ഉത്തരവാദിത്ത രക്ഷാകർതൃത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസലിംഗ് സൗകര്യം ഒരുക്കുന്നതിനുമായി സംസ്ഥാനത്ത് പാരൻറിംഗ് ക്ലിനിക്കുകൾക്ക് തുടക്കമായി.
വനിത ശിശുവികസന വകുപ്പിൻറെ നേതൃത്വത്തിൽ സ്ഥാപിച്ച പാരൻറിംഗ് ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു.
158 കേന്ദ്രങ്ങളിലാണ് പാരൻറിംഗ് ക്ലിനിക്കുകൾ പ്രവർത്തിക്കുക. കേരളത്തിലെ എല്ലാ ബ്ലോക്കുകളിലും കോർപറേഷനുകളിലും ഓരോ കേന്ദ്രങ്ങൾ ഉണ്ടാകും. നിലവിൽ ബ്ലോക്ക്, മുൻസിപ്പൽ കോർപറേഷൻ തലങ്ങളിൽ ഐസിഡിഎസിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂട്രിഷൻ ക്ലിനിക്കുകളുടെ പശ്ചാത്തല സൗകര്യം പ്രയോജനപ്പെടുത്തിയാണ് ഇവ പ്രവർത്തിക്കുക.
എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ക്ലിനിക്ക് പ്രവർത്തിക്കും. തുടർന്ന് ആവശ്യമെങ്കിൽ ദിവസങ്ങളുടെ എണ്ണവും സേവന സമയവും ദീർഘിപ്പിക്കും.