ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഇന്റഗ്രേറ്റഡ് സോളാർ പാനൽ റൂഫിങ് സംവിധാനം

0
86

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ വൈദ്യുതി ആവശ്യങ്ങൾക്കായി ഇന്റഗ്രേറ്റഡ് സോളാർ പാനൽ റൂഫിങ് സംവിധാനം സ്ഥാപിക്കും. ഇതിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു.

ഏറ്റവും കുറച്ച് അറ്റകുറ്റപ്പണി നടത്തി ദീർഘനാൾ ഊർജം ലഭ്യമാക്കാൻ കഴിയുന്ന സംവിധാനമാണ് സ്ഥാപിക്കുകയെന്നു മുഖ്യമന്ത്രി പറഞ്ഞു. 7.4 കോടി രൂപയാണ് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. 25 വർഷം തുടർച്ചയായി വൈദ്യുതി ലഭ്യമാക്കാൻ ഈ സംവിധാനത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് സിറ്റിയിലെ കുന്നമംഗലം പോലീസ് സ്റ്റേഷനുവേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന സ്റ്റേറ്റ് ഫോറൻസിക് ലബോറട്ടറി, കേരളാ പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എന്നിവയുടെ ആസ്ഥാന മന്ദിരങ്ങൾക്കും വി.ആർ.കൃഷ്ണയ്യർ സ്റ്റേറ്റ് പോലീസ് മ്യൂസിയത്തിനും സെൻട്രൽ പോലീസ് ക്യാന്റീൻ മന്ദിരത്തിനും മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തി.

ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലെയും ടൂറിസം പോലീസിലെയും ഉദ്യോഗസ്ഥർക്കായി ഫോർട്ട് കൊച്ചിയിൽ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രത്തിന്റെയും ശിലാസ്ഥാപനം അദ്ദേഹം നിർവഹിച്ചു. കോഴിക്കോട് റൂറലിലെ മുക്കം പോലീസ് സ്റ്റേഷന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവ്വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ജനപ്രതിനിധികൾ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ ഓൺലൈനായി സംബന്ധിച്ചു.