തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു

0
85

 

പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ
ജോണ്‍പോള്‍ (ജോണ്‍പോള്‍ പുതുശേരി- 72) അന്തരിച്ചു. രണ്ടര മാസത്തിലേറെയായി അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. പാലാരിവട്ടം ആലിന്‍ ചുവടിലെ വീട്ടില്‍ ഭാര്യ ഐഷ എലിസബത്തിനൊപ്പമായിരുന്നു താമസം. മകള്‍: ജിഷ. മരുമകന്‍: ജിബി എബ്രഹാം.

ഷെവലിയര്‍ പി വി പൗലോസിന്റേയും റെബേക്കയുടേയും മകനായി 1950 ഒക്ടോബര്‍ 29ന് എറണാകുളത്ത് ജനനം. വിദ്യാര്‍ഥികാലം മുതല്‍ സിനിമയില്‍ താല്‍പ്പര്യം. മഹാരാജാസ് കോളേജില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബിരുദാനന്ത ബിരുദം നേടി ഫിലിം സൈസൈറ്റി പ്രവര്‍ത്തനത്തില്‍. അല്‍പ്പകാലം പത്രപ്രവര്‍ത്തനം. 1972 മുതല്‍ കാനറ ബാങ്കില്‍ ജോലി. സിനിമയില്‍ തിരക്കേറിയതോടെ 1983 ല്‍ ജോലി ഉപേക്ഷിച്ചു. ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക സെക്രട്ടറിയാണ്.
മലയാളത്തിലെ എണ്ണം പറഞ്ഞ ജനപ്രിയ സിനിമകളുടെ രചയിതാവാണ്. കേരളത്തിലെ അറിയപ്പെടുന്ന സിനിമ അദ്ധ്യാപകൻ കൂടിയായിരുന്നു.