മലയാള സിനിമ സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടി അശ്വനി നമ്പ്യാർ. സിനിമാക്കാര്യം ചർച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് ഒരു മലയാള സംവിധായകൻ വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്നും ബെഡ് റൂമിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് അശ്വനി വെളിപ്പെടുത്തുന്നത്. നേരത്തെ സിനിമയിൽ അഭിനയിച്ച പരിചയത്തിലാണ് മുറിയിലേക്ക് ചെന്നതെന്നും അയാൾക്ക് അച്ഛന്റെ പ്രായമുണ്ടായിരുന്നെന്നും അശ്വനി പറയുന്നു. തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അശ്വിനി ഈ കാര്യങ്ങൾ പറഞ്ഞത്. മണിച്ചിത്രത്താഴിൽ അല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് അശ്വിനി. ധ്രുവം, ആയുഷ്കാലം, ഹിറ്റ്ലർ,പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, കുടുംബകോടതി തുടങ്ങി നിരവധി മലയാളം സിനിമകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
അശ്വനിയുടെ വാക്കുകള്‍;
ഇത്രയും വർഷമായി ഇക്കാര്യം ഞാൻ എവിടെയും പറഞ്ഞിട്ടില്ല. കഴിഞ്ഞ വർഷമാണ് ഇക്കാര്യത്തേക്കുറിച്ച് ഒരു ടെലിവിഷൻ ഷോയിൽ സംസാരിച്ചത്. അതിനെ കാസ്റ്റിങ് കൗച്ച് എന്ന് ഞാൻ വിളിക്കില്ല. അങ്ങനെയൊരു സാഹചര്യത്തിൽ അകപ്പെട്ട് പോയെന്ന് ഞാൻ പറയും. അയാളുടെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. ആരെയും വേദനിപ്പിക്കുന്നില്ല. മാപ്പ് നൽകി മറക്കാം. അദ്ദേഹം വലിയൊരു സംവിധായകനാണ്. ഒരു പടത്തിന്റെ കാര്യങ്ങൾ സംസാരിക്കാനായി ഓഫിസിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു. ആ സമയത്ത് എപ്പോഴും അമ്മ കൂടെ ഉണ്ടാകാറുണ്ട്. എവിടെ പോയാലും തുണയായി അമ്മ ഒപ്പമുണ്ടാകാറുണ്ട്. ആകാരത്തിൽ ചെറുതാണെങ്കിലും നൂറ് ആണുങ്ങൾക്ക് തുല്യമായിരുന്നു അവർ. അയൺ ലേഡി എന്ന് പറയില്ലേ, അതുപോലെ. അന്ന് അമ്മയ്ക്ക് സുഖമില്ലായിരുന്നു. ഹെയർ ഡ്രസ്സറായിരുന്ന സ്ത്രീയെയും കൂട്ടി പോകൂ എന്ന് അമ്മ പറഞ്ഞു.
ചെന്നൈയിൽ റെസിഡൻഷ്യൽ ഏരിയയിലായിരുന്നു സംവിധായകന്റെ വീട്. വീട്ടിൽ തന്നെയായിരുന്നു ഓഫീസും. താഴെ ഓഫിസിലായിരിക്കും ചർച്ചയെന്നും അവിടെ കാത്തിരിക്കാമെന്നുമാണ് ഞാൻ കരുതിയത്. പക്ഷേ, ‘സർ മുകളിലുണ്ട്, അവിടെ പോയി കാണൂ’ എന്ന് ഓഫീസിൽ നിന്നു പറഞ്ഞു. ഒപ്പം വരാൻ കൂടെ വന്ന സ്ത്രീയെ വിളിച്ചു. ‘ഞാൻ എങ്ങനെ വരും നിങ്ങൾ പോയി വരൂ’ എന്ന് അവർ പറഞ്ഞു. എനിക്ക് ഇന്നും നല്ല ഓർമയുണ്ട്, ഞാൻ ആ സമയത്ത് ഒരു കൗമാരക്കാരിയാണ്. ഒരു കുട്ടിത്തത്തോടെ കളിച്ചു ചിരിച്ചാണ് മുകളിലത്തെ നിലയിലെത്തിയത്. പക്ഷേ അവിടെ ആരെയും കണ്ടില്ല. കിടപ്പുമുറിയിൽ നിന്നും ‘അകത്തേക്ക് വരൂ’ എന്നൊരു ശബ്ദം കേട്ടു. ഞാൻ റൂമിലേക്ക് കയറി.
ആ സംവിധായകനൊപ്പം നേരത്തെ ഒരു സിനിമ ഞാൻ ചെയ്തിട്ടുണ്ട്. അതൊരു മലയാളം സിനിമയായിരുന്നു. അറിയുന്ന ആളായതുകൊണ്ട് അകത്തേക്കു വിളിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ ചെന്നു. ഒരു നിഷ്‌കളങ്കയായ കൗമാരക്കാരിയായാണ് ഞാൻ ഉള്ളിലേക്ക് പോയത്. അവിടെ വച്ച് അയാൾ എന്നോട് മോശമായ രീതിയിലാണ് പെരുമാറിയത്. തിരിച്ചിറങ്ങുമ്പോൾ കളിച്ചുചിരിച്ച് മുകളിലേക്ക് പോയ ഞാൻ ആയിരുന്നില്ല. അവിടെ എന്താണ് നടന്നതെന്ന് പോലും കുറച്ചു സമയത്തേക്ക് മനസിലാക്കാൻ പോലും കഴിഞ്ഞില്ല. ഇത് എന്റെ തെറ്റാണോ അതോ ആയാളുടെ തെറ്റാണോ എന്നൊക്കെയുള്ള സംശയം എനിക്കുണ്ടായി.
വീട്ടിൽ എത്തിയതിന് ശേഷം ഞാൻ എന്താണ് വിഷമിച്ചിരിക്കുന്നതെന്ന് അമ്മ ചോദിച്ചു. എങ്ങനെ ഇത് അമ്മയോട് പറയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. നടന്നകാര്യം ഞാൻ അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് അത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അമ്മ പൊട്ടിക്കരയാൻ തുടങ്ങി. അമ്മ വിഷമിച്ചതിന് ഞാനാണ് കാരണം എന്ന തോന്നലിൽ അന്ന് രാത്രി ഞാൻ ഉറക്കഗുളികകൾ കഴിച്ചു. ആ പ്രായത്തിൽ എനിക്ക് വേറെ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. അതോടെ അവർ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിന് ശേഷം അമ്മയാണ് പറഞ്ഞത് ഇത് നിന്റെ തെറ്റല്ല, ഇത് അയാളുടെ തെറ്റാണെന്ന്. ആ സംഭവം എനിക്ക് ശക്തി പകർന്നു. പതിയെ വീണ്ടും ഷൂട്ടിന് പോയി തുടങ്ങി. അമ്മയുടെ തുണയില്ലാതെ എന്ത് വന്നാലും നേരിടുമെന്ന ധൈര്യവും ആ സംഭവത്തിന് ശേഷമാണ് ഉണ്ടായത്.