യുഡിഎഫ് ശ്രമം വർഗീയ ഭിന്നിപ്പിന് വേഗതകൂട്ടാൻ; മതനിരപേക്ഷതയെ ദുർബലപ്പെടുത്താനുള്ള നീക്കം കേരളം നിരാകരിക്കും: വിജയരാഘവൻ

0
88

കേരള സമൂഹത്തെ വർഗ്ഗീയമായി ഭിന്നിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ വേഗത വർദ്ധിപ്പിക്കാനാണ് യുഡിഎഫ് പരിശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ. തെരഞ്ഞെടുപ്പ് പ്രചരണജാഥയെ വലിയതോതിലുള്ള അപവാദപ്രചരണങ്ങൾക്കും അസത്യപ്രചരണത്തിനും യുഡിഎഫ് ഉപയോഗപ്പെടുത്തുകയാണ്.

ബിജെപി ദേശീയ അധ്യക്ഷന്റെ കേരള സന്ദർശനത്തെ വർഗ്ഗീയ പ്രചരണത്തിനും സംസ്ഥാന സർക്കാരിനെതിരായ അസത്യപ്രചരണങ്ങൾക്കുമാണ് അവർ ഉപയോഗിച്ചത്. സംസ്ഥാനത്തിന്റെ മതനിരപേക്ഷ അടിത്തറയെ ദുർബലപ്പെടുത്താനുള്ള ഈ നീക്കങ്ങൾ കേരള ജനത നിരാകരിക്കുമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ വിജയരാഘവൻ പറഞ്ഞു.

ദേശീയ അടിസ്ഥാനത്തിൽ ബിജെപി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന സാമ്പത്തിക നയങ്ങൾക്കെതിരായി ബദൽ നയങ്ങൾ ഉയർത്തിയാണ് കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ പ്രവർത്തിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ആദരണീയ വ്യക്തിത്വങ്ങൾ കേരള ഗവൺമെന്റ് വിവിധ മേഖലകളിൽ നടപ്പിലാക്കുന്ന വികസനോന്മുഖ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചിരിക്കുകയാണ്.

ബിജെപിയുടെ കേന്ദ്രബജറ്റിൽ നിന്നും വ്യത്യസ്തമായി സംസ്ഥാനത്തിന്റെ പരിമിത വിഭവങ്ങളുപയോഗപ്പെടുത്തി കേരളമാർജ്ജിച്ച പുരോഗതിയുടെ വിപുലീകരണത്തിന് വേണ്ടി പുതിയ കാഴ്ചപ്പാടോടുകൂടി നടത്തുന്ന പ്രവർത്തനങ്ങൾക്ക് വലിയ സ്വീകാര്യത പൊതുസമൂഹത്തിലാകെ ലഭിച്ചിരിക്കുകയാണ്.

തദ്ദേശീയ തൊഴിൽ സാദ്ധ്യതയുടെ വിപുലീകരണം എന്ന കേരളത്തിന്റെ നിലപാടിനെ നോബൽ ജേതാവ് ജോസഫ് സ്റ്റിഗിളിസ് അഭിനന്ദിക്കുകയുണ്ടായി. ഡോ. അമർത്യാസെൻ ആകട്ടെ സേവന മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങളെ തന്റെ പ്രതീക്ഷകളെ അതിജീവിച്ചതാണെന്ന് പ്രകീർത്തിക്കുകയുണ്ടായി.

വ്യവസായ പ്രമുഖരും കേരളത്തിന്റെ വികസന മാതൃകകളെ പൊതുവെ അംഗീകരി ക്കുകയാണുണ്ടായത്. ഈ നിലയിൽ സ്വീകാര്യത ആർജ്ജിച്ച ഭരണ നിർവ്വഹണത്തെയാണ് യുഡിഎഫ് ആക്ഷേപിക്കുന്നത്. സാമ്പത്തിക നയങ്ങളിൽ കോർപ്പറേറ്റ് – സമ്പന്നാനുകൂല നിലപാടുകളെ പിന്തുണയ്ക്കുന്ന കോൺഗ്രസ്സ് നയത്തിന്റെ ഭാഗമാണിത്.

കേന്ദ്രഗവൺമെന്റ് സമരം ചെയ്യുന്ന കർഷകരോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. പാവപ്പെട്ട വന്റെ ജീവിത സൗകര്യങ്ങളെയും തൊഴിൽ അവകാശത്തെയും നിഷേധിക്കുന്ന കേന്ദ്ര-ബിജെപി ഗവൺമെന്റിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.