മുഖ്യമന്ത്രിയ്‌ക്കെതിരായ ജാതി അധിക്ഷേപത്തെ ന്യായീകരിച്ച് സുധാകരൻ, ഷാനിമോൾ ഉസ്മാന് വിമർശനം

0
128

മുഖ്യമന്ത്രി പിണറായി വിജയനെതിരായി നടത്തിയ ജാതി അധിക്ഷേപത്തെ ന്യായീകരിച്ച് കെ സുധാകരൻ എംപി. പരാമർശത്തിൽ തെറ്റില്ലെന്ന് കെ സുധാകരൻ. പറഞ്ഞതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ല. പറഞ്ഞതിൽ എന്ത് മര്യാദ ലംഘനമാണുള്ളത്? ചെത്ത് തൊഴിലാളി എന്ന് പറയുന്നതിൽ എന്താണ് തെറ്റ്? തൊഴിലാളി നേതാവിന്റെ ഇപ്പോഴത്തെ സാഹചര്യമാണ് ചൂണ്ടിക്കാട്ടിയത്.

തന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ ഷാനിമോൾ ഉസ്മാനെയും സുധാകരൻ വിമർശിച്ചു. ഷാനിമോൾക്ക് എന്താണ് ഇത്ര വിഷമം? കോൺഗ്രസ് നേതാക്കൾ തന്നെ എന്തിനാണ് വിമർശിച്ചതെന്ന് അറിയില്ല. അതിൽ കെപിസിസി നേതൃത്വം നയം വ്യക്തമാക്കണം.

മാപ്പ് പറയണമെന്ന് ഷാനിമോൾ പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? പാർട്ടിയ്ക്കകത്ത് പാർട്ടി നേതാക്കന്മാരെ വിമർശിക്കുന്ന നയം ശരിയാണോ? നിലപാട് അറിയിക്കാൻ കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി.

കർഷക സമരത്തിൽ പങ്കെടുക്കാതിരുന്നത് പാർടി തീരുമാനിക്കാത്തത് കൊണ്ടാണെന്നും സുധാകരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് പദവിയുടെ കാര്യത്തിൽ ഔദ്യോഗികമായ ഒരുവിവരവും തനിക്ക് ലഭിച്ചില്ലെന്നും സുധാകരൻ ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യകേരള യാത്ര’യുടെ തലശേരിയിലെ സ്വീകരണത്തിലാണ് സുധാകരൻ ജാതിഅധിക്ഷേപം നടത്തിയത്. ‘പിണറായി വിജയൻ ആരാ, കുടുംബമെന്താ, ചെത്തുകാരന്റെ കുടുംബം’ എന്ന് പറഞ്ഞാണ് പ്രസംഗത്തിനിടെ കെ സുധാകരൻ മുഖ്യമന്ത്രിക്കുനേരെ തിരിഞ്ഞത്. ‘ചെത്തുകാരന്റെ കുടുംബത്തിൽനിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി.

ചെത്തുകാരന്റെ വീട്ടിൽ നിന്നുയർന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ. നിങ്ങൾക്ക് അഭിമാനമാണോ അത്. എവിടെനിന്നു വന്നു. എങ്ങനെ ഈ നിലയിലെത്തി. അധികാര ദുർവിനിയോഗം നടത്താതെയാണോ’ എന്നിങ്ങനെ സുധാകരൻ അതിരുവിട്ട് അധിക്ഷേപിച്ചപ്പോൾ കോൺഗ്രസുകാർ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രി ഇ പി ജയരാജന്റെയും കുടുംബത്തെ ആക്ഷേപിക്കുന്ന പരാമർശവും സുധാകരൻ നടത്തി. മുൻപും ജാതിഅധിക്ഷേപവും സ്ത്രീവിരുദ്ധവുമായ പ്രസ്താവനകൾ സുധാകരൻ നടത്തിയിട്ടുണ്ട്.