രാഷ്ട്രീയ പാപ്പരത്തം മറയ്ക്കാൻ ലീഗ് സാമുദായിക കാർഡിറക്കുന്നു

0
132
പി.കെ കുഞ്ഞാലികുട്ടി , വി കെ ഇബ്രാഹിം കുഞ്ഞ് ,കെ എം ഷാജി , എം സി കമറുദ്ധീൻ

 കെ വി –

തദ്ദേശ ഭരണസമിതി തെരഞ്ഞെടുപ്പു മുതൽ വർഗീയ തീവ്രവാദി വിഭാഗങ്ങളുമായുണ്ടാക്കിയ സഖ്യം നിലനിർത്തുന്നതിന് ഒരു ന്യായീകരണം. ഒപ്പം കടുത്ത നിലപാടുകളില്ലാത്ത സാമുദായിക സംഘടനകളെയും ആശങ്കയിലാഴ്ത്തി അടുപ്പത്തിലാക്കാമെന്ന കണക്കുകൂട്ടൽ – ലീഗിനെതിരെ എൽ ഡി എഫ് ഉന്നയിക്കുന്ന രാഷ്ട്രീയ വിമർശനത്തിൽ മുസ്ലീം വിരോധം ആരോപിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ ഉള്ളിലിരിപ്പ് ഇതാണ്. അത്തരമൊരു ഏകീകരണമുണ്ടായിക്കിട്ടിയാൽ യു ഡി എഫിന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേതുപോലെ നേട്ടം കൈവരിക്കാനാകുമെന്നും ലീഗ് നേതാവ് വ്യാമോഹിക്കുന്നു.

വർഷങ്ങൾക്കുമുമ്പ് -1980കളുടെ പാതിയിൽ – മുസ്ലീംലീഗിലെ അന്നത്തെ പുലി പി സീതി ഹാജി നാട്ടിലെങ്ങും പ്രസംഗിച്ചുനടന്ന ഒരു കാര്യമുണ്ട് – ” കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് മുസ്ലീം ലീഗാണ്. ലീഗ് എത്ര സീറ്റ് ചോദിച്ചാലും അതിന് വഴങ്ങി സമ്മതക്കത്ത് സ്വർണത്താലത്തിലാക്കി പാണക്കാട്ട് കൊടപ്പനക്കൽ തറവാട്ടിലെത്തി തങ്ങളെ കാണാൻ ഏത് പാർട്ടിനേതാവും ക്യൂനിൽക്കും” .

അന്ന് അണികളിൽ മിഥ്യാഭിമാനമുണർത്തി ആവേശംകൊള്ളിച്ച ലീഗ് നേതാക്കൾ ഇറക്കിക്കളിച്ചത് സമുദായച്ചീട്ടുതന്നെയായിരുന്നു. 1970 ലും 1977 ലും 1982 ലുമായി തുടർച്ചയായല്ലെങ്കിലും മൂന്നുപ്രാവശ്യം കോൺഗ്രസ് നയിച്ച മുന്നണിയെ അധികാരത്തിലെത്തിച്ച അഹങ്കാരലഹരിയിലായിരുന്നു അക്കാലത്ത് ലീഗ് . അതിനിടയ്ക്ക് സിപിഐ ആ മുന്നണി വിട്ടുപോന്നശേഷം 1980 ൽ ആൻ്റണി കോൺഗ്രസും ഇപ്പുറം ചേർന്നപ്പോളേ ഇടതുപക്ഷ-ജനാധിപത്യ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നുള്ളൂ.

എന്നാൽ, ഒരു മതാധിഷ്ഠിത പാർട്ടിക്കും സ്വാധീനിക്കാനാവാത്ത ഭരണം വേണം എന്ന ആശയം 1987 ൽ എൽ ഡി എഫ് മുന്നോട്ടുവെച്ചപ്പോൾ അതിന് സംസ്ഥാനത്ത് പരക്കെ വൻ സ്വീകാര്യതയുണ്ടായി. അതിൽ പിന്നെയിങ്ങോട്ട് നേരിയ ചാഞ്ചാട്ടം ചിലപ്പോഴൊക്കെ പ്രകടിപ്പിച്ചെങ്കിലും പൊതുസമൂഹത്തിൻ്റെ ചിന്താഗതിയിൽ വലിയ ഇളക്കമുണ്ടായിട്ടില്ല. മലയാളികളുടെ രാഷ്ടീയപ്രബുദ്ധതയെയും പൊതുജീവിതത്തെയും വലിയ നിലയിൽ സ്വാധീനിച്ച നല്ല മാറ്റമാണത്. അതിനു പാരവെക്കാൻ പഴുത് തേടിയിരുന്ന മുസ്ലീം ലീഗിൻ്റെ പല ഘട്ടങ്ങളിലായുള്ള എല്ലാ അടവുകളും പാളിപ്പോവുകയായിരുന്നു.

1991 ലെ തെരഞ്ഞെടുപ്പിൽ ബി ജെ പിയുമായടക്കം കൂട്ടുകെട്ടുണ്ടാക്കി വടകരയിലും ബേപ്പൂരിലും എൽ ഡി എഫിനെതിരെ ലീഗ് നേതാക്കൾകൂടി ഇടപെട്ട് പൊതുസ്വതന്ത്രനെ നിർത്തി മസരിപ്പിച്ചു. വടകര ലോക്സഭാ മണ്ഡലത്തിൽ അഡ്വ. എം രത്നസിങ്ങും ബേപ്പൂർ അസംബ്ലി സീറ്റിൽ ഡോ. വി കെ മാധവൻകുട്ടിയുമായിരുന്നു സ്ഥാനാർത്ഥികൾ.

എന്നാൽ മതനിരപേക്ഷ പൊതുബോധമുള്ള വോട്ടർമാർ ആഞ്ഞടിച്ച് ആ അവിശുദ്ധ ബാന്ധവത്തെ തോല്പിച്ച് കെട്ടുകെട്ടിച്ചു. എന്തിനേറെ, ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് – നഗരസഭാ തെരഞ്ഞെടുപ്പിലും പലേടത്തും കോ-ലീ-ബി സഖ്യമുണ്ടാക്കി. അതിനും പുറമെയാണ് മുസ്ലീം രാഷ്ട്രവാദമുയർത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള വെൽഫേർ പാർട്ടിയുമായി ലീഗ് മുൻകൈയെടുത്ത് സംസ്ഥാനാടിസ്ഥാനത്തിൽ ബന്ധമുറപ്പിച്ചത്.

അധികാരക്കസേരകൾ കൈയടക്കുന്നതിന് എതറ്റംവരെയും പോകാൻ മടിക്കാത്ത പാർട്ടിയാണ് മുസ്ലീംലീഗ്. അതിന് മതത്തെയും സാമുദായിക സംഘടനകളെയുമെല്ലാം തരംപോലെ ഉപയോഗിച്ചതിനും തെളിവുകൾ നിരവധിയാണ്. അത് തുറന്നുകാട്ടപ്പെടുന്നതിൽ ലീഗ് നേതാക്കൾക്കുള്ള വെപ്രാളം ചെറുതല്ല.

അതിനെല്ലാമുപരിയാണ് ലീഗ് എം എൽ എ മാരുൾപ്പെട്ട അഴിമതിക്കേസുകളിൽ ശക്തമായ നടപടികൾ സ്വീകരിച്ച എൽ ഡി എഫ് സർക്കാരിനോടുള്ള കടുത്ത വിരോധം. യു ഡി എഫ് ഭരണം വരുമ്പോൾ കോൺഗ്രസ്സിനെ സമ്മർദത്തിലാക്കി എല്ലാ ഘട്ടത്തിലും പൊതുമരാമത്ത് – വിദ്യാഭ്യാസ വകുപ്പുകൾ ലീഗ് സ്വന്തമാക്കുക പതിവാണ്.

പൊതു ഫണ്ട് വെട്ടിപ്പിനും പണം സമ്പാദനത്തിനുമുള്ള സാധ്യതാ മേഖല നോക്കിയാണിത്. പാലാരിവട്ടം പാലം നിർമാണത്തിൽ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് നടത്തിയ ഭീമമായ തട്ടിപ്പും കെ എം ഷാജി എം എൽ എ യുടെ പ്ലസ് ടു കോഴ്സ് കോഴയും പിടിക്കപ്പെട്ട തുമ്പ് മാത്രമാണ്. സാധാരണക്കാരായ മുസ്ലീം ലീഗുകാരടക്കമുള്ള ആളുകളിൽനിന്ന് കോടിക്കണക്കിന് രൂപ സ്വർണക്കടയ്ക്കുള്ള നിക്ഷേപമായി സമാഹരിച്ച് മുക്കിയ എം സി കമറുദ്ദീൻ എം എൽ എ യുടെ കേസ് വേറെയുണ്ട്.

ലീഗിൻ്റെ രാഷ്ട്രീയക്കച്ചവടത്തിലെ വിലപേശൽശേഷി ഇടിച്ചുപൊളിച്ചതിലുംസി ഐ -എമ്മിനോട് മുസ്ലീം ലീഗിന് തീരാത്ത പകയാണ്. 1990 ൽ ചില പ്രത്യേക കാരണങ്ങളാൽ യു ഡി എഫ് വിട്ട് ലീഗ് ഏതാനും മാസങ്ങൾ അകന്നുനിന്നിരുന്നു. ഇടതുപക്ഷവുമായി അടുക്കാനും അന്ന് ശ്രമിച്ചതാണ്. പക്ഷേ, സി പി ഐ – എമ്മിൻ്റെ സമീപനം അനുകൂലമല്ലായിരുന്നു.