സുധാകരന് മുമ്പില്‍ മുട്ടിടിച്ച് ചെന്നിത്തലയും ഷാനിമോളും, കോൺഗ്രസിൽ ഗുണ്ടാ രാജോ ?

0
86

-സി.ശിവദേവ്‌ 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതീയവും തൊഴിപരവുമായി വ്യക്തിപരമായ ആക്ഷേപിച്ചമുന്നയിച്ച കെ. സുധാകരന്‍റെ നിലപാടിന് പ്രതിപക്ഷ നേതാവും ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എയും കീഴടങ്ങിയിരിക്കുന്നു.

സുധാകരനെ ന്യായീകരിച്ച് കെ.സി. വേണുഗോപാലും രംഗത്തെത്തിയതോടെ മുഖ്യമന്ത്രിക്കെതിരെയുള്ള ആക്ഷേപ പരാമര്‍ശത്തെ ഹൈക്കമാന്‍റും പിന്തുണയ്ക്കുന്നു എന്നു വേണം കരുതാന്‍.

സുധാകരനെ തിരുത്താന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയ്യാറാകാത്തത് സംഘപരിവാര്‍ മനോനില ഉള്ളതുകൊണ്ടാണെന്നാണ് കരുതേണ്ടത്.

ആര്‍.എസ്.എസ് സ്വരത്തില്‍ സംസാരിക്കുന്ന സുധാകരന്‍ ഏതു നിമിഷവും ബിജെപി പാളയത്തില്‍ എത്തിച്ചേരുമെന്ന ഭയം കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. അത് ഒഴിവാക്കാന്‍ വേണ്ടിയാണ് പ്രതിപക്ഷ നേതാവടക്കമുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും കെ.സി. വേണുഗോപാലുമടക്കമുള്ള ഹൈക്കമാന്‍റ് പ്രതിനിധികളും സുധാകരന്‍റെ മുമ്പില്‍ കീഴടങ്ങുന്നത്.

സുധാകരന്‍റെ പരാമര്‍ശം ഒഴിവാക്കേണ്ടാതായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ച് ചെന്നിത്തല ഇന്ന് മലക്കംമറിഞ്ഞു. സുധാകരന്‍റേത് അലങ്കാരപ്രയോഗമെന്നാണ് ചെന്നിത്തലയുടെ ഇന്നത്തെ കണ്ടെത്തല്‍.

സുധാകരന്‍ ആരെയും ആക്ഷേപിക്കുന്ന ആളല്ല എന്ന കണ്ടെത്തലും പ്രതിപക്ഷ നേതാവ് നടത്തിയിട്ടുണ്ട്.

ഷാനിമോള്‍ ഉസ്മാന്‍ ഒരു പടി കൂടി കടന്ന് സുധാകരനോട് ക്ഷമ ചോദിച്ച് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടു.

ഇന്നലെ സുധാകരന്‍ വിവിധ ചാനലുകളിലെ രാത്രി ചര്‍ച്ചക്കിടയില്‍ ചെന്നിത്തലയ്ക്കും ഷാനിമോളിനുമെതിരെ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. ചെന്നിത്തല തന്നോട് അനീതി കാട്ടിയെന്നും ഷാനിമോള്‍ ഉസ്മാന്‍ ആരാണെന്നുമാണ് രോഷാകുലനായി സുധാകരന്‍ ആക്രോശിച്ചത്. ചാനല്‍ പ്രതികരണത്തില്‍ സുധാകരന്‍ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചതിനു തൊട്ടുപിന്നാലെയാണ് ചെന്നിത്തലയും ഷാനിമോളും നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞത്. പ്രതികരണശേഷി നഷ്ടപ്പെട്ട പാര്‍ട്ടിയും നേതാക്കളുമാണ് കോണ്‍ഗ്രസിലുള്ളതെന്ന് സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. സുധാകരനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. നേരത്തെ തന്നെ സുധാകരന്‍ ബിജെപിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കടക്കം ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ സുധാകരന്‍ ബിജെപി പാളയത്തിലേക്ക് ചേക്കേറുമോ എന്ന ഭയത്താലാണ് പറഞ്ഞതെല്ലാം പ്രതിപക്ഷ നേതാവ് വിഴുങ്ങിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

അതേ സമയം മുഖ്യമന്ത്രിയെ അധിക്ഷേപിച്ച പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനോ തിരുത്താനോ സുധാകരന്‍ ഇതുവരെയും തയ്യാറായിട്ടില്ല. ഒരു തൊഴില്‍ ചെയ്യുന്ന സമൂഹത്തിനെയാകെ ജാതീയമായും വംശീയമായും അപകീര്‍ത്തിപ്പെടുത്തിയ സുധാകരന്‍ മാപ്പു പറയണമെന്ന് കേരളസമൂഹമാകെ ആവശ്യപ്പെടുമ്പോഴും സുധാകരനെ സംരക്ഷിക്കുന്ന നിലപാടിലേക്ക് ചെന്നിത്തലയും കോണ്‍ഗ്രസ് നേതൃത്വവും എത്തിയത് സുധാകരന്‍റെ അതേ മനോനിലയാണ് പാര്‍ട്ടിനേതൃത്വത്തിനും പ്രതിപക്ഷ നേതാവിനും ഉള്ളതെന്നാണ് ഇതു വ്യക്തമാക്കുന്നത്.

നേരത്തെ പലതവണ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ ആക്ഷേപം ചൊരിഞ്ഞിട്ടുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷ നടത്താനുള്ള തീരുമാനത്തെ മുഖ്യമന്ത്രിക്ക് വട്ടാണ് എന്നായിരുന്നു സുധാകരന്‍റെ അന്നത്തെ ആക്ഷേപം. അതുപോലെ ഭിന്നലിംഗക്കാരെ അടക്കം ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍ നടത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ വായില്‍ തോന്നുന്നത് വിളിച്ചുപറയുന്ന സുധാകരനെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെത് എന്നത് ലജ്ജാകരമാണ്.

കെ.പി.സി.സി. പ്രസിഡന്‍റ് ആകാന്‍ മോഹിക്കുന്ന സുധാകരന്‍ ആ പദവിയിലെത്തിയാല്‍ പകരം വീട്ടുമെന്ന ഭയമാണ് ചെന്നിത്തലയേയും ഷാനിമോളേയും പറഞ്ഞതില്‍ നിന്ന് മാറ്റിപ്പറയാന്‍ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു.

ഗുണ്ടാരാഷ്ട്രീയം പിന്തുടരുന്ന സുധാകരന്‍റെ ചെയ്തികളെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാക്കളും ഭയപ്പെടുന്നു എന്നു വേണം കരുതാന്‍.

സുധാകരന്‍റെ മുമ്പില്‍ മുട്ടിടിക്കുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍