ജാതിക്കോയ്മയ്ക്കും ഫ്യൂഡൽ മനോനിലയ്ക്കും അടിപ്പെട്ടുപോയവർ സ്വന്തം അയോഗ്യതയാണ് വെളിപ്പെടുത്തുന്നത് : തോമസ് ഐസക്ക്

0
128

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരൻ നടത്തിയ ജാതീ അധിക്ഷേപത്തെ ശക്തമായി പ്രതികരിച്ചു ധനമന്ത്രി തോമസ് ഐസക്. ജാതിക്കോയ്മയ്ക്കും ഫ്യൂഡൽ മനോനിലയ്ക്കും അടിപ്പെട്ടുപോയവർ ജനാധിപത്യസമൂഹത്തിൽ പൊതുപ്രവർത്തനം നടത്താനുള്ള സ്വന്തം അയോഗ്യതയാണ് ഇതിലൂടെ വെളിപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള ദുസ്വാധീനങ്ങൾക്ക് അടിപ്പെട്ടുപോയവരെ അറിഞ്ഞു തിരുത്തൽ രാഷ്ട്രീയ നേതൃത്വത്തിന്റെ കടമയുമാണ്- തോമസ് ഐസക് വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പ്

കയറുപിരി ശാസ്ത്രജ്ഞൻ എന്ന് തന്നെ അഭിസംബോധന ചെയ്യുന്ന ബിജെപിക്കാരുടെയും കോൺഗ്രസുകാരുടെയും എണ്ണം ചെറുതല്ലെന്നും അക്കൂട്ടരിൽ നിന്ന് ആവേശമുൾക്കൊണ്ടാവാം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വരെ നിയമസഭയിൽ അത്തരമൊരു പരിഹാസം ചൊരിഞ്ഞിരുന്നു. എനിക്കത് കേൾക്കുമ്പോൾ ചിരിയാണ് വന്നത്.

അപ്ലൈഡ് എക്കണോമിക്‌സ് ഏതെങ്കിലും സാമ്പത്തിക മേഖലയുമായി ബന്ധപ്പെടുത്തി നടത്തുന്നത് എത്രയോ സാധാരണമാണ്. സാമ്പത്തിക ശാസ്ത്രം സംബന്ധിച്ച സാങ്കേതികമായ വിവരത്തെ ആ മേഖലയെ വിശകലനം ചെയ്യുന്നതിന് ഉപയോഗപ്പെടുത്തുകയാണ്. ഇത്രപോലും വിവരം പ്രതിപക്ഷ നേതാവിന് ഇല്ലാതെ വന്നപ്പോൾ ഞാൻ ഒരു നിമിഷം അമ്പരന്നു പോയി.

മന്ത്രിയാകുന്നതിനു മുമ്പ് കയർ വർക്കേഴ്‌സ് യൂണിയന്റെ പ്രസിഡന്റായിരുന്ന എനിക്ക് ഈ ആക്ഷേപത്തിൽ അഭിമാനമേയുള്ളൂ. ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങൾ ചൊരിയുന്നവരുടെ ഉന്നം, അതിനരിയാകുന്നവർ ചൂളിപ്പോകുമെന്ന മൂഢവിശ്വാസമാണ്. അത്തരം മൂഢസ്വർഗത്തിലെ ചക്രവർത്തിയായി വാഴാനുള്ള കെ സുധാകരന്റെ അവകാശത്തെയൊന്നും ചോദ്യം ചെയ്യാൻ ഞാനില്ല.

തന്നെ ചെത്തുകാരന്റെ മകൻ എന്ന് ആക്ഷേപിക്കുന്നവരെക്കുറിച്ച് മുഖ്യമന്ത്രി തന്നെ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. അതിലപ്പുറമൊന്നും അക്കാര്യത്തിൽ പറയേണ്ടതില്ല. പക്ഷേ, ആക്ഷേപമായി ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നതും അതിനെ ന്യായീകരിക്കുന്നതും ഒരു ഭൂഷണമായി കൊണ്ടുനടക്കുന്നവരുടെ സംസ്‌ക്കാരം കേരളം ചർച്ച ചെയ്യേണ്ടതുണ്ട്.

ഈ ശൈലിയെ പരസ്യമായി തള്ളിപ്പറഞ്ഞ കോൺഗ്രസ് നേതാക്കൾ തന്നെ രായ്ക്കുരാമാനം കാലു മാറിയതിൽ നിന്ന് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പൊതുസംസ്‌ക്കാരം വ്യക്തമാണ്. ഇതൊക്കെ സാധാരണ നാട്ടുപ്രയോഗങ്ങളാണ് എന്ന ന്യായവുമായി പ്രതിപക്ഷ നേതാവു തന്നെ മലക്കം മറിഞ്ഞിരിക്കുകയാണ്.

ഇതു കേട്ടപ്പോഴാണ് എന്നെ ചകിരി ശാസ്ത്രജ്ഞൻ എന്നു വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ പ്രയോഗം ഓർത്തുപോയത്.കുലത്തൊഴിലുമായി ബന്ധപ്പെട്ട് ഇത്തരം പരാമർശങ്ങൾ ഇന്നുയർത്തുന്നത് ജാത്യാധിക്ഷേപം തന്നെയാണ്. ആക്ഷേപിതരാകുന്നവർക്ക് ഇത് പ്രശ്‌നമല്ലെങ്കിൽപ്പോലും ആക്ഷേപമുന്നയിക്കുന്നവരുടെ മനോനില പുറത്തു ചാടുകയാണ്.

ജാതിക്കോയ്മയ്ക്കും ഫ്യൂഡൽ മനോനിലയ്ക്കും അടിപ്പെട്ടുപോയവർ ജനാധിപത്യസമൂഹത്തിൽ പൊതുപ്രവർത്തനം നടത്താനുള്ള സ്വന്തം അയോഗ്യതയാണ് ഇതിലൂടെ വെളിപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള ദുസ്വാധീനങ്ങൾക്ക് അടിപ്പെട്ടുപോയവരെ അറിഞ്ഞു തിരുത്തൽ രാഷ്ട്രീയ നേതൃത്വത്തിന്റെ കടമയുമാണ്.

ആ തിരുത്തലുകൾക്കൊരു ചെറിയ ശ്രമം ഇന്നലെയുണ്ടായി. പക്ഷേ, ഇന്ന് പൂർവാധികം ശക്തിയോടെ അവർക്കു പിന്തുണയുമായി പ്രതിപക്ഷ നേതാവു തന്നെ രംഗപ്രവേശം ചെയ്യുകയും അദ്ദേഹത്തിന്റെ ഗ്രൂപ്പ് ഒറ്റക്കെട്ടായി അതിന്റെ പിന്നിൽ അണിനിരക്കുകയും ചെയ്തിരിക്കുകയാണ്.ദുർഗന്ധത്തിൽ ആറാടുന്നതിലും ഗ്രൂപ്പ് ഐക്യം കാത്തുസൂക്ഷിക്കുന്നത് സവിശേഷമായ കാഴ്ചതന്നെയാണേയ്..