Thursday
18 December 2025
29.8 C
Kerala
HomeIndiaഗോവ മെഡിക്കല്‍ കോളജില്‍ നാല്​ മണിക്കൂറിനിടെ മരിച്ചത്​ 26 കോവിഡ് രോഗികൾ; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ഗോവ മെഡിക്കല്‍ കോളജില്‍ നാല്​ മണിക്കൂറിനിടെ മരിച്ചത്​ 26 കോവിഡ് രോഗികൾ; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ഗോവയിൽ നാല് മണിക്കൂറിനിടെ 26 കോവിഡ് രോഗികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചൊവ്വാഴ്ച പുലർച്ചെ രണ്ടിനും രാവിലെ ആറുമണിക്കുമിടയിൽ 26 കോവിഡ് രോഗികൾ മരിച്ചത്. എന്നാൽ, മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇത്രയും പേരുടെ മരണത്തിനിടയാക്കിയതിന്റെ യഥാർത്ഥകാരണം കണ്ടെത്താൻ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന്​ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ആവശ്യപ്പെട്ടു. സംഭവത്തിൽ സർക്കാർ വിശദ അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം ഓക്സിജൻ ലഭിക്കാത്തതാണ് മരണ കാരണമെന്ന ആരോപണവും ഉയർന്നു.

26 കോവിഡ് രോഗികൾ മരിച്ചുവെന്നത് യാഥാർഥ്യമാണെന്നും ഇതിന്റെ കാരണം എന്താണെന്ന് അന്വേഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ പറഞ്ഞു. കോവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്ന വാർഡിൽ ഓക്സിജൻ ലഭിക്കുന്നതിൽ ചില കാലതാമസം ഉണ്ടായിട്ടുണ്ട്. യഥാസമയം ഓക്സിജൻ ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി സമ്മതിച്ചു. ആശുപത്രികളിൽ ഓക്സിജൻ ലഭ്യത കുറഞ്ഞിട്ടുണ്ട്. ആവശ്യത്തിന് സിലിണ്ടറുകൾ ലഭ്യമാക്കാൻ ഉടൻ നടപടി കൈക്കൊള്ളും. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തതായും മന്ത്രി അറിയിച്ചു.

തിങ്കളാഴ്ച വരെ ആശുപത്രിയില്‍ മെഡിക്കല്‍ ഓക്സിജന്റെ ക്ഷാമമുണ്ടായിരുന്നുവെന്ന്​ ആരോഗ്യമന്ത്രി റാണെ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഈ മരണങ്ങളുടെ കാരണങ്ങള്‍ ഹൈക്കോടതി അന്വേഷിക്കണം. മാത്രമല്ല, ഓക്സിജന്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച്‌ കോടതി ഇടപെട്ട് ധവളപത്രം തയാറാക്കണം. ഇത് കാര്യങ്ങള്‍ ശരിയാകാന്‍ സഹായകമാകുമെന്നും റാണെ പറഞ്ഞു.

1,200 സിലിണ്ടറുകള്‍ ആവശ്യമുള്ളയിടത്ത്​ 400 എണ്ണം മാത്രമാണ് ലഭിച്ചത്​. മെഡിക്കല്‍ ഓക്സിജന്‍ വിതരണത്തില്‍ ക്ഷാമമുണ്ടെങ്കില്‍, അത്​ എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച്‌ ചര്‍ച്ച നടത്തണം. എന്നാൽ, ഓക്സിജൻ ക്ഷാമമില്ലെന്നും കോവിഡ്​ വാര്‍ഡുകളിലേക്ക്​ മതിയായ രീതിയില്‍ മെഡിക്കല്‍ ഓക്സിജന്‍ എത്താത്തതാകാം മരണത്തിന്​ കാരണമായതെന്നും മെഡിക്കല്‍ കോളജ്​ ആശുപത്രി സന്ദര്‍ശിച്ചശേഷം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments