Sunday
20 September 2026
27.8 C
Kerala
HomeEntertainmentനിധി കാക്കും ഭൂതമായി മോഹൻലാൽ; ബറോസ് ഡിസംബറിൽ തിയ്യറ്ററുകളിലെത്തും

നിധി കാക്കും ഭൂതമായി മോഹൻലാൽ; ബറോസ് ഡിസംബറിൽ തിയ്യറ്ററുകളിലെത്തും

സൂപ്പർ സ്റ്റാർ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന ബറോസ് ഡിസംബറിൽ തിയ്യറ്ററുകളിലെത്തുമെന്ന് റിപ്പോർട്ട്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോ​ഗമിക്കുകയാണെന്ന് മോഹൻലാൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. റീ റെക്കോര്‍ഡിങ്ങിന്റെ പ്രധാനഭാഗം അമേരിക്കയിലെ ലൊസാഞ്ചലസില്‍ പൂര്‍ത്തിയായെന്നും ജോലികള്‍ ഇപ്പോള്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ പുരോഗമിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യയിലും തായ്‍ലന്‍ഡ‍ിലുമാണ് ബറോസിന്റെ സ്പെഷല്‍ എഫക്ട്സ് ചെയ്യുന്നതെന്നും മറ്റു ജോലികള്‍ മിക്കതും പൂര്‍ത്തിയായതായും ചിത്രം ഡിസംബറില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥ ജിജോ പുന്നൂസിന്റെതാണ്. അ​ദ്ദേഹത്തിന്റെ തന്നെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയാണ് സിനിമയ്ക്ക ആധാരം.

ഇന്ത്യയിലെ ആദ്യത്തെ 70 എംഎം സിനിമയായ പടയോട്ടവും ആദ്യ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തനും സംവിധാനം ചെയ്ത ജിജോ പുന്നൂസ് ബറോസിലൂടെ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. ബറോസും ത്രീഡി സാങ്കേതികമികവിലാണ് സ്ക്രീനുകളിലെത്തുക. മലയാളത്തിലെയും മറ്റ് ഇന്ത്യന്‍ ഭാഷകളിലെയും അമേരിക്ക, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കള്‍ സിനിമയുടെ ഭാഗമാണ്. റാഫേല്‍ അര്‍മാഗോ, പാസ് വേഗ, സെസാര്‍ ലോറെന്റോ തുടങ്ങിയവര്‍ പ്രധാന റോളുകളില്‍ത്തന്നെ രംഗത്തെത്തും.

വാസ്കോ ഡി ഗാമയുടെ അമൂല്യസമ്പത്തിന്റെ കാവല്‍ക്കാരനായ ബറോസ് 400 വര്‍ഷത്തിനിപ്പുറം ആ നിധി അതിന്റെ യഥാര്‍ഥ അവകാശിക്ക് കൈമാറാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. മോഹന്‍ലാല്‍ തന്നെയാണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എഡിറ്റിങ് – ശ്രീകര്‍ പ്രസാദ്. പ്രമുഖ കലാസംവിധായകന്‍ സന്തോഷ് രാമനാണ് സിനിമയിലെ മറ്റൊരു നിര്‍ണായക ഘടകം. സംഗീതം ലിഡിയന്‍ നാദസ്വരം.

RELATED ARTICLES

Most Popular

Recent Comments