എല്ലാ കുഞ്ഞുങ്ങൾക്കും ഒരുപോലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നത് ഈ സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യം: മുഖ്യമന്ത്രി

0
35

സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ വിദ്യാർഥികൾക്ക്‌ നല്ല വിദ്യാഭ്യാസം മുടങ്ങുന്ന അന്തരീഷത്തിന്‌ സംസ്‌ഥാനത്ത്‌ മാറ്റംവന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തരനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ വിദ്യാർഥികൾക്കും ഉറപ്പുവരുത്തുന്നതിനാണ്‌ സർക്കാർ പരിശ്രമിച്ചതെന്നും 111 സ്‌കൂളുകളുടെ നവീകരിച്ച കെട്ടിടങ്ങൾ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ മുഖ്യമന്ത്രി പറഞ്ഞു.

പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ, സമൂഹത്തിലെ എല്ലാ വേലിക്കെട്ടുകൾക്കും അതീതമായി എല്ലാ കുഞ്ഞുങ്ങൾക്കും ഒരുപോലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നത് ഈ സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്‌ അടിസ്‌ഥാന വികസനവും സ്‌കൂളുകളിൽ ഒരുക്കുന്നത്‌. സർക്കാർ ആഗ്രഹിച്ച കാര്യം ശരിയായ രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥം സർക്കാരിനുണ്ട്‌. സ്‌കൂളുകളുടെ നവീകരണത്തിനാവശ്യമായ ധനസഹായം കിഫ്‌ബിയാണ്‌ നൽകിയത്‌. അതിന്‌ കിഫ്‌ബിയെ വിവാദങ്ങളിൽ പെടുത്തി ഇത്രയധികം കൃതഘ്‌നത കാണിക്കേണ്ട കാര്യമുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കഴിഞ്ഞ വർഷം വലിയ തോതിലുള്ള പ്രതിസന്ധിയുടെ കാലമായിരുന്നു. ആ മഹാമാരി നമ്മുടെ കൂടെപിറപ്പ്‌പോലെ കൂടെ നടക്കുകയാണ്‌. അതിന്‌ പുറമേ ഓഖിയും മഹാപ്രളയവും കാലവർഷകൊടുതിയും വല്ലാതെ പ്രതിസന്ധി സൃഷ്‌ടിച്ചു. ഇതിനൊക്കെ ഇടയിലും അഭിമാനിക്കാനാകുന്ന വിവിധ നേട്ടങ്ങൾ സംസ്‌ഥാനത്തിന്‌ നേടാനായി.

കോവിഡ്‌ കാലഘട്ടത്തിൽ വിദ്യാഭ്യാസം മുന്നോട്ട്‌ കൊണ്ട്‌പോകുമെന്നത്‌ ആശങ്കയായിരുന്നു.എന്നാൽ പലമേഖലയിലുമെന്നപോൽ വിദ്യാഭ്യാസമേഖലക്കും ഓൺലൈൻ വിദ്യാഭ്യാസമെന്ന തീരുമാനമെടുക്കാൻ കഴിഞ്ഞു. എത്രവേഗതയിലാണ്‌ ആ സൗകര്യം ഏർപ്പെടുത്താൻ കഴിഞ്ഞത്‌. നാടാകെ അതിനൊപ്പം വന്നു.സഹായിക്കാൻ കഴിയുന്നവരെല്ലാം സഹകരിച്ചു. സർക്കാർ അതിനൊപ്പം നിന്നു. കുട്ടികൾക്കെല്ലാം നല്ല രീതിയിയിൽ ഓൺലൈൻ വിദ്യാഭ്യാസം നേടാനായി. ഒരു പ്രതിസന്ധിഘട്ടത്തിൽ ഒരു തീരുമാനമെടുക്കാൻ നിർബന്ധിതരാവുമ്പോൾ അതിനെ എങ്ങനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനാകുമെന്നാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ കാണിച്ചു തന്നത്‌.

കോവിഡ്‌കാലം കഴിഞ്ഞ്‌ സ്‌കൂളിലെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത്‌ . പുതിയ സംവിധാനങ്ങളാണ്‌. 111 സ്‌കൂളുകൾ എല്ലാ സജ്ജീകരണങ്ങളോടെയും നവീകരിച്ചു. ഇതിന്‌ ഫലപ്രദമായി സഹായിച്ചത്‌ കിഫ്‌ബിയാണ്‌. ഇന്ന്‌ കിഫ്‌ബിയെ ഏതൊരാൾക്കും അറിയാം. അത്‌ വികസനത്തിന്‌ സഹായിച്ചു എന്നതിനാൽ മാത്രമല്ല. അതിന്‌ നേരെയുയർത്തിയ വിവാദങ്ങളുടെ കൂടി പേരിലാണ്‌. അനാവശ്യമായ ഒട്ടേറെ വിവാദങ്ങൾ കിഫ്‌ബിക്കെതിരെ ഉയർത്തുകയാണ്‌. ഇത്രമാത്രം കൃതഘ്‌നത അവർക്കു നേരെ പാടുണ്ടോ. വികസനത്തിന്‌ സഹായിക്കുന്ന ഒരു നല്ല ഏജൻസിയെ അപകീർത്തിപ്പെടുത്താൻ പാടുണ്ടോ.

എല്ലാ വികസനത്തിനും ആവശ്യമായ പണം ബജറ്റിൽ കൊടുക്കാൻ കഴിയുന്നതിന്‌ പരിധിയുണ്ട്‌.അവിടെയാണ്‌ കിഫ്‌ബിയുടെ പ്രസക്‌തി. 50000 കോടിയുടെ വികസനമെന്ന്‌ കരുതിയത്‌ 62000 കോടിയുടെ പരിപാടികൾ തയ്യാറാക്കിയാണ്‌ നിൽക്കുന്നത്‌. ഇതാണ്‌ നാട്‌ കാണുന്നത്‌.

രാഷ്‌ട്രീയമോ മതമോ ജാതിയോ വർഗമോ എത്‌ തരത്തിൽപെടുന്നവരായാലും എല്ലാവരും നമുടെ നാടിന്റെ ഭാഗമാണ്‌ അവർക്കെല്ലാവർക്കും വികസനത്തിന്റെ സ്വാദ്‌ അനുഭവിക്കനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.