കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി

0
83

കാർഷിക ബില്ലുകളിന്മേലുള്ള സമരം രാജ്യത്ത് ശക്തമാകവേ നിയമങ്ങൾ പിൻവലിയ്ക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക മേഖലയിൽ സർക്കാർ ആറ് വർഷക്കാലം സ്വീകരിച്ച നടപടികളാണ് ഇപ്പോഴത്തെ പുരോഗതിയ്ക്ക് കാരണം എന്നും കൂടുതൽ പരിഷ്ക്കരണ നടപടികളുമായി സർക്കാർ മുന്നോട്ട് പോകും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആറാം തീയതി നടക്കുന്ന കർഷക സമരത്തെ നേരിടാൻ ശക്തമായ സന്നാഹങ്ങളാണ് പൊലിസ് ഒരുക്കുന്നത്.

ചൌരി ചൌരാ സമര ദിനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ആറ് വർഷക്കാലം കർഷകർക്കും കർഷിക മേഖലയ്ക്കുമായി തന്റെ സർക്കാർ സ്വീകരിച്ച നടപടികൾ ഇതിനകം ഫലം കണ്ട് തുടങ്ങിയിരിയ്ക്കുന്നു. ഇന്ത്യയുടെ ധാന്യ സംഭരണികൾ ഇപ്പോൾ നിറഞ്ഞ് കവിയുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എപിഎംസി മണ്ടികളുടെ കാര്യം സൂചിപ്പിച്ച പ്രധാനമന്ത്രി 3 കാർഷിക നിയമങ്ങളും പിൻ വലിയ്ക്കുന്നത് ആലോചനയിൽ ഇല്ലെന്നും സൂചിപ്പിച്ചു.

അതേസമയം, ആറാം തീയതി കർഷകർ പ്രഖ്യാപിച്ച സമരത്തെ നേരിടാൻ രാജ്യവ്യാപകമായി വിപുലമായ സംവിധാനങ്ങൾ ഒരുക്കാൻ ആഭ്യന്തരമന്ത്രാലയം നടപടികൾ തുടങ്ങി. ഡൽഹിയിലെ അതിർത്തി മേഖലകളിൽ അടക്കം സായുധരായ അധിക അർധ സൈനിക സുരക്ഷാ സംവിധാനത്തെ വിന്യസിയ്ക്കാൻ ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും സുരക്ഷ കർശനമാക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി നാളെ ഡൽഹി പൊലീസിന്റെയും വ്യത്യസ്ത സുരക്ഷാ വിഭാഗങ്ങളുടെയും യോഗത്തിൽ സാഹചര്യങ്ങൾ അവലോകനം ചെയ്യും. രാവിലെ രാജ്യസഭയിൽ നടന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിലും കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട വാദ പ്രതിവാദങ്ങളാണ് ഉണ്ടായത്. രാജ്യസഭയിൽ നാളെയും നന്ദിപ്രമേയത്തിന്മേലുള്ള ചർച്ച തുടരും.