മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരൻ നടത്തിയ ജാതീ അധിക്ഷേപത്തെ ന്യായീകരിച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കൂടാതെ എഐസിസി ഭാരവാഹികൂടിയായ കെ സി വേണുഗോപാൽ, ഷാനിമോൾ ഉസ്‌മാൻ എംഎൽഎ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് സുധാകരൻ പറഞ്ഞതിനെ ന്യായീകരിച്ച് രംഗത്ത് എത്തിയത്.
കെ സുധാകരൻറെ പരാമർശത്തിനെതിരെ രമേശ് ചെന്നിത്തല ആദ്യം രംഗത്തെത്തിയിരുന്നു. എന്നാൽ കെ സുധാകരൻ ഇതിനോട് രൂക്ഷമായി പ്രതികരിക്കുകയും പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തിയില്ലെങ്കിൽ വലിയ വിലനൽകേണ്ടിവരും എന്നുൾപ്പെടെ പ്രതികരിച്ചതോടെ ചെന്നിത്തല സ്വന്തം നിലപാടിൽ മലക്കം മറിഞ്ഞു. കെ സുധാകരൻ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് പറഞ്ഞ ചെന്നിത്തല കെ സുധാകരൻ കോൺഗ്രസിൻറെ സമ്പത്താണെന്നും പ്രതികരിച്ചു.
എഐസിസി ഭാരവാഹിയായ കെ സി വേണുഗോപാലും വിഷയത്തിൽ കെ സുധാകരനെ ന്യായീകരിച്ചു. അധിക്ഷേപം അല്ലെന്നും ചില വാക്കുകൾ മാത്രം എടുത്ത് അങ്ങനെ കരുതരുതെന്നുമാണ് ന്യായീകരണം.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ സുധാകരനെ അനുകൂലിച്ച് രംഗത്തെത്തി. കെ സുധാകരൻറെ പ്രസ്‌താവന തൻറെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും പഠിച്ച ശേഷം പ്രതികരിക്കാമെന്നും കെ സുധാകരൻ അങ്ങനെ പ്രതികരിക്കുന്നയാൾ അല്ലെന്നുമാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
എംഎൽഎയും കോൺഗ്രസ് നേതാവുമായ ഷാനിമോൾ ഉസ്‌മാനും കെ സുധാകരനെതിരെ പറഞ്ഞത് വിഴുങ്ങി പുതിയ ന്യായീകരണവുമായി എത്തിയിട്ടുണ്ട്. പറഞ്ഞതിൽ ക്ഷമ ചോദിച്ചാണ് ഷാനിമോളുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്.
രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യകേരള യാത്ര’യുടെ തലശേരിയിലെ സ്വീകരണത്തിലാണ് സുധാകരൻ ജാതിഅധിക്ഷേപം നടത്തിയത്. ‘പിണറായി വിജയൻ ആരാ, കുടുംബമെന്താ, ചെത്തുകാരന്റെ കുടുംബം’ എന്ന് പറഞ്ഞാണ് പ്രസംഗത്തിനിടെ കെ സുധാകരൻ മുഖ്യമന്ത്രിക്കുനേരെ തിരിഞ്ഞത്. ‘ചെത്തുകാരന്റെ കുടുംബത്തിൽനിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി.
ചെത്തുകാരന്റെ വീട്ടിൽ നിന്നുയർന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ. നിങ്ങൾക്ക് അഭിമാനമാണോ അത്. എവിടെനിന്നു വന്നു. എങ്ങനെ ഈ നിലയിലെത്തി. അധികാര ദുർവിനിയോഗം നടത്താതെയാണോ’ എന്നിങ്ങനെ സുധാകരൻ അതിരുവിട്ട് അധിക്ഷേപിച്ചപ്പോൾ കോൺഗ്രസുകാർ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രി ഇ പി ജയരാജന്റെയും കുടുംബത്തെ ആക്ഷേപിക്കുന്ന പരാമർശവും സുധാകരൻ നടത്തി. മുൻപും ജാതിഅധിക്ഷേപവും സ്ത്രീവിരുദ്ധവുമായ പ്രസ്താവനകൾ സുധാകരൻ നടത്തിയിട്ടുണ്ട്.