സുരേന്ദ്രൻ ഗുരുത്വമില്ലാത്ത നേതാവ്, ശോഭ സുരേന്ദ്രന്‍ മൂക്കാതെ പഴുത്ത പഴം, ബിജെപിക്കെതിരെ ആഞ്ഞടിച്ച് പി പി മുകുന്ദന്‍

0
99

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെയും വനിതാ നേതാവ് ശോഭ സുരേന്ദ്രനെതിരെയും ആഞ്ഞടിച്ച് മുതിർന്ന നേതാവ് പി പി മുകുന്ദൻ. സുരേന്ദ്രനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് താനാണ്. എന്നാൽ, സുരേന്ദ്രന് ഗുരുത്വം തീരെയില്ല. പാര്‍ട്ടിയുമായി മുകുന്ദന് ബന്ധമൊന്നുമില്ല എന്ന് സുരേന്ദ്രന്‍ പറഞ്ഞത് തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കി എന്നു പറഞ്ഞ മുകുന്ദന്‍ പ്രസ്താവന തിരുത്താന്‍ സുരേന്ദ്രന്‍ തയ്യാറാകണം. വിനാശ കാലേ വിപരീത ബുദ്ധി എന്ന് മാത്രമേ പറയാനുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ശോഭ സുരേന്ദ്രന്‍ മൂക്കാതെ പഴുത്തതാണ് പ്രശ്‌നമെന്ന് പറഞ്ഞ മുകുന്ദന്‍ ഇനിയുള്ള ആറു മാസം നിശബ്ദയായിരിക്കാന്‍ ശോഭയോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂചിപ്പിച്ചു. നേതൃത്വം ഈ സമയം കൊണ്ട് കാര്യങ്ങളെല്ലാം സംസാരിച്ചു തീരുമാനമാക്കണം. ആളുകളെ ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ നിലവിലെ നേതൃത്വത്തിന് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പഴയ ആളുകളുടെ കൂടി അഭിപ്രായം ബിജെപി നേതൃത്വം പരിഗണിക്കണം. ഒറ്റയാള്‍ നേതൃത്വം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യമുണ്ടെന്ന് തോന്നിയാല്‍ അവര്‍ തിരിച്ചു വിളിക്കട്ടെ. കേരളത്തില്‍ ഇരുമുന്നണികളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയിട്ടും ബിജെപി തെരഞ്ഞെടുപ്പിനെ കുറിച്ച്‌ ആലോചിച്ചു പോലും തുടങ്ങിയിട്ടില്ല.

കൃത്യമായ തെരഞ്ഞെടുപ്പ് തന്ത്രം തയാറാക്കിയില്ലങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പിനെക്കാള്‍ വലിയ തിരിച്ചടിയാകും ഉണ്ടാവുക എന്നും മുകുന്ദന്‍ തുറന്നടിച്ചു. ബിജെപിയുടെ ഇപ്പോഴത്തെ നിലപാടുകളിൽ പി പി മുകുന്ദന് കടുത്ത അതൃപ്തിയുണ്ട്. സുരേന്ദ്രൻ- വി മുരളീധരൻ അച്ചുതണ്ടിനെതിരെ അദ്ദേഹം പലപ്പോഴും പരസ്യമായി പ്രതികരിച്ചിരുന്നു.

കടുത്ത സംഘപരിവാർ പക്ഷക്കാരനായ പി പി മുകുന്ദൻ പലതവണ ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രനേതാക്കൾക്ക് പരാതി നൽകിയിരുന്നു. ഇതിനോട് കേന്ദ്രനേതാക്കൾ മുഖം തിരിച്ചതോടെയാണ് മുകുന്ദൻ ബിജെപിയുമായി അകന്നത്