കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്രം

0
95

കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്രം. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമസ് നിലപാട് രാജ്യസഭയെ അറിയിച്ചു. നിയമത്തില്‍ പോരായ്മ ഉള്ളതുകൊണ്ടല്ല ഭേദഗതിയെന്നും കര്‍ഷക സമരം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു. കര്‍ഷകരെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിച്ചെന്നും രക്തം കൊണ്ട് കൃഷി ചെയ്യാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായും മന്ത്രി രാജ്യസഭയില്‍ ആരോപിച്ചു.

കര്‍ഷകര്‍ ആവശ്യപ്പെടുന്ന ഭേദഗതികള്‍ നടപ്പിലാക്കാമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം ഇന്ന് ഔദ്യോഗികമായി സഭയെ സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. നയപരമായ തീരുമാനങ്ങളാണ് സര്‍ക്കാര്‍ എടുത്തതെന്നും കൃഷി മന്ത്രി പറഞ്ഞു.

അതേസമയം, കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സമവായം ഉണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കരുതെന്നാണ് ആവശ്യം. പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥ ചര്‍ച്ചകളുമായി പഞ്ചാബ് സര്‍ക്കാരും രംഗത്തുവന്നിട്ടുണ്ട്. 30 ല്‍ അധികം കര്‍ഷക സംഘടനകളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്.