പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം: എട്ട് വിദ്യാലയങ്ങൾകൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു, നാളെ ഉദ്ഘാടനം

0
82

സംസ്ഥാന സർക്കാർ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം പദ്ധതിയുടെ ഭാഗമായി കാസർഗോഡ് ജില്ലയിലെ എട്ട് വിദ്യാലയങ്ങൾകൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ജില്ലയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഏഴ് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഒരു സ്‌കൂൾ കെട്ടിടവും മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച രാവിലെ 10ന്‌ ഓൺലൈൻ വഴി ഉദ്‌ഘാടനം ചെയ്യും.സംസ്ഥാനത്താകെ 111 വിദ്യാലയങ്ങളിലെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്‌.

മഞ്ചേശ്വരം മണ്ഡലത്തിലെ ജിവിഎച്ച്എസ്എസ് മൊഗ്രാൽ, കാസർകോട് ജിഎംവിഎച്ച്എസ്എസ് തളങ്കര, ഉദുമയിൽ ജിഎച്ച്എസ്എസ് പെരിയ, തൃക്കരിപ്പൂരിൽ ജിഎച്ച്എസ് എസ് പിലിക്കോട് എന്നീ സ്‌കൂളുകളിലെ കെട്ടിടങ്ങൾ അഞ്ച്‌ കോടി ചെലവിട്ടാണ്‌ നിർമിച്ചത്‌. കക്കാട്ട് ഹയർ സെക്കൻഡറി നേരത്തെ ഉദ്‌ഘാടനം ചെയ്‌തിരുന്നു. വിഎച്ച്എസ്എസ് വെള്ളിക്കോത്ത്, ജിഎച്ച്എസ്എസ് ചായ്യോത്ത്, ജിഎച്ച്എസ് എസ് ബളാംതോട് എന്നിവ മൂന്ന്‌കോടി ചെലവിട്ടാണ്‌ നിർമിച്ചത്‌. 1000 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന വിദ്യാലയങ്ങൾക്കാണ് കിഫ്ബി മൂന്ന് കോടി രൂപ വീതം അനുവദിച്ചത്.

ജില്ലയിൽ 25 സ്‌കൂളുകൾക്കാണ് മൂന്ന് കോടി അനുവദിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട്‌ ഉപയോഗിച്ച് രണ്ട് കെട്ടിടങ്ങളും ജില്ലാപഞ്ചായത്ത് ഫണ്ടിൽ ഒരു കെട്ടിടവുമാണ്‌ ചെമ്മനാട് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിച്ചത്‌. ക്ലാസ് റൂമുകൾ, ലാബ്, സ്‌റ്റാഫ്‌ റൂം, ഓഫീസ് റൂം, ഗസ്‌റ്റ്‌ റും, ഭിന്നശേഷി കുട്ടികൾക്കുള്ള റൂം, കംപ്യൂട്ടർ ലാബ്, മീറ്റിങ് ഹാൾ, സ്‌റ്റോർ റൂം, ലൈബ്രറി, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുള്ള ശുചിമുറികൾ, ഭിന്നശേഷികാർക്ക്‌ റാമ്പ്‌ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ഏഴ് സ്‌കൂളുകളുടെ നിർമാണ ചുമതല കൈറ്റിന്റെ ഇൻഫ്രാസ്‌ട്രെക്ച്ചർ വിഭാഗത്തിനായിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയാണ്‌ നിർമാണം നടത്തിയത്‌.

വെള്ളിക്കോത്ത് മഹാകവി പി സ‌്മാരക ജിവിഎച്ച്‌എസ്‌എസ്‌

വെള്ളിക്കോത്ത്‌ മഹാകവി പി സ‌്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ‌്കൂൾ കെട്ടിടത്തിൽ 10 ക്ലാസ്‌ മുറി. പ്രിൻസിപ്പലിനുള്ള മുറി, രണ്ട‌് ഓഫീസ‌് മുറി, സ‌്റ്റാഫ‌് മുറി, പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ശുചിമുറി എന്നിവയുണ്ട‌്. കിഫ‌്ബി ധനസഹായത്തോടെ മൂന്നു കോടി രൂപ ചെലവിലാണ്‌ കെട്ടിടം നിർമിച്ചത്‌.

കൊല്ലേടത്ത‌് കണ്ണൻ നായർ 1906 ൽ തുടങ്ങിയ വിദ്യാലയം എസ‌്എസ‌്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം തുടർച്ചയായി നേടുന്നു. ടി പി അബ്ദുൾ ഹമീദ‌്, കെ ജയൻ, എസ‌് ഗോവിന്ദരാജ‌്, വി വി തുളസി, കെ പി രാജീവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ചായ്യോത്ത് ജിഎച്ച്‌എസ്‌എസ്‌

ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്‌ നാലുനില കെട്ടിടം ഒരുങ്ങി. കിഫ്ബി മുഖേന മൂന്ന് കോടി ചെലവിട്ട്‌ നിർമിച്ചതാണ്‌ കെട്ടിടം. 1956 ൽ ഏക അധ്യാപക വിദ്യാലയയമായി തുടങ്ങിയ സ്‌കൂൾ 1976 ൽ യുപിയായും 1980ൽ ഹൈസ്‌കൂളായും 2000 ൽ ഹയർ സെക്കൻഡറിയായും ഉയർന്നു. 2500 ഓളം വിദ്യാർഥികൾ പഠിക്കുന്നു.

പൊതു വിദ്യാലയത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ പേർ എസ്എസ്എൽസി പരീക്ഷ എഴുതിയ സ്‌കൂളാണ് ചായ്യോത്ത് ജിഎച്ച്എസ്എസ്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ 84 അധ്യാപകരും ആറ്‌ അനധ്യാപകരും ഉൾപ്പെടെ 90 ജീവനക്കാരുണ്ട്‌. പിടിഎ നിയമിച്ച 16 താൽക്കാലിക ജീവനക്കാരുമുണ്ട്.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ടി കെ രവി, പി ധന്യ, കെ ഷീബ, പി കെ നാരായണൻ, എ വിജയകുമാരൻ നായർ, കെ ബി സജിത്ത്കുമാർ, ടി വി രത്നാകരൻ, സി ബിജു, സി ഗംഗാധരൻ, എൻ വി സുകുമാരൻ എന്നിവർ പങ്കെടുത്തു.

മൊഗ്രാൽ ജിവിഎച്ച്എസ്എസ്

മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ചര കോടി രൂപ ചെലവിട്ട്‌ നിർമിച്ചത്‌ രണ്ട്‌ കെട്ടിടം. കിഫ്‌ബി അഞ്ച്‌ കോടിയും എംഎൽഎ ഫണ്ടിൽനിന്ന്‌ 50 ലക്ഷവും അനുവദിച്ചു. മൂന്ന്‌ നിലകളിലായി 33 ക്ലാസ്‌മുറികളുണ്ട്‌. 14 ക്ലാസ്‌ മുറികളുള്ള ബ്ലോക്ക്‌ ഹൈസ്‌കൂളിനും ഉപയോഗിക്കും. 19 ക്ലാസ്‌ മുറികളുള്ള ബ്ലോക്ക്‌ എൽപി, യുപി വിഭാഗത്തിനാണ്‌.

ഇരു കെട്ടിടങ്ങളിലുമായി ഓഫീസ്‌, ലാബ്‌, ശുചിമുറികൾ, ഭിന്നശേഷികാർക്കുള്ള റാമ്പ്‌ എന്നിവയുണ്ട്‌. 1914 ൽ തുടങ്ങിയ സ്‌കൂളിൽ 1450 വിദ്യാർഥികൾ പഠിക്കുന്നു. ഇത്തവണ 350 വിദ്യാർഥികൾ അധികമായി ചേർന്നു. 50 അധ്യാപകരുണ്ട്‌. മൂന്ന്‌ ലക്ഷം രൂപ ചെലവിട്ടുള്ള സ്‌കൂളിന്റെ പുതിയ പ്രവേശന കവാടം നിർമിച്ചത്‌ അരിമല കുടുംബമാണ്‌.

തളങ്കര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി

തളങ്കര ഗവ. മുസ്ലിം വൊക്കേഷണൽ ഹയർസെക്കൻഡറിയും പുതുമോടിയിലേക്ക്‌. കാലപ്പഴക്കത്താൽ തകർന്നുവീഴാറായ കെട്ടിടം പൊളിച്ചുമാറ്റി കിഫ്‌ബി ചെലവിൽ അഞ്ച് കോടി രൂപയുടെ ഇരുനില കെട്ടിടമാണ്‌ പൂർത്തിയായത്‌. 21 ക്ലാസ‌് മുറി, കംപ്യൂട്ടർ ലാബ‌്, അടുക്കള, ഭക്ഷണശാല ഉൾപ്പെടെ 25,726 ചതുരശ്ര അടി വിസ‌്തീർണമുള്ളതാണ‌് കെട്ടിടം.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമായി 28 ടോയ‌്‌ലറ്റും 12 മൂത്രപ്പുരയുമുണ്ട്‌. അടുക്കളയിൽ സാധനം സൂക്ഷിക്കാനുള്ള മുറിയും കുട്ടികൾക്ക‌് കൈകഴുകാൻ പ്രത്യേക സൗകര്യവും ഒരുക്കി. അര ലക്ഷം ലിറ്റർ മഴവെള്ള സംഭരണിയും പമ്പ‌്ഹൗസും സ്ഥാപിച്ചു. ക്ലാസ‌്മുറികൾ ടൈൽസ‌ിട്ടും മുറ്റം ഇന്റർലോക്ക‌് പാകിയും മനോഹരമാക്കി. മുറ്റത്തെ മരങ്ങൾ സംരക്ഷിക്കാനായി ചുറ്റും തറകെട്ടി ഗ്രാനൈറ്റുമിട്ടു.

പിലിക്കോട‌് സികെഎൻ ജിഎച്ച്‌എസ്‌എസ്‌

പിലിക്കോട‌് സി കൃഷ‌്ണൻ നായർ സ‌്മാരക ഗവ. ഹയർസെക്കൻഡറി സ‌്കൂളിൽ പുതുതായി ഉയർന്നത്‌ രണ്ട്‌ കെട്ടിടങ്ങൾ. മൂന്നു നിലകളിലായി 23 ക്ലാസ്‌മുറി. കിഫ്‌ബി മുഖേന അഞ്ച്‌ കോടി രൂപ ചെലവഴിച്ചാണ്‌ അത്യാധുനിക സംവിധാനത്തോടെയുള്ള കെട്ടിടം. ഓഫീസ‌്, ലൈബ്രറി, ലാബ്, ആൺ, പെൺകുട്ടികൾക്ക‌് പ്രത്യേകം ശുചിമുറി, ഭിന്നശേഷി കുട്ടികൾക്കുള്ള മുറി, കാത്തിരിപ്പ‌് കേന്ദ്രം, കോൺഫറൻസ‌് ഹാൾ, സൗരോർജ കംപ്യൂട്ടർ ലാബ‌്, ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക‌് ക്ലാസിലെത്താൻ റാമ്പ‌് എന്നിവയുണ്ട്‌.

പൂർവ വിദ്യാർഥികൾ കൈകോർത്തതോടെ ഫർണിച്ചറും അനുബന്ധ സൗകര്യങ്ങളും ലഭിച്ചു. കാസർകോട‌് വികസന പാക്കേജിൽ ഒരുകോടി ചെലവിട്ട്‌ പണിത ഹയർസെക്കൻഡറി കെട്ടിടവും ഉദ‌്ഘാടനത്തിനൊരുങ്ങി. മുൻ എംഎൽഎ കെ കുഞ്ഞിരാമൻ, പിലിക്കോട‌് പഞ്ചായത്ത‌് പ്രസിഡന്റ‌് പി പി പ്രസന്നകുമാരി, പി വിനയകുമാർ, എം രേഷ‌്മ, എം സുനിൽകുമാർ, മനോജ‌് കുമാർ കണിച്ചുകുളങ്ങര, വി സുധാകരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ബളാംതോട് ഗവ. ഹയർസെക്കൻഡറി

ചോർന്നൊലിക്കുന്ന സ്‌കൂൾ കെട്ടിടത്തിന് വിട. തലയെടുപ്പോടെ ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം. കിഫ്ബി ധനസഹായത്തിൽ മൂന്ന് കോടി രൂപ ചെലവിൽ നിർമിച്ച മൂന്നുനില കെട്ടിടത്തിൽ 13 ക്ലാസ് മുറി, ടോയ്‌ലറ്റ് ബ്ലോക്ക്, നേഴ്‌സറി ക്ലാസ് മുറികൾ, വിശ്രമമുറി, മഴവെള്ള സംഭരണി എന്നിവയുണ്ട്‌.
ചെമ്മനാട്‌ ജിഎച്ച്‌എസ്‌എസ്‌

പരവനടുക്കത്തുള്ള ചെമ്മനാട്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്‌ കെ കുഞ്ഞിരാമൻ എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന്‌ 1.81 കോടി ചെലവഴിച്ചാണ്‌ ഇരുനില കെട്ടിടം നിർമിച്ചത്‌. രണ്ടുബ്ലോക്കുകളിലായി നിർമിച്ച കെട്ടിടത്തിൽ പത്ത്‌ ക്ലാസ്‌ മുറി, മിനി ഹാൾ, ലൈബ്രറി, ലാബ്‌, ഓഫീസ്‌ റൂം എന്നിവയുണ്ട്‌. ചെമ്മനാട്‌ പഞ്ചായത്തിന്‌ പുറമേ കാസർകോട്‌ നഗരസഭ, കുമ്പള, മധൂർ, ഉദുമ, ചെങ്കള, മൊഗ്രാൽ പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികൾ പ്ലസ്‌ വൺ, പ്ലസ്‌ടു പഠനത്തിനായി ഇവിടെയെത്തുന്നു.

പെരിയ ജിഎച്ച്‌എസ്‌എസ്‌

കിഫ‌്ബിയുടെ ധനസഹായത്താൽ അഞ്ച് കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിൽ 14 ക്ലാസ‌് മുറികളുണ്ട്‌. സ‌്റ്റാഫ‌് മുറിയും ഓഫീസും ശുചിമുറികളും കെട്ടിടത്തിലുണ്ട‌്. ഫർണിച്ചറും അനുബന്ധ സൗകര്യങ്ങളും എത്തുന്നതോടെ പുതിയ കെട്ടിടത്തിൽ ക്ലാസ‌് ആരംഭിക്കും. കെ കുഞ്ഞിരാമൻ എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്യും. കെ രാജ‌്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യപ്രഭാഷണം നടത്തും.