിനെക്കാക്കൽ നിയമനത്തിലും മുന്നിട്ടു നിൽക്കുകയാണ് എൽ ഡി എഫ് സർക്കാർ എന്നതിൽ തർക്കമില്ല. ഔദ്യോഗിക രേഖകൾ പരിശോധിച്ചാൽ തന്നെ ഇത് മനസിലാകും. സർക്കാരിനെതിരെ ഒരു വിഷയവും ഉന്നയിക്കാൻ കഴിയാത്ത പ്രതിപക്ഷം പതിവുപോലെ അപവാദപ്രചാരണവുമായി രംഗത്ത് വരികയാണ്. ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് അവരെ തെരുവിലിറക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. നൂറുകണക്കിന് അനധികൃത നിയമനങ്ങളും ബന്ധു നിയമനങ്ങളുമാണ് യു ഡി എഫ് കാലത്ത് നടന്നത്. അതിന്മേൽ ഇപ്പോഴും രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കൾ അന്വേഷണം നേരിടുന്നുമുണ്ട്.
ആത്മഹത്യ ശ്രമത്തിന് പിന്നിലെ രാഷ്ട്രീയ ലക്‌ഷ്യം പുറത്തായതോടെ റാങ്ക് ഹോൾഡർമാർക്കിടയിൽ ഭിന്നത രൂക്ഷമായി. രാഷ്ട്രീയ പാർട്ടികൾ സമരത്തെ ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് ഒരു വിഭാഗം പറയുന്നു.