പ്രശസ്ത കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി അന്തരിച്ചു

0
106

പ്രശസ്ത കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി (81) അന്തരിച്ചു.ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. കോവിഡ് കോവിഡ് ബാധിതനായി കഴിഞ്ഞ മാസം അവസാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങിയെങ്കിലും അഞ്ച് ദിവസം മുൻപ് ആരോഗ്യ സ്ഥിതി മോശമാകുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

ആലപ്പുഴ നെടുമുടിയിലെ മാത്തൂർ തറവാട്ടിൽ 1940 ഒക്ടോബർ അഞ്ചിനായിരുന്നു ജനനം. തന്റെ ഗുരുവായിരുന്ന കഥകളി ആചാര്യൻ കുടമാളൂർ കരുണാകരൻ നായരുടെ മകളെയാണു മാത്തൂർ വിവാഹം ചെയ്തത്. തുടർന്ന് നെടുമുടിയിൽ നിന്നു കുടമാളൂരിലെ അമ്പാടി വീട്ടിലേക്കു താമസം മാറി. സ്‌ത്രീ വേഷം കൊണ്ടു കഥകളി പ്രേമികളുടെ മനം കവർന്ന മാത്തൂരിന്റെ നളചരിതത്തിലെ ദമയന്തി, ദുര്യോധന വധത്തിലെ പാഞ്ചാലി, കർണശപഥത്തിലെ കുന്തി തുടങ്ങിയ വേഷങ്ങൾ പ്രശസ്‌തമാണ്.

കേന്ദ്ര– സംസ്ഥാന സംഗീതനാടക അക്കാദമി അവാർഡുകൾ, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്, കേരള സംസ്ഥാന കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം ഫെലോഷിപ്, കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.

കഥകളി പരിശീലന കേന്ദ്രമായ കുടമാളൂർ കലാകേന്ദ്രത്തിൽ അധ്യാപകനും പ്രിൻസിപ്പലുമായിരുന്നിട്ടുണ്ട്. കുടമാളൂരിൽ അമ്പാടി വീട്ടിലായിരുന്നു താമസം. മാത്തൂരിന്റെ മകൻ മുരളീകൃഷ്ണൻ കഥകളി നടനാണ്. മുരളീകൃഷ്ണന്റെ മകൻ അദ്വൈത് കൃഷ്ണയും മൂത്തമകൻ ഉണ്ണിക്കൃഷ്‌ണന്റെ മകൻ നീരജ് കൃഷ്‌ണയും കഥകളി പഠിക്കുന്നു. ഭാര്യ: കഥകളി ആചാര്യൻ കുടമാളൂർ കരുണാകരൻ നായരുടെ മകൾ പരേതയായ രാജേശ്വരി.