ബിജെപി സൈബർ ആക്രമണം നേരിട്ട നടൻ സിദ്ധാർഥിന് പിന്തുണയുമായി പ്രകാശ് രാജ്. ഈ ഭീരുക്കൾ ഇത്രത്തോളം അധഃപതിക്കുമെന്നും താനും ഇത് അനുഭവിച്ചതാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്യുന്നു. സിദ്ധാർഥ് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്ന് അറിയാമെന്നും ഒപ്പം ഉണ്ടാകുമെന്നും താരം കുറിച്ചു.
‘ഈ ഭീരുക്കൾ ഇത്രത്തോളം അധഃപതിക്കും. ഞാനും ഇത് അനുഭവിച്ചതാണ്. എനിക്ക് അറിയാം നിങ്ങൾ ശക്തനായി തന്നെ നിൽക്കുമെന്നും ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടേയിരിക്കുമെന്നും. ഞങ്ങൾ കൂടുതൽ ശക്തി പകരാൻ നിങ്ങൾക്കൊപ്പമുണ്ട്’, എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ബിജെപിയെ വിമർശിക്കുന്നതിന്റെ പേരിൽ തന്റെ ഫോൺ നമ്പർ തമിഴ്‌നാട് പാർട്ടി പ്രവർത്തകർ ലീക്ക് ചെയ്‌തെന്ന് സിദ്ധാർഥ് അറിയിച്ചത്. ഇതുവരെ 500-ലധികം ഫോൺ കോളുകളാണ് വന്നത്. എല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവർഷവുമായിരുന്നുവെന്നാണ് സിദ്ധാർഥ് ട്വീറ്റ് ചെയ്തിരുന്നത്. പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.
‘എന്റെ ഫോൺ നമ്പർ തമിഴ്നാട് ബിജെപി അംഗങ്ങൾ ലീക്ക് ചെയ്തു. 500 അധികം ഫോൺകോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാവരും എനിക്കും കുടുംബത്തിനും എതിരെ വധഭീഷണി, റേപ്പ് ഭീഷണി, തെറി വിളി എല്ലാം നടത്തി. എല്ലാ നമ്പറും റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബിജെപി ലിങ്കും, ഡിപിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാൻ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും’എന്നായിരുന്നു സിദ്ധാർഥിന്റെ ട്വീറ്റ്.