നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചാരവേലയുടെ ചുക്കാൻ ജമായത്തെ ഇസ്ലാമിക്ക് ; തോമസ് ഐസക്

0
168

ജമായത്തെ ഇസ്ലാമിയെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്.നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചാരവേലയുടെ ചുക്കാൻ ജമായത്തെ ഇസ്ലാമിക്ക് ആണെന്നും ആ കടിഞ്ഞാൺ കൈയിലിരിക്കുന്നതിന്റെ ഹുങ്കാണ് കഴിഞ്ഞ ദിവസം വെല്ലുവിളിയുടെ ഭാഷയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗവും എഡിറ്റ് പേജ് ലേഖനമെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

യുഡിഎഫിനുവേണ്ടി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരവേലയുടെ ചുക്കാൻ ഏറ്റെടുത്തിരിക്കുകയാണ് ജമായത്തെ ഇസ്ലാമി. ആ കടിഞ്ഞാൺ കൈയിലിരിക്കുന്നതിന്റെ ഹുങ്കാണ് കഴിഞ്ഞ ദിവസം വെല്ലുവിളിയുടെ ഭാഷയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗവും എഡിറ്റ് പേജ് ലേഖനവും. ഇസ്ലാമിക വർഗീയതയ്ക്കെതിരെ ഉയരുന്ന എല്ലാ വിമർശനങ്ങളുടെയും ഉറവിടം സംഘപരിവാരയുക്തിയാണെന്ന ഉമ്മാക്കിയൊന്നും സിപിഐഎമ്മിനോടും എൽഡിഎഫിനോടും വേണ്ട എന്ന് ആമുഖമായിത്തന്നെ പറയട്ടെ.

അരുവിക്കര ഉപതിരഞ്ഞെടുപ്പുകാലത്ത് ഉമ്മൻചാണ്ടി കളത്തിലിറക്കിയ കാർഡ് തിരിച്ചു പിടിച്ചു കളിക്കുകയാണ് ഇപ്പോൾ യുഡിഎഫ്. ആ ബുദ്ധി ഓതിക്കൊടുത്തത് ജമായത്തെ ഇസ്ലാമിയാണ് എന്ന് വ്യക്തമാക്കുകയാണ് മാധ്യമം ലേഖനവും മുഖപ്രസംഗവും.

എന്തായിരുന്നു പഴയ കാർഡ്? അന്ന് തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ഉമ്മൻചാണ്ടി വക ഒരു പ്രസ്താവന പ്രത്യക്ഷപ്പെട്ടു. അരുവിക്കരയിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്നും എൽഡിഎഫ് മൂന്നാം സ്ഥാനത്താകുമെന്നുമായിരുന്നു ആ പ്രസ്താവന.

ആ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. പിറ്റേന്ന് മാതൃഭൂമിയിൽ പ്രത്യക്ഷപ്പെട്ട തിരഞ്ഞെടുപ്പ് അവലോകനത്തിലെ ഒരു വാചകം ഇങ്ങനെയായിരുന്നു; “എൽഡിഎഫ് മൂന്നാം സ്ഥാനത്തായാലും അത്ഭുതപ്പെടാനില്ല എന്ന പ്രസ്താവന ഉമ്മൻചാണ്ടി എന്ന ചാണക്യബുദ്ധിയുടെ അറ്റകൈ പ്രയോഗമായിരുന്നു”. “സിപിഎമ്മിൽ നിന്ന് ഹിന്ദുവോട്ടുകൾ ബിജെപിയിലേയ്ക്കൊഴുകുന്നു” എന്ന പ്രചാരവേല നടത്തി, യുഡിഎഫിന് പിന്നിൽ ന്യൂനപക്ഷ കേന്ദ്രീകരിക്കലായിരുന്നു “ചാണക്യബുദ്ധി”യുടെ “അറ്റകൈ പ്രയോഗ”ത്തിന്റെ ലക്ഷ്യം.

“സിപിഎമ്മുകാരെ റാഞ്ചാൻ കേരളത്തിൽ ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസ്” തുടങ്ങിയ തലക്കെട്ടുകളിലൂടെ മനോരമയും ഈ “ചാണക്യബുദ്ധി”യുടെ പ്രചാരവേലയുമായി കളത്തിലിറങ്ങി. തുടർന്നു വന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇതായിരുന്നു യുഡിഎഫിന്റെ തുറുപ്പുചീട്ട്. “എൽഡിഎഫ് മൂന്നാം സ്ഥാനത്തേയ്ക്കു പോകും” എന്ന പ്രസ്താവന പല മണ്ഡലത്തിലും ഉമ്മൻചാണ്ടി ആവർത്തിച്ചു.

“ചാണക്യബുദ്ധി”യുടെ ഈ “അറ്റകൈ പ്രയോഗം” പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയെയും യുഡിഎഫിനെയും തുണച്ചില്ല. യുഡിഎഫിന്റെ ദുർ ഭരണത്തിനെതിരെ സകലമാന ജാതിമതസ്ഥരും വിധിയെഴുതി. പിണറായി വിജയൻ സർക്കാർ അധികാരമേറ്റു. ചാണക്യന്മാർ കൂട്ടത്തോടെ പ്രതിപക്ഷത്തിരുന്നു.

ഭരണത്തിന്റെ വ്യത്യാസം ജനങ്ങൾക്ക് അനുഭവവേദ്യമായി. സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളും അഴിമതിരഹിതമായ നേതൃത്വവും പൊതുസമൂഹം അംഗീകരിച്ചതോടെ തുടർഭരണത്തിന് കളമൊരുങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം അതുറപ്പിച്ചു. അതോടു കൂടി ചാണക്യബുദ്ധിയുടെ അറ്റകൈ പ്രയോഗം റീലോഡു ചെയ്യേണ്ട സ്ഥിതി വന്നു.

“സിപിഎമ്മിന്റെ അണികൾ കൂട്ടത്തോടെ ബിജെപിയിലേയ്ക്ക് ചേക്കേറുന്നു” എന്ന പഴയ പല്ലവിയെ പരിഷ്കരിക്കാൻ ബുദ്ധിശാലകളിൽ തീരുമാനമായി. ബിജെപിയെ പ്രധാന പ്രതിപക്ഷമാക്കാൻ സിപിഎം ശ്രമിക്കുന്നു എന്നായി പുതിയ പ്രചാലവേല. പഴയ ചാണക്യന്മാർക്ക് വീര്യവും വിശ്വാസ്യതയും നഷ്ടപ്പെട്ടതുകാരണം, പ്രചാരണത്തിന്റെ മൊത്തക്കച്ചവടം പോസ്റ്റ് മോഡേൺ ബുദ്ധിശാലകൾ ഏറ്റെടുത്തു. കടിഞ്ഞാൺ മാധ്യമത്തിന്റെ കൈയിലായി.

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫ് ലേബലിൽ വന്ന വർഗീയ മുന്നണി തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലും മാറ്റുരയ്ക്കാൻ പോകുന്നത്. അതിന്റെ അപകടം ചൂണ്ടിക്കാണിക്കുന്നതാണ് മാധ്യമത്തെയും ജമായത്തെ ഇസ്ലാമിയെയും ചൊടിപ്പിക്കുന്നത്. മതരാഷ്ട്ര വാദത്തിന് സ്വന്തം മുന്നണിയ്ക്കകത്ത് ഇരിപ്പടം കൊടുത്തതും യുഡിഎഫ് ലേബലിൽ അക്കൂട്ടർ പൊതുസ്ഥാനാർത്ഥികളായി രംഗപ്രവേശം ചെയ്തതും നമ്മുടെ മതനിരപേക്ഷതയ്ക്ക് വലിയ അപകടം ചെയ്യുമെന്ന വിമർശനം അന്നും എൽഡിഎഫ് ഉയർത്തിയിരുന്നു.

ഇത്തരം കളികളുടെ ആത്യന്തിക ഗുണഭോക്താക്കൾ സംഘപരിവാർ മാത്രമായിരിക്കും എന്ന യാഥാർത്ഥ്യം മനസിലാക്കി സഖ്യത്തെ തള്ളിപ്പറയാൻ കോൺഗ്രസിനുള്ളിൽത്തന്നെ ആളുണ്ടായി എന്നതും യാഥാർത്ഥ്യമാണ്. അക്കാര്യം തുറന്നു പറഞ്ഞവരെല്ലാം സ്വാഭാവികമായും ജമായത്തെ ഇസ്ലാമിയുടെ ശത്രുപക്ഷത്താണ്. അവരെ ഭീഷണിപ്പെടുത്താനും ഹിന്ദുത്വത്തിന്റെ ചാപ്പയടിക്കാനുമാണ് മാധ്യമത്തിന്റെ പുറപ്പാട്.

“സി.പി.എം സംഘ്പരിവാറിനു പഠിക്കുമ്പോൾ” എന്നാണ് എഡിറ്റോറിയലിനു തലക്കെട്ട്. മുസ്ലിംലീഗിന്റെയും വെൽഫയർ പാർടിയുടെയും രാഷ്ട്രീയ അജണ്ടകൾ തിരിച്ചറിയുകയും വിമർശിക്കുകയും ചെയ്യുന്നതിലുള്ള ഈർഷ്യയാണ് പുറത്തു ചാടിയിരിക്കുന്നത്. മുസ്ലീംലീഗിനെയും വെൽഫയർ പാർടിയെയും വിമർശിക്കുന്നത് മുസ്ലിം വിരുദ്ധതയാണത്രേ. ആ വിമർശനം താമരചിഹ്നത്തിൽ വോട്ടു ചെയ്യാൻ മടിയില്ലാത്ത ഇടതുപക്ഷക്കാരെ ഉണ്ടാക്കുമത്രേ. ചിരിക്കാതെന്തു ചെയ്യും! പഴത്തൊലിയിൽ തെന്നിവീണ് ചിരിയുണ്ടാക്കാൻ ശ്രമിക്കുന്ന പഴയ തമാശരംഗങ്ങൾക്ക് ഈ വാദത്തേക്കാൾ യുക്തിഭദ്രതയുണ്ടാകും.

ഇടതുപക്ഷക്കാരെക്കുറിച്ചുള്ള ഈ വേവലാതിയ്ക്ക് ഏതായാലും നന്ദി പറയുന്നു. എന്നാൽ താമരചിഹ്നത്തിൽ വോട്ടു ചെയ്യാൻ മടിക്കാത്ത കോൺഗ്രസുകാരെക്കുറിച്ച് വേവലാതിപ്പെടുന്നതാണ് കൂടുതൽ ഉചിതമെന്ന് മാധ്യമത്തെയും ജമായത്തെ ഇസ്ലാമിയെയും വിനയപൂർവം ഓർമ്മിപ്പിക്കട്ടെ. മുസ്ലിംലീഗുകാരണം എത്ര കോൺഗ്രസുകാർ താമരചിഹ്നത്തിൽ വോട്ടു ചെയ്യാൻ പോയിട്ടുണ്ടെന്ന് ആദ്യം മാധ്യമം പരിശോധിക്കട്ടെ.

ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെപ്പോലെ ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസിലെ അണികളും നേതാക്കന്മാരും. കേരളത്തിലെ ഇന്നത്തെ ബിജെപി അണികളിൽ മുക്കാലേ മുണ്ടാണിയും മുൻകോൺഗ്രസുകാരാണ്. യുഡിഎഫിലെ മുസ്ലിംലീഗിന്റെ അപ്രമാദിത്തം അതിനൊരു കാരണമാണെങ്കിൽ വെൽഫയർ പാർടി കൂടി ചേരുന്നതോടെ ആ തകർച്ച സമ്പൂർണമാകും.

യുഡിഎഫിന്റെ ഈ വർഗീയ പരീക്ഷണം താമരയ്ക്ക് വോട്ടു ചെയ്യുന്ന ഇടതുപക്ഷക്കാരെയല്ല, കോൺഗ്രസുകാരെയാണ് സൃഷ്ടിക്കാൻ പോകുന്നത്. ആ സത്യം തുറന്നു പറഞ്ഞാൽ മുസ്ലിം വിരുദ്ധതയുടെ ചാപ്പ കുത്തുമെന്നാണ് മാധ്യമത്തിന്റെ ഭീഷണിയെങ്കിൽ, അതു വകവെയ്ക്കാൻ എൽഡിഎഫ് ഒരുക്കമല്ല തന്നെ.