ഹാലിളക്കം എന്തിന്, മുസ്ലീം ലീഗ് വിശുദ്ധ പശുവോ..!

0
79

– കെ വി –

മുസ്ലീം ലീഗിനെയും വെൽഫയർ പാർട്ടിയെയും രാഷ്ട്രീയമായി വിമർശിക്കുമ്പോൾ ചില കൂട്ടർക്ക് എന്തിനാണിത്ര ഹാലിളക്കം ? ഇസ്ലാമിൻ്റെ അട്ടിപ്പേറവകാശം ഈ രാഷ്ട്രീയ പാർട്ടികൾക്ക് ചാർത്തിക്കൊടുത്തത് ആരാണ് …? രാഷ്ട്രീയലാഭത്തിന് മതത്തെയും വിശ്വാസത്തെയും ഉപയോഗപ്പെടുത്തുന്നവർ എന്ത് ചെയ്താലും മറ്റുള്ളവർ അത് കണ്ടില്ലെന്ന് നടിക്കണമെന്നാണോ.

തെരഞ്ഞെടുപ്പടുക്കുമ്പോൾ വോട്ടുബാങ്കുകൾ ലക്ഷ്യമിട്ട് വലിയ മാധ്യമപ്രചാരം നൽകി നടത്തുന്ന സന്ദർശനങ്ങൾക്കും പ്രീതിപ്പെടുത്തലുകൾക്കും എന്താണിത്ര പവിത്രത …? അത്തരം തന്ത്രങ്ങളോട് വിയോജിപ്പുളള പാർട്ടികളോ നേതാക്കളോ വല്ല അഭിപ്രായവും പറഞ്ഞാൽ അതെങ്ങനെ മതവിരുദ്ധമാകും… വിമർശനത്തിന് അതീതമായ വിശുദ്ധ പദവിയുണ്ടോ ലീഗിന്…?

മുമ്പൊരിക്കൽ 1960കളുടെ ആദ്യ പാതിയിൽ “മുസ്ലീം ലീഗ് ചത്ത കുതിരയാണെ”ന്ന് ജവഹർലാൽ നെഹ്റു അഭിപ്രായപ്പെട്ടിരുന്നു. അന്ന് അതിന് സി എച്ച് മുഹമ്മദ് കോയ രാഷ്ട്രീയമായിത്തന്നെ തക്ക മറുപടിയും നൽകി – ലീഗ് ചത്ത കുതിരയല്ല, ഉറങ്ങിക്കിടക്കുന്ന സിംഹമാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. അല്ലാതെ മതാധിക്ഷേപമാണെന്നൊന്നും സി എച്ച് പറഞ്ഞിരുന്നില്ല.

പക്ഷേ , ഇപ്പോൾ ലീഗിൻ്റെയോ ജമാഅത്തെ ഇസ്ലാമിയുടെയോ രാഷ്ട്രീയ സൂത്രങ്ങളെ ആരെങ്കിലും തുറന്നുകാട്ടിയാൽ ഉടൻ “ഇര”വാദമുയർത്തിയാണ് പ്രതിരോധം. അങ്ങനെയുള്ള വിമർശനം ഉന്നയിക്കുന്നവരെ ഇസ്ലാമോഫോബിയക്കാരായും മുദ്രകുത്തും. മതനിരപേക്ഷ ചേരിയിൽ ഉറച്ചുനിന്ന് ആർ എസ് എസിൻ്റെ ആക്രമണങ്ങൾ നേരിടുന്ന സി പി ഐ എം നേതാക്കളായാൽപോലും അതിൽ ഇളവില്.

തങ്ങളുടെ രാഷ്ട്രീയ ഇടപാടുകളോട് വിധേയത്വം കാട്ടാതെ വേറിട്ടുനിൽക്കുന്ന സമുദായ സംലടനകളുമായി , ഇങ്ങനെ ആവർത്തിച്ചു കൊണ്ടേയിരിക്കുന്ന പ്രചാരണത്തിലൂടെ അടുപ്പമുണ്ടാക്കാമെന്നാണ് ധാരണ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുവേളയിലേതുപോലെ ആശങ്ക പരത്തിയുള്ള മതാധിഷ്ഠിത ഏകീകരണമാണ് തല്പരകക്ഷികളുടെ ലക്ഷ്യം.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പി കെ കുഞ്ഞാലിക്കുട്ടി മുതലുള്ള ലീഗ് നേതാക്കൾ എൽ ഡി എഫിനുമേൽ തുടർച്ചയായി മുസ്ലീം വിരോധം ആരോപിക്കുകയാണ്. അതിൻ്റെ ചുവടുപിടിച്ച് ലീഗിൻ്റെ മുഖപത്രം ചന്ദ്രികയും ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം , മീഡിയ വൺ ചാനൽ എന്നിവയും വാർത്താ വിശകലനത്തിൽ അഭിനവരീതികൾ അവലംബിക്കുന്നു . മൗദൂദിസ്റ്റ് പത്രത്തിലെ വെള്ളിയാഴ്ചത്തെ മുഖപ്രസംഗത്തിൻ്റെ തലക്കെട്ട് ” സി പി എം സംഘപരിവാറിനു പഠിക്കുമ്പോൾ ” എന്നാണ്.

ഒരേനാട്ടിൽ ജനിച്ചുവളർന്ന് ഒരുമിച്ച് ജീവിക്കുന്ന ജനങ്ങളെ മതത്തിൻ്റെ പേരിൽ രണ്ടുതട്ടിലാക്കുന്ന ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ എൽ ഡി എഫ് സ്വീകരിച്ച ഉറച്ച നിലപാടടക്കം എത്ര വേഗത്തിലാണ് പത്രാധിപർ മറന്നുകളഞ്ഞത് …! രാജ്യത്ത് ആദ്യമായി കേരള നിയമസഭയായിരുന്നു ഈ ബിൽ പിൻവലിക്കണമെന്ന പ്രമേയം പാസാക്കിയത്. അതു സംബന്ധിച്ച ചർച്ചയിൽ ഇടപെട്ട് 2019 ഡിസംബർ 31 ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഒരു പ്രഖ്യാപനമുണ്ട് – ” ഈ നിയമം കേരളത്തിൽ നടപ്പാക്കില്ല.

ഇവിടെ ആരെയും രണ്ടുതരം പൗരന്മാരായി കാണുകയുമില്ല.” – മതനിരപേക്ഷ മനസ്സുള്ള നമ്മുടെ സംസ്ഥാനത്തെ പൊതു സമൂഹത്തിന് ആ വാക്കുകൾ പകർന്ന കുളിർമ അളവറ്റതായിരുന്നു. നാട്ടിലെ മുസ്ലീം ജനസാമാന്യം എന്നും അതോർക്കും ; മത രാഷ്ട്രവാദികളായ മൗദൂദിസ്റ്റുകൾ എത്രകണ്ട് നുണകൾ എഴുതിപ്പരത്തിയാലും.

ലീഗ് വഴി വെൽഫേർ പാർട്ടിയുമായി തദ്ദേശ ഭരണസമിതി തെരഞ്ഞെടുപ്പിലുണ്ടാക്കിയ ബന്ധം വ്യാപിപ്പിക്കാനാണ് യു ഡി എഫ് പ്രചാരണ മേൽനോട്ട സമിതി അധ്യക്ഷൻ ഉമ്മൻ ചാണ്ടിയും മറ്റും പാണക്കാട്ട് പോയതെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നുവല്ലോ. വെൽഫേർ പാർട്ടിയുമായുള്ള കൂട്ടുകെട്ട് യു ഡി എഫിന് തദ്ദേശ സമിതി തെരഞ്ഞെടുപ്പിൽ ദോഷംചെയ്തു എന്ന് നേരത്തേ ചാനൽ അഭിമുഖത്തിൽ തുറന്നടിച്ച നേതാവാണ് ഉമ്മൻ ചാണ്ടി.

കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. വെൽഫേർ സഖ്യത്തിന് മുൻകൈയെടുത്ത മുസ്ലീം ലീഗിന് ഈ പ്രസ്താവനകളിൽ നീരസമുണ്ടാവുക സ്വാഭാവികം. അത് മാറ്റി ജമാഅത്തെ പിന്തുണ രഹസ്യമായി നിലനിർത്താൻതന്നെയാണ് യു ഡി എഫ് ഉദ്ദേശിക്കുന്നത്.

അതു തന്നെയായിരുന്നു സംസ്ഥാന ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ അങ്ങോട്ടുചെന്നു കാണാൻ പുതിയ ചുമതലയേറ്റ ഉടൻ ഉമ്മൻ ചാണ്ടിയെ പ്രേരിപ്പിച്ചതും. അത് തികച്ചും രാഷ്ടീയ വിഷയമായതിനാലാണ് എൽ ഡി എഫ് കൺവീനർ പ്രതികരിച്ചത്. അതിൻ്റെ പേരിൽ വിജയരാഘവനെ മുസ്ലീം വിരോധിയായി ചിത്രീകരിക്കാൻ പെടുന്ന സാഹസം മുഖപ്രസംഗത്തിൻ്റെ ശീർഷകംതൊട്ട് അവസാന വാചകത്തിൽവരെ കാണാം.

മാത്രമല്ല, നിലപാട് പേജിലെ മുഖ്യ ലേഖനവും തുല്യതോതിൽ ഇടതുപക്ഷത്തോടുള്ള വിദ്വേഷം കുത്തിനിറച്ചതാണ്. സകല കമ്യൂണിസ്റ്റ് വിരുദ്ധരെയും തേടിപ്പിടിച്ചു കൊണ്ടുവന്നാണ് മീഡിയാ വൺ ടി വി യിൽ സ്വതന്ത്ര രാഷ്ടീയനിരീക്ഷക വേഷംകെട്ടിക്കുന്നതും. പക്ഷേ, നാടും ജനങ്ങളും അനുഭവിക്കുന്ന വിഷയങ്ങളിൽ അസംബന്ധ വ്യാഖ്യാനങ്ങൾ വിളമ്പുന്ന അന്തിച്ചർച്ചകളിലെ വിദഗ്ധരേക്കാൾ വകതിരിവുള്ളവരാണ് കേരളത്തിലെ സാധാരണ ജനങ്ങൾവരെ.