മലപ്പുറത്ത് സ്വകാര്യബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചു; മൂന്നുപേര്‍ മരിച്ചു, രണ്ടുപേർക്ക് ഗുരുതരം

0
86

മലപ്പുറം മങ്കടയില്‍ സ്വകാര്യബസും ഗുഡ്സ് ഓട്ടോയും കുട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. ഗുഡ്സ് ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന മൂന്നു പേരാണ് മരിച്ചത്. മങ്കട വെരുംപിലാക്കലിലായിരുന്നു അപകടം. ബസ് യാത്രക്കാർക്കും പരിക്കുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യബസും ചെടികളുമായി വരികയായിരുന്ന ഗുഡ്സ് ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഗുഡ്‌സ് ഓട്ടോയിലുണ്ടായിരുന്നവർ മൂന്നുപേരും തൽക്ഷണം മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച മൂന്നു പേരെയും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മരിച്ചവരില്‍ ഒരാളുടെ പോക്കറ്റില്‍ നിന്ന് ഒരു ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. വാഹനം ഓടിച്ചയാളെന്ന് കരുതുന്ന ആളിന്റെ ലൈസൻസിൽ മുക്കം അഗസ്ത്യമുഴി ഷിജു എന്നാണ് ഉള്ളത്. മരിച്ചവരില്‍ മറ്റൊരാളുടെ പോക്കറ്റില്‍ നിന്ന് സുരേഷ് ബാബു എന്ന പേരിലുള്ള മരുന്ന് കുറിപ്പടിയും ലഭിച്ചിട്ടുണ്ട്. മരിച്ചവര്‍ മൂന്നു പേരും മുക്കം സ്വദേശികളാണെന്നാണ് സംശയിക്കുന്നത്. മൂവരുടെയും മൃതദേഹം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.