സിബിഎസ്ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന അഭിപ്രായവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍. സെപ്തംബറിലോ അതിനു ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് നിര്‍ദ്ദേശം.
സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിട്ടു. പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ ഇന്നത്തെ ഉന്നത യോഗത്തിൽ ആവശ്യപ്പെട്ടു. സെപ്റ്റംബറിലോ അതിനുശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് നിർദ്ദേശം.
അതേസമയം പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും ഡൽഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടു. ചില പരീക്ഷകൾ മാത്രം നടത്താമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. പരീക്ഷ ഒന്നര മണിക്കൂറാക്കാം എന്ന നിർദ്ദേശവും ചർച്ചയായി. വിദ്യാർത്ഥികൾക്ക് വാക്സീൻ എത്രയും വേഗം നൽകണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ഒടുവിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കാനാണ് നേരത്തെ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ജൂണ്‍ ഒന്നിന് സ്ഥിതി വിലയിരുത്തി തീരുമാനം എടുക്കാനും ധാരണയിലെത്തിയിരുന്നു.