എം ജി സര്‍വകലാശാല കൈക്കൂലി: അസിസ്റ്റന്റ് രജിസ്ട്രാറെയും സെക്ഷന്‍ ഓഫിസറെയും സ്ഥലംമാറ്റി

0
40

എം ജി സര്‍വകലാശാല ആസ്ഥാനത്ത് എംബിഎ വിദ്യാര്‍ത്ഥിയില്‍ നിന്ന് പരീക്ഷാ വിഭാഗം ജീവനക്കാരി സി ജെ എല്‍സി ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അസിസ്റ്റന്റ് രജിസ്ട്രാറെയും സെക്ഷന്‍ ഓഫിസറെയും സ്ഥലംമാറ്റി. അന്വേഷണത്തിനായി നാലംഗ സമിതിയെ നിയോഗിക്കാൻ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. വിഷയത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വകലാശാല രജിസ്ട്രാറിന് വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു നിര്‍ദ്ദേശം നല്‍കി.

അതിനിടെ, അതേസമയം സംഭവത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്കും പങ്കുണ്ടെന്ന സംശയത്തിലാണ് വിജിലന്‍സ്. ഒറ്റയ്ക്കാണ് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതെന്ന ജീവനക്കാരിയുടെ മൊഴി സംഘം പൂര്‍ണമായി വിശ്വസിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ടും, ഫോണും പരിശോധിക്കാന്‍ പൊലീസ് ഒരുങ്ങുന്നത്. 4 തവണകളായി 1.25 ലക്ഷം രൂപ അക്കൗണ്ടിലൂടെ തന്നെ കൈപറ്റിയെന്നാണ് വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

കൈക്കൂലി കേസില്‍ അറസ്റ്റിലായ ജീവനക്കാരിയും പരാതിക്കാരിയും നടത്തിയ ഫോൺ സംഭാഷണവും ഇതിനകം പുറത്തുവന്നു. പണം നല്‍കേണ്ട ഉദ്യോഗസ്ഥരുടെ പേരുകള്‍ അടക്കം സംഭാഷണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എംബിഎ മാര്‍ക്ക്ലിസ്റ്റും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ കൈക്കൂലി വാങ്ങിയ സര്‍വകലാശാല അസിസ്റ്റന്റ് സി ജെ എല്‍സിയാണ് കഴിഞ്ഞ ദിവസം വിജിലന്‍സിന്റെ പിടിയിലായത്. താന്‍ ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ എംബിഎ സെക്ഷനിലെ മറ്റ് ജീവനക്കാര്‍ക്ക് കൈമാറാനാണെന്ന് എല്‍സി പരാതിക്കാരിയോട് വിശദീകരിച്ചിരുന്നു.