കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ നഷ്ടപരിഹാരം തേടി സംസ്ഥാന സർക്കാർ. പാലം നിർമ്മിച്ച കരാർ കമ്പനി 24.52 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നോട്ടീസ് അയച്ചു. പാലം പുതുക്കി പണിത ചെലവ് ആവശ്യപ്പെട്ടാണ് ആർഡിഎസ് കമ്പനിയ്ക്ക് സർക്കാർ നോട്ടീസ് നൽകിയത്.
പാലം കൃത്യമായി നിർമ്മിക്കുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റി. ഇത് സർക്കാരിന് വലിയ നഷ്ടം ഉണ്ടാക്കി. കരാർ വ്യവസ്ഥ അനുസരിച്ച് ആ നഷ്ടം നൽകാൻ കമ്പനിക്ക് ബാധ്യത ഉണ്ടെന്നും സർക്കാർ നോട്ടീസിൽ പറയുന്നു.
2016 ഒക്ടോബർ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം മേൽപ്പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കിയ പാലത്തിന് ബലക്ഷയമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ അടച്ചിട്ടു.
ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം തികയും മുമ്പെയാണ് മേൽപ്പാലത്തിന്റെ സ്ലാബുകൾക്കിടയിൽ വിള്ളലുകൾ സംഭവിച്ചത്. പാലത്തിലെ ടാറിളകി റോഡും തകർന്ന നിലയിലായിരുന്നു.