വാക്‌സിൻ ക്ഷാമത്തിൽ ഇടപെടാതെ വി മുരളീധരൻ

0
71

കേരളം കടുത്ത വാക്‌സിൻ ക്ഷാമം നേരിടുമ്പോൾ ഡൽഹിയിലുള്ള കേന്ദ്ര സഹമന്ത്രി വി മുരളീധരൻ കണ്ടഭാവം നടിക്കാതെ മലയാളികൾക്കെതിരെ രാഷ്‌ട്രീയം കളിക്കുന്നു. കൂടുതൽ വാക്‌സിൻ കേരളത്തിന്‌ ലഭ്യമാക്കാൻ കേന്ദ്രആരോഗ്യ മന്ത്രി ഹർഷ വർധനനെ കാണാൻപോലും വി മുരളീധരൻ തയ്യാറായിട്ടില്ല.

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചീഫ്‌ സെക്രട്ടറിയും കൂടുതൽ വാക്‌സിനായി‌ കേന്ദ്രത്തിൽ ഇടപെടുമ്പോഴാണ്‌ മുരളീധരന്റെ നിസ്സംഗത. ഇത്‌‌ കേരളത്തോടുള്ള ക്രൂരതയാണ്‌. അതേസമയം മുഖ്യമന്ത്രിക്കെതിരെ കള്ള പ്രചാരണം നടത്തുന്നതിൽ ഒരുമടിയുമില്ല.

രാജ്യത്ത്‌ മികച്ച രീതിയിൽ വാക്‌സിൻ നൽകിയ സംസ്ഥാനമാണ്‌ കേരളം. ഇതിനായി പ്രത്യേക സെന്ററുകൾതന്നെ ഒരുക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡവും മാർഗ നിർദേശവും സംസ്ഥാനം കൃത്യമായി പാലിച്ചു‌.

വാക്‌സിൻ പാഴാക്കൽ നിരക്കിൽ കേരളം പൂജ്യമാണ്‌. ഇതിന്‌ കേന്ദ്ര ആരോഗ്യ സെക്രട്ടറിതന്നെ കേരളത്തെ അഭിനന്ദിച്ചിരുന്നു. എന്നാൽ വാക്‌സിൻ ക്ഷാമം കേരളത്തെ വൻ പ്രതിസന്ധിയിലാക്കുകയാണ്‌. കേന്ദ്രമാണ്‌ സംസ്ഥാനങ്ങൾക്ക്‌ വാക്‌സിൻ നൽകുന്നത്‌. നിലവിൽ കേരളത്തിലെ ജനസംഖ്യ മൂന്നര കോടിയാണ്‌.

രണ്ട്‌ ഡോസ്‌ വാക്‌സിനാണ്‌ ഒരാൾക്ക്‌ എടുക്കേണ്ടത്‌. അതിനാൽ കേരളത്തിന്‌ ഏഴ്‌ കോടി ഡോസ്‌ വാക്‌സിൻ വേണം.എന്നാൽ 57ലക്ഷം ഡോസ്‌ വാക്‌സിനാണ്‌ കേരളത്തിന്‌ ലഭിച്ചത്‌. കേന്ദ്രമാനദണ്ഡ പ്രകാരം രണ്ടു കോടിയോളം പേർക്കെങ്കിലും അടിയന്തരമായി വാക്‌സിൻ നൽകണം‌. ഒരു ഡോസ്‌ വാക്‌സിൻ എടുത്ത പലർക്കും രണ്ടാമത്തെ‌ ഡോസ്‌ എടുക്കേണ്ട സമയവുമായി.

കോവിഡ്‌ തുടക്കംമുതൽ സംസ്ഥാനത്തിന്‌ പാര പണിയുന്ന നിലപാടാണ്‌ വി മുരളീധരൻ സ്വീകരിച്ചിട്ടുള്ളത്‌. പ്രവാസികളെ കൊണ്ടുവരുന്നതിൽ അടക്കം കേരളത്തിന്‌ പാര പണിതു. കേരളം ഇപ്പോൾ നേരിടുന്ന വാക്‌സിൻ പ്രതിസന്ധിയിലും അദ്ദേഹം പാലിക്കുന്ന മൗനം ഈ പാരവയ്‌പ്പിന്റെ ഭാഗമാണെന്നു വേണം കരുതാൻ.