അദാലത്ത് വേദിയിൽ നിന്നിറങ്ങിയ സുരേന്ദ്രൻ — ബേബി ദമ്പതികളുടെ കണ്ണുകളിൽ ആനന്ദവും വാക്കുകളിൽ സർക്കാരിനോടുള്ള നന്ദിയും നിറഞ്ഞു. ശാരീരിക അവശതകളും രോഗങ്ങളും മൂലം ഏറെ വലഞ്ഞിരുന്ന ഇവർക്ക് ഇനി എന്നും സർക്കാരിന്റെ കൈത്താങ്ങുണ്ടാകും. പൊതുവിഭാഗത്തിൽപ്പെട്ട റേഷൻ കാർഡ് ഉടമകളായിരുന്ന ഇവരുടെ കുടുംബത്തിന് നെയ്യാറ്റിൻകരയിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിൽ സർക്കാർ ബി.പി.എൽ. കാർഡ് അനുവദിച്ചു. ഇതോടെ ഇവരുടെ ബുദ്ധിമുട്ടുകളും പരാധീനതകളും മറികടക്കാൻ സർക്കാരിന്റെ വിവിധ ആനുകൂല്യ പദ്ധതികളുടെ പ്രയോജനം ലഭിക്കും. കാലങ്ങളായി നടക്കാതിരുന്ന ആവശ്യം അദാലത്തിൽ മന്ത്രിമാരുടെ ഇടപെടലിലൂടെ അതിവേഗം സാധ്യമായ സന്തോഷത്തിലാണ് ഈ ദമ്പതികൾ.
നെയ്യാറ്റിൻകര കുവളശേരി സ്വദേശികളാണ് സുരേന്ദ്രനും ബേബിയും. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സുരേന്ദ്രൻ കഴിഞ്ഞ 20 വർഷമായി പ്രമേഹരോഗിയാണ്. കാലിനു വൈകല്യമുണ്ട്. മഞ്ഞപ്പിത്ത ബാധയെത്തുടർന്നുള്ള ശാരീരിക അവശതകളുമുണ്ട്. ഇക്കാരണങ്ങളാൽ തൊഴിൽ ചെയ്യാനാകാത്ത അവസ്ഥയിലുമാണ്. വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഇവരുട റേഷൻ കാർഡ് എ.പി.എൽ. വിഭാഗത്തിൽപ്പെട്ടതായിരുന്നതിനാൽ സർക്കാരിൽനിന്നുള്ള വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു പ്രയാസമുണ്ടായിരുന്നു.
സുരേന്ദ്രൻ തന്റെ അവസ്ഥയും ആവശ്യവും കാണിച്ച് സാന്ത്വന സ്പർശം അദാലത്തിൽ അപേക്ഷ നൽകുകയായിരുന്നു. തുടർന്നാണ് സർക്കാരിന്റെ അതിവേഗ ഇടപെടലിലൂടെ ബി.പി.എൽ കാർഡ് നൽകാൻ തീരുമാനമായത്. പതിറ്റാണ്ടുകളായി അനുഭവിച്ചുവന്ന ബുദ്ധിമുട്ടിനും കഷ്ടപ്പാടിനും സർക്കാരിന്റെ ഈ ഇടപെടൽ ആശ്വാസം നൽകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം അദാലത്ത് വേദിയിൽനിന്നു മടങ്ങിയത്.