ഇന്ത്യൻ ചരിത്രത്തിൽനിന്ന്‌ ഗാന്ധിജിയെ ഒഴിവാക്കാൻ ശ്രമം,ഗോഡ്സെയെ ആരാധിക്കാനും ശ്രമിക്കുന്നു: ‌ മുഖ്യമന്ത്രി

0
59

മഹാത്മാഗാന്ധിയെ ഇന്ത്യൻ ചരിത്രത്തിൽനിന്ന്‌ ഒഴിവാക്കാൻ ശ്രമിക്കുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിജിയെ മാറ്റി ഗോഡ്സെയെ ആരാധിക്കാനും ശ്രമിക്കുന്നുവെന്നും ഗാന്ധിജിയുടെ ചിത്രത്തിനുനേരെ അധികാരമുള്ളവർ തന്നെ നിറയൊഴിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് ശബരി ആശ്രമത്തിലെ ഗാന്ധി സ്‌മൃതിമന്ദിര സമുച്ചയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗോഡ്സേക്ക്‌ ക്ഷേത്രം പണിയുന്നു. ഗാന്ധിജി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചവരുടെ ഓർമദിവസമാണ്‌ ജനുവരി 30 എന്ന്‌ കാണിച്ച്‌ കഴിഞ്ഞ ദിവസം കേന്ദ്രം സർക്കുലർ ഇറങ്ങി. ഗാന്ധിജിയിൽനിന്ന് ജനുവരി 30നെ അടർത്തിമാറ്റുന്നത് ചരിത്രത്തോടുള്ള ക്രൂരതയാണ്.

ഈ വിധം രാഷ്ട്രപിതാവിനെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും തമസ്‌കരിക്കാനുമുള്ള ശ്രമങ്ങൾക്ക്‌ കേരളത്തിൽ ഇടമുണ്ടാകില്ല. ഗാന്ധിജി കസ്‌തുർബ ഗാന്ധിക്കൊപ്പം സന്ദർശിച്ച ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് ശബരി ആശ്രമം. 1934 ജനുവരി 10ന് ഗാന്ധിജി ഇവിടേക്ക്‌ നടത്തിയ മൂന്നാമത് സന്ദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. അയിത്തമെന്ന ദുരാചാരത്തിനെതിരെ നിലകൊണ്ടതിന് അന്ന് ഗാന്ധിജിക്കെതിരെ സവർണമേധാവികൾ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി പ്രകടനം നടത്താൻ തീരുമാനിച്ചു.

പ്രദേശം മുഴുവൻ കരിങ്കൊടി കെട്ടി. പ്രതിഷേധം വകവയ്‌ക്കാതെ ഏതാനും യോഗങ്ങളിൽ ഗാന്ധിജി പ്രസംഗിച്ചു. മലബാറിൽ നിലനിന്ന അയിത്തത്തെക്കുറിച്ചാണ് എല്ലായിടത്തും അദ്ദേഹം സംസാരിച്ചത്.റോഡിലൂടെ സഞ്ചരിക്കാനോ മറ്റൊരാളുടെ മുന്നിൽ വരാനോ അവകാശമില്ലാത്ത ചില വിഭാഗങ്ങളെ കണ്ട കാര്യവും അവരോട് സമൂഹം കാട്ടുന്ന ക്രൂരതയും ഗാന്ധിജി യോഗങ്ങളിൽ വിവരിച്ചു. രാജ്യം കണ്ട മഹാമനുഷ്യനെയാണ് ആചാരലംഘനത്തിന്റെ പേരിൽ ഒരു വിഭാഗം തടയാൻ ശ്രമിച്ചത്.

ആചാരലംഘനത്തിനെതിരെ നിലകൊള്ളുന്നവർക്കെതിരേയുള്ള പ്രതിഷേധങ്ങളും ആക്ഷേപം ചൊരിയലും പണ്ടുമുതലേ ഉണ്ട്. അവിടെനിന്ന്‌ കേരളം ഒരുപാട്‌ മുന്നോട്ടുപോയി. എങ്കിലും ഇത്തരം മനോനില പുലർത്തുന്നവർ ഇല്ലാതായിട്ടില്ലെന്നും അവരുടെ എതിർപ്പുകളെ കൂസാതെ സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രി എ കെ ബാലൻ അധ്യക്ഷനായി.