കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണന , റെയിൽവേ വകുപ്പ് മന്ത്രിയ്ക്ക് മന്ത്രി ജി സുധാകരൻ കത്തയച്ചു

0
118

കേന്ദ്ര ബജറ്റിൽ കേരളത്തിനെ അവഗണിച്ചത് പ്രതിഷേധാർഹമാണെന്നും കേരളത്തിന് അർഹമായ പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിയ്ക്ക് മന്ത്രി ജി സുധാകരൻ കത്തയച്ചു.

2021-22 ലെ കേന്ദ്ര ബജറ്റിൽ കേരളം ആവശ്യപ്പെട്ട സെമി ഹൈസ്‌പീഡ് റെയിൽ കോറിഡേർ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് അനുമതിയും വിഹിതവും അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്നും കത്തിൽ പറയുന്നു.

കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിയാണ് തിരുവനന്തപുരം þ കാസർഗോഡ് സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ. വിശദമായ പദ്ധതി റിപ്പോർട്ടും അലൈൻമെന്റും സംസ്ഥാന സർക്കാർ അംഗീകരിച്ച് കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതിയ്ക്കായി 2020 ൽ സമർപ്പിച്ചിട്ടുള്ളതാണ്.

നാഷണൽ റെയിൽ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും 2021þ22 പിങ്ക് ബുക്കിൽ ഉൾപ്പെടുത്തി അനുമതിയും വിഹിതവും അനുവദിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. 1500 കോടി രൂപ ചെലവ് വരുന്ന അമ്പലപ്പുഴ þ എറണാകുളം പാത ഇരട്ടിപ്പിക്കലിനും, ഗുരുവായൂർ þ തിരുനാവായ പാത ഇരട്ടിപ്പിക്കലിനും ആവശ്യമായ തുക അനുവദിച്ചിട്ടില്ല.

കേരളത്തിന്റെ റെയിൽ അടിസ്ഥാന വികസനത്തിന് ഏറെ പ്രയോജനപ്രദമാകുന്ന എറണാകുളം þ ഷൊർണൂർ മൂന്നാം പാതയ്ക്ക് തുക അനുവദിയ്ക്കാത്തത് സംസ്ഥാനത്തോടുള്ള അവഗണനയുടെ തെളിവാണ്. തിരുവനന്തപുരം þ കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ, നേമം കോച്ചിംഗ് ടെർമിനൽ, കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ വികസനം എന്നിവയ്ക്ക് യാതൊരു പരിഗണനയും നൽകുന്നതിന് കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.

ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന അങ്കമാലി þ ശബരി റെയിൽ പാതയുടെ നിർമ്മാണത്തിന്റെ 50% സംസ്ഥാന സർക്കാർ വഹിക്കാമെന്ന് അറിയിച്ചിട്ടും പദ്ധതി പുനഃരാവിഷ്കരിക്കുന്നതിനാവശ്യമായ വിഹിതം അനുവദിക്കാൻ കേന്ദ്ര സർക്കാർ മടി കാട്ടുകയാണ്.

പാലക്കാട് കോച്ച് ഫാക്ടറിയ്ക്ക് 1000/þ രൂപ മാത്രം അനുവദിച്ച് വികസനം തടസ്സപ്പെടുത്തുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ അടിസ്ഥാന റെയിൽ വികസനത്തിന് തുക അനുവദിക്കാത്ത നിഷേധാത്മകമായ ഈ സമീപനം പ്രതിഷേധാർഹമാണെന്നും അവഗണന അവസാനിപ്പിച്ച് കേരളത്തിന്റെ റെയിൽ വികസനത്തിനാവശ്യമായ വിഹിതം അനുവദിക്കണമെന്നും കേന്ദ്ര റെയിൽവേ മന്ത്രിയ്ക്കുള്ള കത്തിൽ മന്ത്രി ജി.സുധാകരൻ ആവശ്യപ്പെട്ടു.