സംസ്ഥാനത്ത് സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം,തൊഴിൽ ലഭ്യമായത് 2990 പേർക്ക്

0
124

സംസ്ഥാന പട്ടികവർഗ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനത്തിലൂടെ തൊഴിൽ ലഭ്യമായത് 2990 പേർക്ക്. സംസ്ഥാനത്തിന് അകത്തും പുറത്തുമുളള സർക്കാർ/ സ്വകാര്യ തൊഴിൽ നൈപുണ്യ വികസന സ്ഥാപനങ്ങളുമായി ചേർന്നാണ് പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്. 16 സർക്കാർ അംഗീകൃത ഏജൻസികൾ മുഖേന 46 കോഴ്സുകളിലായി 5658 ഉദ്യോഗാർത്ഥികൾ ഇതുവരെ പരിശീലനം പൂർത്തിയാക്കി. 22 ഉദ്യോഗാർത്ഥികൾക്ക് വിദേശത്താണ് തൊഴിൽ ലഭിച്ചത്.

വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നതും വിദേശത്ത് പോകാൻ തിരെഞ്ഞെടുക്കപ്പെടുന്നതുമായ കുട്ടികൾക്ക് യാത്രാ ചെലവിനും, മറ്റ് അനുബന്ധ ചെലവുകൾക്കുമായി വകുപ്പ് സാമ്പത്തിക സഹായവും നൽകുന്നുണ്ട്. ആദ്യമായാണ് വകുപ്പിന്റെ ശ്രമഫലമായി പട്ടികവർഗ്ഗ കുട്ടികൾ വിദേശത്ത് തൊഴിൽ കണ്ടെത്തുന്നത്. അഭ്യസ്തവിദ്യരായിട്ടും നൈപുണ്യ പരിശീലനത്തിന്റെ അഭാവം മൂലം തൊഴിൽ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

ഇൻഡസ്ട്രിയൽ ടെക്നീഷ്യൻ, ടിഗ് ആന്റ് ആർക് വെൾഡിംഗ്, ഓട്ടോ മൊബൈൽ എൻജിനീയറിംഗ്, ഡിപ്ളോമ ഇൻ ട്രാവൽ ആന്റ് ടൂറിസം, ഫുഡ് പ്രൊഡക്ഷൻ, ഗ്രാഫിക് ആന്റ് വെബ് ഡിസൈനിംഗ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ഇലക്ട്രീഷ്യൻ, ഓർഗാനിക് ഫാമിംഗ്, പഞ്ചകർമ തുടങ്ങി 57ലധികം കോഴ്സുകളിലാണ് പരിശീലനം. മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെയുള്ള തൊഴിൽ പരിശീലന കോഴ്സുകളാണ് നടത്തിവരുന്നത്. ഇത്തരത്തിൽ തൊഴിൽ ലഭ്യമാകുന്ന കൂടുതൽ കോഴ്സുകൾ നടത്താൻ വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്.

യുവജനങ്ങൾക്ക് അവരുടെ അഭിരുചിയ്ക്ക് അനുസൃതമായി വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ വൈദഗ്ധ്യ പരിശീലനവും ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് ഏറെ സാധ്യതയുളള തൊഴിൽപരിശീലന പരിപാടികൾ സംഘടിപ്പിച്ച് ജോലി സ്ഥിരത ഉറപ്പാക്കുന്നതിനും വകുപ്പ് നടപടി സ്വീകരിക്കുന്നു.

ജില്ലകളിൽ ജോബ് ഫെയറുകൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്. ഇതിലൂടെ വിവിധ കോഴ്‌സുകളെയും പരിശീലനം നൽകുന്ന ഏജൻസികളെക്കുറിച്ചും അറിയാനാകും. ഈ അവസരത്തിൽ പരിശീലന ഏജൻസികൾ വഴി നേരിട്ട് അപേക്ഷിക്കുന്നതിനും സ്‌പോട്ട് അഡ്മിഷൻ നേടാനുമുള്ള അവസരവുമുണ്ട്.പരിശീലന ഏജൻസികൾ ആദിവാസി മേഖലകൾ സന്ദർശിച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നേരിട്ട് അഡ്മിഷൻ നൽകുന്നു. പരിശീലനത്തിന് താത്പര്യമുളളവർക്ക് www.skill.stdd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായും അപേക്ഷിക്കാം .കൂടുതൽ വിവരങ്ങൾക്ക് 1800 425 2312 എന്ന ടോൾ ഫ്രീ നമ്പറിൽ ലഭിക്കും.

ചിൽഡ്രൻസ് ഹോമിൻ്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് ആൻഡ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു.