മോദി സര്‍ക്കാരിന് തിരിച്ചടിയായി ആഗോള ജനാധിപത്യ റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക്. യുഎസ്എ, ബ്രസീല്‍, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളെല്ലാം ഉള്‍പ്പെട്ട കുറഞ്ഞ ജനാധിപത്യ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം.
അധികാരികളുടെ ജനാധിപത്യ വിരുദ്ധ പെരുമാറ്റവും പൗരസ്വാതന്ത്ര്യത്തിനെതിരായ അടിച്ചമര്‍ത്തലുകളുമാണ് റാങ്കിംഗില്‍ ഇന്ത്യ പിന്നോട്ട് പോകാന്‍ കാരണമായതായി സൂചിക തയാറാക്കിയ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് വ്യക്തമാക്കുന്നു.
മുന്‍ വര്‍ഷം 51 ആയിരുന്നു ഇന്ത്യയുടെ റാങ്ക്. മുന്‍ വര്‍ഷത്തേതില്‍ നിന്ന് രണ്ട് സ്ഥാനം നഷ്ടപ്പെട്ട് 53ലെത്തി. 2019ല്‍ 6.9 ആയിരുന്നു ഇന്ത്യയുടെ സ്‌കോറെങ്കില്‍ 2020ല്‍ 6.61ലേക്ക് താഴ്ന്നു. 2014ല്‍ 7.92 ആയിരുന്നു ഇന്ത്യയുടെ സ്‌കോര്‍.
ശ്രീലങ്ക(68), ബംഗ്ലാദേശ്(76), ഭൂട്ടാന്‍(84), പാകിസ്ഥാന്‍(105), അഫ്ഗാനിസ്ഥാന്‍(139) എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യക്ക് പിന്നിലാണ്. നോര്‍വേയാണ് പട്ടികയില്‍ മുന്നില്‍. ഐസ് ലന്‍ഡ്, സ്വീഡന്‍, ന്യൂസിലാന്‍ഡ്, കാനഡ എന്നിവരാണ് തൊട്ടുപിന്നില്‍. ഉത്തരകൊറിയയാണ് ഏറ്റവും പിന്നില്‍.
കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വത്തില്‍ മതം കൂട്ടിച്ചേര്‍ത്തെന്നും ഇത് ഇന്ത്യയുടെ മതേതര സ്വഭാവത്തെ ബാധിച്ചെന്നും കൊവിഡ് നിയന്ത്രണങ്ങള്‍ പൗരാവകാശ ലംഘനത്തിനും കാരണമായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.