എൽഡിഎഫ് വികസന മുന്നേറ്റ ജാഥകൾ മുഖ്യമന്ത്രിയും ഡി രാജയും ഉദ്‌ഘാടനം ചെയ്യും

0
82

“നവകേരള സൃഷ്ടിക്കായി, വീണ്ടും എൽ.ഡി.എഫ്’ എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് നേതൃത്വത്തിൽ ആരംഭിക്കുന്ന ‘വികസന മുന്നേറ്റ ജാഥകൾ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയും ഉദ്‌ഘാടനം ചെയ്യും. ഫെബ്രുവരി 13-ന് കാസർകോട്ട് നിന്നും ഫെബ്രുവരി 14-ന്‌ എറണാകുളത്ത് നിന്നുമാണ്‌ പ്രചരണജാഥകൾ ആരംഭിക്കുന്നത്‌.

എ വിജയരാഘവൻ നേതൃത്വം നൽകുന്ന കാസർകോട്ട് നിന്നാരംഭിക്കുന്ന ജാഥ തൃശ്ശൂരിൽ സമാപിക്കും. ജാഥ 13-ന് വൈകിട്ട് നാലിന് ‌ മഞ്ചേശ്വരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം നയിക്കുന്ന ജാഥ എറണാകുളത്ത് 14-ന് വൈകിട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. രണ്ട് ജാഥകളും യഥാക്രമം തൃശ്ശൂരും തിരുവനന്തപുരത്തും ഫെബ്രുവരി 26-ന് സമാപിക്കും.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് നേതൃത്വം നൽകാനുള്ള സംഘടനാ സമിതികൾ രൂപീകരിക്കാൻ വ്യാഴാഴ്‌ച സമാപിച്ച സിപിഐ എം സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. ക്ഷേമപെൻഷനുകളുടെ വിപുലീകരണം, പ്രവാസി പുരനധിവാസം, ഉന്നത വിദ്യാഭ്യാസമേഖലയുടെ നവീകരണം, ലൈഫ് മിഷൻ വഴി ഒന്നരലക്ഷം വീടുകൾ നിർമ്മിക്കാ നുള്ള തീരുമാനം, റബ്ബറിന്റെ തറവില വർദ്ധിപ്പിച്ചതുൾപ്പെടെയുള്ള ബജറ്റ് നിർദ്ദേശങ്ങൾക്ക് ജനങ്ങൾക്കിടയിൽ മികച്ച അംഗീകാരം കിട്ടി.

വിപുലമായ തൊഴിലവസര സാദ്ധ്യതകൾ കേരളത്തിൽ സൃഷ്ടിക്കാനും അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് ഊന്നൽ നൽകാനുമുള്ള ബജറ്റ് നിർദ്ദേശങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാനും സിപിഐ എം സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. എല്ലാ ജില്ലകളിലുമുള്ള പാർടി നേതൃത്വത്തിലുള്ള വിവിധ പഠനഗവേഷണ കേന്ദ്രങ്ങൾ ഈ പ്രചരണത്തിന് പ്രത്യേകം മുൻകൈയെടുക്കണമെന്നും സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു.