വംശീയാധിക്ഷേപം നേരിട്ടെന്ന വെളിപ്പെടുത്തലുമായി മാഞ്ചെസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്‌ഫോർഡ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സനിലെതിരായ മത്സരത്തിനു ശേഷമാണ് സംഭവം നടന്നതെന്നും സോഷ്യൽ മീഡിയ വഴി ഒരാൾ വംശീയമായി അധിക്ഷേപിച്ചുവെന്നാണ് റാഷ്‌ഫോർഡ് വ്യക്തമാക്കുന്നത്. 23 വയസ്സുകാരനായ താരത്തിനെ കളിയാക്കിക്കൊണ്ട് നിരവധി മെസ്സേജുകൾ വന്നിരുന്നു.
‘അതെ ഞാൻ കറുത്ത വർഗക്കാരനാണ്, അതിൽ എനിക്ക് അഭിമാനമുണ്ട്. ആരെന്ത് പറഞ്ഞാലും വേദനിപ്പിച്ചാലും എനിക്ക് അതൊന്നും വിഷയമല്ല. എനിക്ക് വന്ന മെസേജുകളുടെ സ്‌ക്രീൻ ഷോട്ട് ഞാനിവിടെ പ്രദർശിപ്പിക്കുന്നില്ല. എന്നെ കണ്ടു പഠിക്കുന്ന നിരവധി കുരുന്നുകളുണ്ട്. അവർക്ക് നല്ലത് മാത്രം പകർന്നു കൊടുക്കാനാണ് ഞാൻ ശ്രമിക്കാറ്’- റാഷ്‌ഫോർഡ് പറഞ്ഞു.
കഴിഞ്ഞയാഴ്ച യുണൈറ്റഡിന്റെ മറ്റു താരങ്ങളായ ആക്‌സൽ ടുവാൻസിബിയ്ക്കും ആന്റണി മാർഷ്യലിനും വംശീയാധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരേ വലിയ പ്രതിഷേധമാണ് ആരാധകർ നടത്തുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടു.