വാക്‌സിൻ സൗജന്യമാക്കണം; കുത്തക ബിസിനസുകാരോട് മത്സരിക്കാൻ സംസ്ഥാനങ്ങളെ തള്ളിവിടരുത്: മുഖ്യമന്ത്രി

0
77

കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയം സംസ്ഥാന താൽപര്യങ്ങൾക്ക് എതിരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകാൻ കേന്ദ്രം തയ്യാറാകണം. കുത്തക ബിസിനസുകാരോട് മത്സരിക്കാൻ സംസ്ഥാനങ്ങളെ തള്ളിവിടരുത്.

അർഹമായ വാക്‌സിൻ കേന്ദ്രസർക്കാർ ഉറപ്പാക്കണം. ഇതിനായി ക്വാട്ട നിശ്ചയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അരക്കോടി ഡോസ് വാക്‌സിൻ ആവശ്യപ്പെട്ടിട്ട് അഞ്ചരലക്ഷം ഡോസ് മാത്രമാണ് ലഭിച്ചത്. കേന്ദ്രത്തിന്റെ വാക്‌സിൻ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പൊതുവിപണിയിൽ നിന്ന് വാക്‌സിൻ വാങ്ങാവുന്ന സ്ഥിതിയല്ല സംസ്ഥാനത്തിനുള്ളത്. കോവിഷീൽഡ് കേന്ദ്രത്തിന് ലഭിക്കുന്നത് 150 രൂപയ്‌ക്കാണ്. എന്നാൽ അത് സംസ്ഥാനങ്ങൾക്ക് 400 രൂപയ്‌ക്കാണ് കിട്ടുക. കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടരുത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. വാണിജ്യസ്ഥാപനങ്ങളോട് മത്സരിക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്‌‌സിനേഷൻ കാര്യക്ഷമമായി നിർവഹിക്കുന്ന സംസ്ഥാനമാണ് കേരളം. പ്രതിദിനം മൂന്നുലക്ഷം ഡോസ് വാക്‌സിൻ നൽകാനുള്ള സംവിധാനമുണ്ട്. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ സാഹചര്യമൊരുക്കും. ഓൺലൈൻ ബുക്കിംഗ് സൗകര്യം എല്ലായിടത്തും ഒരുക്കും. ബുക്ക് ചെയ്ത് അറിയിപ്പ് ലഭിക്കുന്നവർ മാത്രം വിതരണ കേന്ദ്രത്തിൽ എത്തിയാൽ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.