Thursday
15 October 2026
27.8 C
Kerala
HomeWorldഓഫീസിൽ ഇന്ത്യൻ ഭാഷ സംസാരിച്ചത് 'സുരക്ഷാ ലംഘനം'; ജീവനക്കാരനെ പിരിച്ചു വിട്ട് യുഎസ് കമ്പനി

ഓഫീസിൽ ഇന്ത്യൻ ഭാഷ സംസാരിച്ചത് ‘സുരക്ഷാ ലംഘനം’; ജീവനക്കാരനെ പിരിച്ചു വിട്ട് യുഎസ് കമ്പനി

ഓഫീസിനുള്ളിൽ മൊബൈൽ ഫോണിലൂടെ ഇന്ത്യൻ ഭാഷ സംസാരിച്ചതിന് ജീവനക്കാരനെ പിരിച്ച് വിട്ട യുഎസ് കമ്പനിക്കെതിരെ കേസ്. അമേരിക്കന്‍ എഞ്ചിനീയറിയര്‍ അനില്‍ വര്‍ഷനി നല്‍കിയ പരാതിയിലാണ് യുഎസ് പ്രതിരോധ കമ്പനിക്കെതിരെ അലബാമ കോടതി കേസെടുത്തത്. ഹിന്ദി ഭാഷയിൽ സംസാരിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കിയെന്നാണ് അനിൽ വർഷിനിയുടെ പരാതി.

യു.എസ് പ്രതിരോധ കമ്പനിയായ പാര്‍സണ്‍സ് കോര്‍പ്പറേഷനെതിരെയാണ് അനിലിന്‍റെ പരാതിയിൽ കേസെടുത്തത്. ഓഫീസിൽ ഹിന്ദിയിൽ സംസാരിക്കുന്നത് ഒരു സഹപ്രവർത്തകൻ കേട്ടതിനെത്തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. ഇന്ത്യയിലുള്ള രോഗിയായ ബന്ധുവിനോട് അനിൽ ഫോണിൽ സംസാരിക്കുന്നതാണ് സഹപ്രവർത്തകൻ കേട്ടത്. ഹിന്ദിയിൽ സംസാരിച്ചത് ‘സുരക്ഷാ നിയന്ത്രണങ്ങൾ’ ലംഘിച്ചെന്ന് കാണിച്ച് സഹപ്രവർത്തകൻ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് യുഎസ് കമ്പനി അനിലിനെ പുറത്താക്കിയത്.

തനിക്കെതിരെ വിവേചനപരമായ നടപടിയാണ് പാര്‍സണ്‍സ് കോര്‍പ്പറേഷന്‍ എടുത്തതെന്ന് അനില്‍ വര്‍ഷനി അലബാമ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. നിയമവിരുദ്ധമായ വിവേചനപരമായ നടപടിയാണ് തനിക്കെതിരെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ ആരോപണങ്ങള്‍ പാര്‍സണ്‍സ് കോര്‍പ്പറേഷന്‍ നിഷേധിച്ചു. സർക്കാർ നിയന്ത്രിത സ്ഥാപനത്തിൽ സ്വകാര്യ ഫോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് നിരവധി മാനദണ്ഡങ്ങളുണ്ട്. ഇവയെല്ലാം പരിശോധിച്ചാണ് നടപടിയെടുത്തതെന്ന് കമ്പനി പ്രതിനിധി ബിബിസിയോട് പ്രതികരിച്ചു.

RELATED ARTICLES

Most Popular

Recent Comments