Nerariyan Breaking…ബാലതരംഗത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ് ഫണ്ട് മുക്കി. കണക്കുമില്ല ബില്ലുമില്ല

0
82
  • അനിരുദ്ധ്.പി.കെ

കെ.പി.സിസി നിര്‍വാഹക സമിതി അംഗമായ ശരത്ചന്ദ്രപ്രസാദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലതരംഗം എന്ന സംഘടയ്ക്ക് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മദിനാഘോഷത്തിനോടനുബന്ധിച്ച് ശലഭമേള എന്ന പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പരിപാടിക്ക് സംഘടന ചിലവാക്കിയ തുകയുടെ ബില്ലുകളും വൗച്ചറുകളും യുട്ടിലിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചിട്ടില്ല. സര്‍ക്കാര്‍ തലത്തില്‍ നിരവധി തവണ കത്തുകള്‍ അയച്ചിട്ടും ശരത്ചന്ദ്രപ്രസാദ് നേതൃത്വം നല്‍കുന്ന സംഘടന പ്രതികരിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് ഫണ്ട് മുക്കിയതായി സംശയം ഉയർന്നിരിക്കുന്നത്. സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയ തുകയ്ക്ക് കണക്കോ ചെലവാക്കിയ പണത്തിനു ബില്ലോ നൽകിയിട്ടില്ല. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും കണക്ക് സമര്‍പ്പിക്കാത്തത് ലഭിച്ച തുക തിരിമറി നടത്തിയതുകൊണ്ടാണെന്ന് ആരോപണം.

2015 നവംബര്‍ മാസം 13-ന് 544/2015/I&PR എന്ന ഉത്തരവിന്‍ പ്രകാരമാണ് ഒരു ലക്ഷം രൂപ സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ അനുവദിച്ചത്. ഇതേ സംഘടന സംഘടിപ്പിച്ച ദേശീയ ശലഭമേള 2015 എന്ന പരിപാടിക്ക് സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ നേരത്തെ ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഇത് പരിപാടി സംഘടിപ്പിച്ചതിനു ശേഷമാണ് അനുവദിച്ചത്. അതിനാല്‍ ബില്ലുകളും വൗച്ചറുകളും സമര്‍പ്പിച്ചതിനു ശേഷമാണ് തുക അനുവദിച്ചത്.

എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മദിനാഘോഷത്തിനോടനുബന്ധിച്ച് ശലഭമേള തുക അനുവദിച്ചത് പരിപാടിക്ക് മുമ്പാണ്. പല തവണ ഓര്‍മ്മക്കുറിപ്പ് നല്‍കിയിട്ടും ഇതുവരെ ബില്ലുകളും വൗച്ചറുകളും സമര്‍പ്പിച്ചിട്ടില്ല. പരിപാടി കഴിഞ്ഞ് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും കണക്കുകള്‍ സമര്‍പ്പിക്കാത്തത് അനുവദിച്ച തുക തിരിമറി നടത്തിയതുകൊണ്ടാണെന്നാണ് സംശയിക്കുന്നത്.