Nerariyan Breaking…പിൻവാതിൽ നിയമനം നടത്തിയത് യു ഡി എഫ് സർക്കാർ, റാങ്ക് ലിസ്റ്റ് പിൻവലിച്ചും താത്കാലിക നിയമനം,തെളിവുകൾ പുറത്ത്

0
117

– അനിരുദ്ധ്.പി.കെ

പിൻവാതിൽ നിയമനം എന്ന പുകമറ സൃഷ്ടിച്ച് സർക്കാരിനെ വെട്ടിലാക്കാൻ നോക്കുന്ന യു ഡി എഫിന്റെ ഇരട്ടത്താപ്പ് പുറത്ത്. യു ഡി എഫ് സർക്കാരിന്റെ കാലത്ത് പിൻവാതിൽ നിയമനം നടത്തിയതായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 2015 നവംബര്‍ 30 ന് നിയമസഭയില്‍ നല്‍കിയ മറുപടി വ്യക്തമാക്കുന്നു. കേരള ഹൗസിൽ നടന്ന നിയമനം സംബന്ധിച്ചായിരുന്നു ചോദ്യം. അതിന്റെ മറുപടി ഇങ്ങനെ.

“ന്യൂഡല്‍ഹി കേരള ഹൗസില്‍ മൂന്നുവര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയ 40 പേരെ സ്ഥിരപ്പെടുത്തിയതായി അറിയിച്ചിട്ടുണ്ട്”. അതായത് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് എന്ന് ചുരുക്കം.

ഇപ്പോഴാകട്ടെ, മെരിറ്റ്-സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എഴുത്തുപരീക്ഷയിലൂടെയും ഇന്റര്‍വ്യൂവിലൂടെയും ഈ മേഖലയില്‍ പരിചയമുള്ള സ്ഥാപനമായ എല്‍.ബി.എസിനെ ഏല്‍പ്പിച്ചാണ് ഈ പ്രക്രിയ സുതാര്യമായി നടത്തുന്നത്. ഇതാണോ പിന്‍വാതില്‍ നിയമനം, അതോ യു.ഡി.എഫ് നടത്തിയതാണോ പിന്‍വാതില്‍ നിയമനം?

07.12.2015 ലെ നിയമസഭാ ചോദ്യത്തിന് – (ചോദ്യം നം. 1849) അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നല്‍കിയ മറുപടി പിന്‍വാതില്‍ നിയമനത്തിന് മറ്റൊരു പ്രകടമായ ഉദാഹരണമാണ്. എന്തായിരുന്നു ആ മറുപടി?

പൊതുഭരണ സെക്രട്ടറിയേറ്റില്‍ അനേകം വര്‍ഷമായി താത്ക്കാലികമായി ജോലി ചെയ്തുവന്ന സെക്യൂരിറ്റി ഗാര്‍ഡുകള്‍ തങ്ങളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.ആ അപേക്ഷ പരിഗണിച്ച സർക്കാർ ഇങ്ങനെ തീരുമാനിച്ചു. അതുമായി ബന്ധപ്പെട്ട അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മറുപടി ഇങ്ങനെ

‘പൊതുഭരണ സെക്രട്ടേറിയറ്റില്‍ അനേക വര്‍ഷമായി സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയില്‍ താല്‍ക്കാലികമായി സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന 27 സെക്യൂരിറ്റി ഗാര്‍ഡുമാര്‍ തങ്ങളെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് നിരന്തരം അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. ആയതിന്റെ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉത്തരവായപ്പോഴെക്കും പി.എസ്.സി. സെക്യൂരിറ്റി ഗാര്‍ഡ് റാങ്ക് ലിസ്റ്റ് നിലവില്‍ വരികയും ചെയ്തു. പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും അഡൈ്വസ് ചെയ്ത ഒഴിവുകളില്‍ 27 എണ്ണം തിരികെ വിളിപ്പിച്ച് ആയതിലേക്ക് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയാണുണ്ടായത്.’

എന്ത് പരിഗണനയാണ് ഭരണഘടാന സ്ഥാപനമായ പി.എസ്.സി. വഴി നടത്തിയ പരീക്ഷയെ തുടര്‍ന്നുള്ള റാങ്ക്ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു.ഡി.എഫ്. സര്‍ക്കാര്‍ നല്‍കിയത് എന്ന് ഇതിൽ നിന്നും മനസിലാക്കാം. ഇനി മറ്റു ചില വകുപ്പുകളിൽ കൂടി യു ഡി എഫ് നടത്തിയ ചില നിയമനങ്ങളുടെ കണക്കുകൾ കൂടി പരിശോധിക്കാം.
– ജലസേചന വകുപ്പിൽ : 290
– മത്സ്യഫെഡിൽ : 113
– വന്യജീവി വകുപ്പ് : 99
– സെക്രെട്ടറിയേറ്റ് സെക്യൂരിറ്റി വിഭാഗത്തിൽ : 27
– കേരള ഹൗസിൽ : 40
യു ഡി എഫ് സർക്കാരിന്റെ കാലത്ത് ചില വകുപ്പുകളിൽ മാത്രം നടന്ന താത്കാലിക നിയമനങ്ങളുടെ ലിസ്റ്റാണ് ഇത്. മറ്റു വകുപ്പുകളിൽ കൂടി കണക്കെടുത്താൽ ഇപ്പോൾ കോവിഡിനെ പോലും വക വെക്കാതെ തെരുവിൽ പേക്കൂത്ത് നടത്തുന്ന പ്രതിപക്ഷത്തിന് തലയിൽ മുണ്ടിട്ടു ഓടേണ്ടി വരും.ഇനി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങളുടെ പട്ടിക നോക്കാം.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലു വര്‍ഷക്കാലത്ത് സര്‍ക്കാര്‍മേഖലയില്‍ 51,707 പേര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കിയിട്ടുണ്ട്. യുഡിഎഫിന്റെ അഞ്ച് വര്‍ഷക്കാലയളവില്‍ 45436 പേര്‍ക്കാണ് താല്‍ക്കാലിക നിയമനം ലഭിച്ചത്. ഇത് സംസാരിക്കുന്ന കണക്കുകള്‍ ആണ്. പിന്‍വാതില്‍ നിയമനമാണ് നടക്കുന്നതെങ്കില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഇത്രയും നിയമനം നടക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ.

വസ്തുതകൾ നില നിൽക്കെ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ചില മാധ്യമങ്ങളുടെ കൂട്ട് പിടിച്ച് പ്രതിപക്ഷവും കോൺഗ്രസ്സും നടത്തുന്ന മറ്റൊരു രാഷ്ട്രീയ നാടകം കൂടി പൊളിയുകയാണ്. റാങ്ക് ലിസ്റ്റ് നീട്ടിയും, സർക്കാർ ഇതര മേഖലകളിൽ പുതിയ തൊഴിലവസരം സൃഷ്ടിച്ചും മുന്നേറുകയാണ് സർക്കാർ