കോർപറേറ്റ് അനുകൂല നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘടനകൾ നടത്തുന്ന രാജ്യ വ്യാപക വഴിതടയൽ ഇന്ന്

0
63

മോഡി സർക്കാരിന്റെ കോർപറേറ്റ്‌‌ അനുകൂല കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ കർഷകസംഘടനകൾ ശനിയാഴ്‌ച പകൽ 11 മുതൽ മൂന്നു‌വരെ രാജ്യവ്യാപകമായി വഴിതടയും. റിപ്പബ്ലിക്‌ ദിനത്തിലെ കിസാൻ പരേഡിനു‌ശേഷം കർഷകസംഘടനകൾ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പ്രതിഷേധ പരിപാടിയാണിത്‌.

ദേശീയപാതകളും സംസ്ഥാന പാതകളും പഞ്ചായത്ത്‌ റോഡുകളും ഉപരോധിക്കുമെന്ന്‌ കർഷകസംഘടനകൾ അറിയിച്ചു. വഴിതടയൽ വിജയിപ്പിക്കാൻ ഡൽഹി അതിർത്തികളിൽ സമരത്തിലുള്ള കർഷകരിൽ നല്ലൊരു പങ്കും ഗ്രാമങ്ങളിലേക്ക്‌ മടങ്ങി.

ഡൽഹിയിലേ‌ക്കുള്ള ദേശീയപാതകൾ കർഷകർ ഉപരോധിക്കുന്നതിനാൽ തലസ്ഥാന നഗരത്തിനുള്ളിൽ വഴിതടയലുണ്ടാകില്ല. ആംബുലൻസ്‌, സ്‌കൂൾ ബസ്‌ തുടങ്ങി അവശ്യസർവീസുകൾ അനുവദിക്കും. വഴിതടയൽ കാരണം‌ വാഹനങ്ങൾ നിർത്തേണ്ടി വരുന്നവർക്ക്‌ കർഷകർ വെള്ളവും ഭക്ഷണവും നൽകും. മൂന്നുമണിക്ക്‌ ഉപരോധം അവസാനിക്കും–- സംയുക്ത കിസാൻ മോർച്ച അറിയിച്ചു. വിച്ഛേദിച്ച ഇന്റർനെറ്റ്‌ അടിയന്തരമായി പുനഃസ്ഥാപിക്കണം.

കർണാടക, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിൽ നൂറിലേറെ കേന്ദ്രങ്ങളിൽ വഴിതടയും. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര, ബിഹാർ എന്നിവിടങ്ങളിൽ ജില്ലാ–- താലൂക്ക്‌ കേന്ദ്രങ്ങളിൽ വഴിതടയും. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്‌, ബംഗാൾ എന്നിവിടങ്ങളിൽ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച്‌ സമരമുണ്ടാകും. അസം ഉൾപ്പെടെ വടക്കുകിഴക്കൻ മേഖലയിലും ദേശീയ–- സംസ്ഥാന പാതകൾ ഉപരോധിക്കും. ഗുജറാത്ത്‌, മധ്യപ്രദേശ്‌, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും നിരവധി കേന്ദ്രങ്ങളിൽ കർഷകർ റോഡ്‌ ഉപരോധിക്കും. യുപി, ഉത്തരാഖണ്ഡ്‌‌‌ എന്നിവിടങ്ങളിൽ പ്രകടനം നടത്തും.

കേരളത്തിൽ പ്രതിഷേധ കൂട്ടായ്‌മ
വഴിതടയൽ സമരത്തിന്റെ ഭാഗമായി കേരളത്തിൽ‌ ശനിയാഴ്‌ച പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ കർഷകർ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും. പകൽ 11 ന്‌ മുഴുവൻ പഞ്ചായത്തുകളിലെയും കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലാണ്‌ പ്രതിഷേധ കൂട്ടായ്മ.

പിന്തുണയ്‌ക്കുന്നവർക്കും ഭീഷണി
കർഷകസമരത്തിൽ പങ്കെടുക്കുന്നവർക്കും സമരത്തെ പിന്തുണയ്‌ക്കുന്നവർക്കും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കടുത്ത ഭീഷണി. സാമൂഹ്യമാധ്യമങ്ങളിലൂടെ ‘ദേശവിരുദ്ധ’ പരാമർശങ്ങൾ നടത്തുന്നവരുടെ പാസ്‌പോർട്ട്‌ കണ്ടുകെട്ടുമെന്നും ആയുധ ലൈസൻസ്‌ റദ്ദാക്കുമെന്നും ഉത്തരാഖണ്ഡ്‌ സർക്കാർ അറിയിച്ചു. പ്രതിഷേധം, ഉപരോധം തുടങ്ങിയ സമരങ്ങളിൽ ഏർപ്പെടുന്നവർക്ക്‌ ബാങ്ക്‌ വായ്‌പ, സർക്കാർ ജോലി, പാസ്‌പോർട്ട്‌, സർക്കാർ കരാറുകൾ, ആയുധ ലൈസൻസ്‌ തുടങ്ങി പൊലീസ്‌ വെരിഫിക്കേഷൻ ആവശ്യമായവ നിഷേധിക്കുമെന്ന്‌ ബിഹാർ ഡിജിപി അറിയിച്ചു.

അതേസമയം, അധികൃതരുടെ വിലക്ക്‌ ലംഘിച്ച്‌ യുപിയിലെ ഷാംലിയിൽ പതിനായിരക്കണക്കിനാളുകൾ പങ്കെടുത്ത്‌ മഹാപഞ്ചായത്ത്‌ ചേർന്നു. മുസഫർനഗർ, ബാഗ്‌പത്‌, ബുലന്ദ്‌ഷഹർ, ജിന്ദ്‌‌ തുടങ്ങിയ സ്ഥലങ്ങളിലും കർഷകർക്ക്‌ പിന്തുണയുമായി മഹാപഞ്ചായത്ത്‌ ചേർന്നിരുന്നു.

കാർഷിക നിയമങ്ങൾ മരവിപ്പിക്കാമെന്ന വാഗ്‌ദാനം സർക്കാർ നൽകിയത്‌ നിയമങ്ങളിൽ എന്തെങ്കിലും പിഴവുള്ളത്‌ കൊണ്ടല്ലെന്ന്‌ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ രാജ്യസഭയിൽ പറഞ്ഞു. മൂന്ന്‌ നിയമത്തിലും ഒരു പിഴവ്‌ പോലും ചൂണ്ടിക്കാട്ടാൻ കർഷകസംഘടനകൾക്കായില്ല. കർഷകർക്ക്‌ ഗുണം ചെയ്യുന്നതാണ്‌ നിയമങ്ങൾ. ഒരു സംസ്ഥാനത്ത്‌ മാത്രമാണ്‌ എതിർപ്പുള്ളത്‌–- തോമർ പറഞ്ഞു.