ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും: മുഖ്യമന്ത്രി പിണറായി വിജയൻ

0
107

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോളേജുകളും സർവകലാശാലകളും ഇതേ രീതിയിൽ മികവുറ്റതാക്കുമെന്നും അദ്ദേഹം പറഞ്ഞു. നവകേരളം -യുവകേരളം പരിപാടിയുടെ ഭാഗമായി എംജി സർവകലാശാലയിൽ ആമുഖപ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ കുട്ടികൾ പുറത്തുപോയി പഠിക്കുന്ന സാഹചര്യം നിലവിലുണ്ട്‌. ആവശ്യമായ കോഴ്‌സുകളും മതിയായ സൗകര്യങ്ങളും ഇവിടെയുണ്ടെങ്കിൽ അവർക്ക്‌ പഠിക്കാനാകും. വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിശീലനത്തിനും നടപടി സ്വീകരിച്ചിട്ടുണ്ട്‌.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പഠനമികവ്‌ പുലർത്തുന്ന ആയിരം ബിരുദാനന്തര വിദ്യാർഥികൾക്ക്‌ പ്രതിവർഷം ഒരുലക്ഷം രൂപ ഒറ്റത്തവണ സഹായമായി നൽകും. ശാസ്‌ത്രപഠനത്തിന്‌ പ്രതിമാസം ഒരുലക്ഷം രൂപ വരെയുള്ള പോസ്‌റ്റ് ‌ഡോക്ടറൽ ഫെലോഷിപ്പ്‌ നൽകും. ഇത്‌ പെട്ടെന്ന്‌ യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകടനപത്രികയിൽ പ്രഖ്യാപിച്ച കാര്യങ്ങളെല്ലാം നടപ്പാക്കുകയാണ്‌ സർക്കാർ ലക്ഷ്യം‌. എന്തെല്ലാം പൂർത്തിയാക്കിയെന്നത്‌ ജനങ്ങളെ അറിയിക്കാൻ പ്രോഗ്രസ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സാമൂഹ്യനീതിയിലധിഷ്‌ഠിതമായ സർവതലസ്‌പർശിയായ വികസനമാണ്‌ സർക്കാർ ആവിഷ്‌കരിച്ചത്‌.

കുട്ടികളുടെ കൊഴിഞ്ഞുപോക്കും മോശപ്പെട്ട പഠനാന്തരീക്ഷവും കാലപ്പഴക്കമുള്ള കെട്ടിടങ്ങളുമെല്ലാം പൊതുവിദ്യാലയങ്ങളെ ബാധിച്ചിരുന്നു. ഇത്‌ പരിഹരിക്കാനാണ്‌ പൊതുവിദ്യാഭ്യാസ സംരക്ഷയണ യജ്ഞം പ്രഖ്യാപിച്ചത്‌. 6,80,000 കുട്ടികൾ‌ പൊതുവിദ്യാലയങ്ങളിൽ പുതുതായി ചേർന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.