ടെക്നോസിറ്റി വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്കുള്ള സുപ്രധാന നാഴികക്കല്ല്: മുഖ്യമന്ത്രി

0
100

കേരളത്തിന്റെ വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്കുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ടെക്നോസിറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പള്ളിപ്പുറം ടെക്നോസിറ്റിയിലെ കബനി ഐ.ടി സമുച്ചയത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമാണ് ടെക്നോസിറ്റിയിലെ പുതിയ കെട്ടിട സമുച്ചയത്തിനുള്ളത്. ഇതോടെ ഈ സർക്കാരിന്റെ കാലയളവിൽ ഒരുകോടി ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിട സൗകര്യങ്ങളാണ് കേരളത്തിലെ ഐടി പാർക്കുകളിൽ ഒരുങ്ങിക്കഴിഞ്ഞത്.

വലിയ വെല്ലുവിളികൾ നിറഞ്ഞ ഒരു കാലത്താണ് നൂതന സാങ്കേതികവിദ്യാ അധിഷ്ഠിതമായ പുതിയ ബിസിനസ് സംരംഭങ്ങൾക്കായി വിശാലമായ ടെക്നോസിറ്റി കാമ്പസ് തുറക്കപ്പെടുന്നത്. കേരളത്തിന്റെ ഐടി വികസനത്തിനു ഈ പദ്ധതി മുതൽക്കൂട്ടാകുമെന്നത് സുനിശ്ചിതമാണ്.

ഐ.ടി, ഐ.ടി എനേബിൾഡ് ബിസിനസ് സംരംഭങ്ങൾക്ക് പുതിയ ഉണർവും കരുത്തും പകരാൻ നമുക്കായി. വാടകയിനത്തിലും വൈദ്യുതി നിരക്കിലുമൊക്കെ വലിയ ഇളവുകളാണ് ഐ.ടി പാർക്കുകളിൽ സർക്കാർ നൽകിയത്.

മഹാമാരി കാലത്ത് സർക്കാരിന്റെ ഈ പിന്തുണ ഐ.ടി പാർക്കുകളിലെ സ്ഥാപനങ്ങൾക്ക് കരുത്തായി. നൂതന സാങ്കേതികവിദ്യാധിഷ്ഠിതമായ പുതിയ ബിസിനസ് സംരംഭങ്ങൾക്കായി വിശാലമായ ടെക്നോസിറ്റി കാമ്പസ് തുറക്കുന്നത് ഈ വെല്ലുവിളി നിറഞ്ഞ കാലത്താണ്.

ഐ.ടി മേഖലയുടെ വളർച്ച ത്വരിതപ്പെടുത്താൻ കൂടുതൽ നടപടി സ്വീകരിക്കും. അതിനാവശ്യമായ വിഹിതവും ഉറപ്പാക്കും. ഉയർന്ന മാനവവിഭവശേഷി, മികച്ച ഇൻറർനെറ്റ് കണക്ടിവിറ്റി, തടസ്സമില്ലാത്ത വൈദ്യുതി, ജല ലഭ്യത ഇതെല്ലാം ഒന്നിച്ചുവരുമ്പോൾ നമ്മുടെ ഐ.ടി പാർക്കുകൾ അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധിക്കപ്പെടും.

ടെക്നോസിറ്റിയിൽ സജ്ജമാക്കിയ സൗകര്യങ്ങൾ ദീർഘവീക്ഷണത്തോടെയും നയങ്ങളുടെയും അതിനനുസരിച്ച് സൂക്ഷ്മമായി ആവിഷ്‌കരിച്ച പദ്ധതികളുടെയും ഫലമാണ്. ഇതുവഴി ഐ.ടി മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായകമാകും.

തൊഴിലവസരങ്ങൾ ആയിരക്കണക്കിന് ആളുകൾക്കാണ് ലഭിക്കുന്നത്. 15000 പേർക്ക് തൊഴിൽ നൽകുന്ന കരാറാണ് കഴിഞ്ഞദിവസം ടാറ്റാ കൺസൾട്ടൻസിയുമായി ഒപ്പിട്ടത്. ഇതിനുപുറമേ, ഇതിനനുസരിച്ചുള്ള വികസനം ആ പ്രദേശങ്ങളിലുമുണ്ടാകും.

നമ്മുടെ ചെറുപ്പക്കാർക്ക് കൂടുതൽ നൈപുണ്യ വികസനത്തിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്.ഐ.ടി അടിസ്ഥാനവികസന സൗകര്യങ്ങൾ നാടിന്റെ സ്വപ്നങ്ങൾക്കനുസൃതമായി വികസിക്കുക എന്നതാണ് പ്രധാനം. നൂതന സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ നാലാം വ്യാവസായിക വിപ്ലവത്തിന്റെ പടിക്കലാണ് നാം. അതിന്റെ പ്രയോജനം കേരളത്തിനും ലഭിക്കാനുതകുന്ന സൗകര്യങ്ങളാണ് ടെക്നോസിറ്റിയിൽ ഒരുക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടെക്നോപാർക്കിൽ നിലവിലുള്ള 100 ലക്ഷം ചതുരശ്ര അടി ഐ.ടി സമുച്ചയങ്ങൾക്ക് പുറമേയാണ് ടെക്നോസിറ്റി കാമ്പസിൽ കബനിയെന്ന പുതിയ മന്ദിരം ഒരുങ്ങിയത്. പ്ലഗ് ആൻറ് പ്ലേ സൗകര്യങ്ങളും ഐ.ടി/ഐ.ടി.ഇ.എസ് കമ്പനികൾക്കുള്ള വാം ഷെല്ലും പുതിയ മന്ദിരത്തിലുണ്ട്.

ചടങ്ങിൽ സി. ദിവാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ്‌കുമാർ, ബ്ളാക്ക് പഞ്ചായത്ത് പ്രസിഡൻറ് ഹരിപ്രസാദ്, പഞ്ചായത്ത് പ്രസിഡൻറ് എസ്. ഹരികുമാർ, ഐ.ടി അഡീ. സെക്രട്ടറി കെ. മുഹമ്മദ് വൈ. സഫീറുള്ള, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.