മുഖ്യമന്ത്രിക്കെതിരെയുള്ള ജാതി അധിക്ഷേപം , സുധാകരനെ ന്യായീകരിച്ച്‌ ചെന്നിത്തല

0
98

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരൻ നടത്തിയ ജാതി അധിക്ഷേപത്തിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരേയും സുധാകരൻ ആക്ഷേപിച്ചിട്ടില്ലെന്നും സുധാകരനെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നും കോൺഗ്രസ് പാർട്ടിയുടെ അസറ്റാണ് സുധാകരൻ – ചെന്നിത്തല വാർത്താ ലേഖകരോട് പറഞ്ഞു.

ഇന്നലെ താൻ പറഞ്ഞത് പൊതുപ്രസ്‌താവന.സുധാകരനുമായി സംസാരിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.ഇന്നലെ രാവിലെ വാർതാസമ്മേളനത്തിൽ സുധാകരന്റെ പരാമർശം ഒഴിവാക്കേണ്ടതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. സുധാകരന്റെ എതിർപ്പ് മൂലം ഇരുപത്തി നാല് മണിക്കൂറിനകം ചെന്നിത്തല മലക്കംമറിഞ്ഞിരിക്കയാണ്.

രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യകേരള യാത്ര’യുടെ തലശേരിയിലെ സ്വീകരണത്തിലാണ് സുധാകരൻ ജാതിഅധിക്ഷേപം നടത്തിയത്. ‘പിണറായി വിജയൻ ആരാ, കുടുംബമെന്താ, ചെത്തുകാരന്റെ കുടുംബം’ എന്ന് പറഞ്ഞാണ് പ്രസംഗത്തിനിടെ കെ സുധാകരൻ മുഖ്യമന്ത്രിക്കുനേരെ തിരിഞ്ഞത്. ‘ചെത്തുകാരന്റെ കുടുംബത്തിൽനിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി.

ചെത്തുകാരന്റെ വീട്ടിൽ നിന്നുയർന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ. നിങ്ങൾക്ക് അഭിമാനമാണോ അത്. എവിടെനിന്നു വന്നു. എങ്ങനെ ഈ നിലയിലെത്തി. അധികാര ദുർവിനിയോഗം നടത്താതെയാണോ’ എന്നിങ്ങനെ സുധാകരൻ അതിരുവിട്ട് അധിക്ഷേപിച്ചപ്പോൾ കോൺഗ്രസുകാർ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രി ഇ പി ജയരാജന്റെയും കുടുംബത്തെ ആക്ഷേപിക്കുന്ന പരാമർശവും സുധാകരൻ നടത്തി. മുൻപും ജാതിഅധിക്ഷേപവും സ്ത്രീവിരുദ്ധവുമായ പ്രസ്താവനകൾ സുധാകരൻ നടത്തിയിട്ടുണ്ട്.