സംസ്‌കൃത സർവകലാശാല നിയമന വിവാദം അടിസ്ഥാന രഹിതം, നിയമനം നടത്തിയത് മാനദണ്ഡങ്ങൾ പാലിച്ച്

0
86

കാലടി സംസ്‌‌കൃത സർവകലാശാലയിൽ നടത്തിയ നിയമനവുമായി ബന്ധപ്പെട്ട നടത്തിയ വിവാദം അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞു. സംസ്‌‌കൃത സർവകലാശാലയിൽ മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിനിത കണിച്ചേരിയെ നിയമിച്ചത് നിയമന മാനദണ്ഢങ്ങൾ പാലിച്ചാണെന്നും ഇന്റർവ്യൂവിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ ആളെ തന്നെയാണ് നിയമിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു.

യുജിസി ചട്ടങ്ങളെല്ലാം പാലിച്ച് നടത്തിയ മലയാള വിഭാഗത്തിലെ അഞ്ച് നിയമനങ്ങൾ ഉൾപ്പടെ 17 അധ്യാപക നിയമനങ്ങളിൽ ഒരു നിയമനം മാത്രം വിവാദമാക്കുകയായിരുന്നു. അതും മലയാള വിഭാഗത്തിലെ അഞ്ച് നിയമനങ്ങളുടെയും ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന ഭാഷാ വിദഗ്‌ധനായ അധ്യാപകന്റെ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ് അടിസ്ഥാനമാക്കി ഒരു നിയമനമാണ് ചില ചാനലുകൾ വിവാദമാക്കിയത്.

സർവകലാശാലയിൽ 17 അധ്യാപകരെയാണ് യുജിസി ചട്ടങ്ങളെല്ലാം പാലിച്ച് പുതുതായി നിയമിച്ചത്. മലയാള വിഭാഗത്തിൽ മൂന്ന് അസിസ്റ്റന്റ് പ്രൊഫസർമാരെയും ( മുസ്ലിം, എസ്‌ഐയുസി നാടാർ, ധീവര സംവരണവിഭാഗത്തിൽ ഓരോന്ന്) രണ്ട് അസോസിയേറ്റ് പ്രൊഫസർമാരെയും നിയമിച്ചു. മുസ്ലിം വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ലഭിച്ച അപേക്ഷകരിൽനിന്ന് ഇൻഡക്സ് മാർക്ക് 60 ലഭിച്ച അഞ്ചുപേരെ ഇന്റർവ്യൂവിനു വിളിച്ചു. ഇൻഡക്സ് മാർക്ക് കണക്കാക്കിയത് സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പെട്ട കമ്മിറ്റിയും അതതു വിഷയത്തിലെ വിദഗ്ധർ ഉൾപ്പെട്ട കമ്മിറ്റിയും പരിശോധിച്ചതാണ്.

വൈസ് ചാൻസലർ ചെയർമാനായി ഏഴംഗ ഇന്റർവ്യൂ ബോർഡാണ് ഇന്റർവ്യൂ നടത്തിയത്. മൂന്നു ഭാഷാ വിദഗ്ധർ, ചാൻസലറായ ഗവർണറുടെ നോമിനിയായ ഒരു ഭാഷാ വിദഗ്ധൻ, ഫാക്കൽറ്റി ഡീൻ, വകുപ്പു തലവൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. വി സി ചെയർമാൻ എന്ന നിലയിൽ ഒരു ഉദ്യോഗാർഥിക്കും മാർക്ക് ഇട്ടില്ല.

ബാക്കി ആറുപേരും യുജിസി ചട്ടപ്രകാരം ഉദ്യോഗാർഥിയുടെ പേരും മാർക്കും പേപ്പറിൽ സ്വന്തം കൈപ്പടയിൽ വെട്ടും തിരുത്തും ഇല്ലാതെ എഴുതി തരുകയും ചെയ്തു. ഇതു കൂട്ടി ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച മൂന്നുപേരുടെ റാങ്ക് പട്ടിക തയ്യാറാക്കുകയും ആദ്യ റാങ്കുകാരിയെ നിയമിക്കുകയും ചെയ്തു. നിനിത ആർ, ഹസീന കെ പി എ, ഹിക്മത്തുള്ള വി എന്നീവരായിരുന്നു യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയത്. ഇതിൽ നിനിതയെ നിയമിക്കുകയും ചെയ്തു.

സംസ്‌‌കൃത സർവകലാശാലയിൽ അധ്യാപകനിയമനങ്ങൾ യുജിസിയുടെ എല്ലാ ചട്ടങ്ങളും കൃത്യമായി പാലിച്ചാണ് നടത്തിയതെന്നും അതിൽ ഒരു നിയമനത്തെക്കുറിച്ച് ഉയർന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് പറഞ്ഞു.

മലയാള വിഭാഗത്തിലെ മൂന്നു അസിസ്റ്റന്റ് പ്രൊഫസർമാരുടെയും രണ്ട് അസോസിയേറ്റ് പ്രൊഫസർമാരുടെയും ഇന്റർവ്യൂ ബോർഡിൽ വിവാദ പോസ്റ്റിട്ട അധ്യാപകനും ഉണ്ടായിരുന്നു. എന്നിട്ടും നിനിതയുടെ നിയമനം വിവാദമാക്കിയതിന് പിന്നിൽ ദുരൂഹതയുണ്ട്.