ജനക്ഷേമ ബദൽ : രാജ്യസ്നേഹികൾ ഉറ്റുനോക്കുന്നത് കേരളത്തിലേക്ക്

0
76

– കെ വി കുഞ്ഞിരാമൻ –

ക്ഷേമരാഷ്ട്ര ലക്ഷ്യത്തിലൂന്നിയ ബദൽ നയങ്ങളും പരിപാടികളും – അതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കരുത്തും കീർത്തിയും. എൽ ഡി എഫ് സർക്കാരിന്റെ നിലപാട് സുവ്യക്തമാണ് : കർഷകരെ കൈവിട്ട് കോർപ്പറേറ്റുകളെ തുണയ്ക്കുന്ന കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നീക്കങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതും .

മതനിരപേക്ഷത തകർക്കുന്ന പൗരത്വ നിയമഭേദഗതിയും ജനസംഖ്യാ രജിസ്റ്ററും ഇവിടെ നടപ്പാക്കില്ല. പൊതുമേഖലാ സംരംഭങ്ങൾ വിറ്റുതുലയ്ക്കുന്നതിന് കൂട്ടുനിൽക്കില്ല. ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വർധിപ്പിച്ച് സാധാരണക്കാരുടെ അതിജീവനശേഷി മെച്ചപ്പെടുത്തും .

കിടപ്പാടമില്ലാത്തവർക്ക് വീടും ഭൂമിയും ലഭ്യമാക്കും. പുതുതായി കൃഷിക്കാർക്കും വീട്ടമ്മമാർക്കുംവരെ പെൻഷൻ നൽകും. കുട്ടികൾക്കും ചെറുപ്പക്കാർക്കും മെച്ചപ്പെട്ട ഉപരിപഠന – തൊഴിൽ അവസരങ്ങൾ ലഭ്യമാക്കും. വയോജനങ്ങൾക്കും ദുർബല വിഭാഗങ്ങൾക്കും പ്രത്യേക പരിരക്ഷയും …ഒപ്പം സംസ്ഥാനത്തിന്റെ പൊതുജീവിത നിലവാരമുയർത്തിയ വിദ്യാഭ്യാസ – ആരോഗ്യ – സാമൂഹ്യനീതി – പൊതു വിതരണ മാതൃകകൾ കൂടുതൽ ശക്തിപ്പെടുത്തും.

നാടിന്റെ സുസ്ഥിര വികസനത്തിനുള്ള ദീർഘകാല പദ്ധതികളും നടപ്പാക്കും. കേന്ദ്രത്തിലെ ബി ജെ പിയുടെയും മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ് അടക്കമുള്ള കക്ഷികളുടെയും ഭരണ നയങ്ങളിൽനിന്ന് തികച്ചും വേറിട്ട കാഴ്ചപ്പാടാണിത്. ഈ ബദൽ മാർഗം സഫലമാക്കിയ അഞ്ചുവർഷത്തെ ഭരണമികവിന്റെ അഭിമാനത്തോടെയാണ് എൽ ഡി എഫ് മുന്നേറ്റം . ഇങ്ങനെ എല്ലാ നിലയ്ക്കും മുന്നിൽ നിൽക്കുന്നതുകൊണ്ടാണ് ഭരണത്തുടർച്ച ഉറപ്പാണെന്ന് ഇടതുപക്ഷക്കാർ കരുതുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പു പോരാട്ടത്തിന്റെ രാഷ്ട്രീയമാനം ദേശീയ ശ്രദ്ധയാകർഷിക്കുന്നതും ഇതേ കാരണത്താലാണ്.അതിസമ്പന്നർക്ക് മാത്രം “അഛാ ദിൻ ” ഒരുക്കിയ വാഴ്ചയാണ് നരേന്ദ്രമോദിയുടേത്. പെട്രോൾ വില ലിറ്ററിന് 50 രൂപയാക്കി കുറയ്ക്കുമെന്നായിരുന്നു ആറരവർഷംമുമ്പ് അധികാരമേറ്റപ്പോൾ മോദിജി പറഞ്ഞിരുന്നത് . ഇന്നത് 92 രൂപയിലെത്തി. പാചക ഗ്യാസ് വില സിലിൻഡറിന് 300 രൂപയിൽ താഴെയായിരുന്നു അന്ന് . ഇപ്പോൾ 810 രൂപയിലധികമാണ്.

പൊതുമേഖലാ ബാങ്കുകൾ വഴി ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നൽകിവന്ന സബ്സിഡിയാകട്ടെ, നിർത്തലാക്കുകയുമുണ്ടായി. പെട്രോളിയം ഉല്പന്ന വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്ന സംസ്ഥാനമാണ് കേരളം. യാത്രാവാഹനങ്ങളുടെ എണ്ണവും ഉപയോഗവും കൂടുതലാണിവിടെ. ചരക്ക് കടത്തുകൂലിയിലെ വർധന നിത്യോപയോഗ സാധനങ്ങൾക്കും വില കൂടാൻ ഇടയാക്കുന്നു.

നോട്ട് റദ്ദാക്കലും ജി എസ് ടിയും വരുത്തിവെച്ച തളർച്ച വ്യാപാര – വ്യവസായ മേഖല ഇന്നും അനുഭവിക്കുകയാണ്. കള്ളപ്പണക്കാരെ തളയ്ക്കാൻ എന്ന വ്യാജേനയായിരുന്നു ഓർക്കാപ്പുറത്തുള്ള നോട്ട് മരവിപ്പിക്കൽ . പക്ഷേ, മേലേക്കിടയിലുള്ള ബി ജെ പി നേതാക്കൾക്ക് കീശവീർപ്പിക്കാനേ അത് ഉതകിയുള്ളൂ. ജി എസ് ടിയിൽനിന്നാണെങ്കിൽ അർഹതപ്പെട്ട സംസ്ഥാനവിഹിതംപോലും നൽകുന്നില്ല.

പ്രളയ ദുരിതാശ്വാസത്തിന് മതിയായ തോതിൽ ധനസഹായം അനുവദിച്ചില്ലെന്നു മാത്രമല്ല, വിദേശ രാജ്യങ്ങളിൽനിന്നുള്ള സഹായവാഗ്ദാനം തടഞ്ഞും രാഷ്ട്രീയവിരോധം തീർത്തു. മറ്റതിക്രമങ്ങൾ വിവരണാതീതമാണ്. രാജ്യത്ത് അനേക വർഷങ്ങളായി നിലനിന്നുപോന്ന മതാതീതമായ ജനകീയ ഐക്യത്തിൽ വിള്ളൽ വീഴ്ത്തി എന്ന കൊടുംപാതകമാണ് സംഘപരിവാർ ഭരണത്തിന്റെ നീക്കിബാക്കി.

കേന്ദ്രത്തിലേതിൽനിന്ന് തികച്ചും വ്യത്യസ്തമാണ് കേരളത്തിലെ എൽ ഡി എഫ് ഭരണമെന്ന് ഏവരും തിരിച്ചറിയുന്നുണ്ട്. എങ്ങും ഭീതിപരത്തിയ മാരകരോഗമായ നിപ്പയും , ഓഖി ദുരന്തവും രണ്ട് കൊടും പ്രളയങ്ങളും കൊറോണ വൈറസ്ബാധയും ആളുകളെ എത്രമാത്രം അങ്കലാപ്പിലാക്കിയതാണ് …! രൂക്ഷമായ സാമ്പത്തിക പ്രയാസങ്ങൾക്കിടയിൽ ജനങ്ങളെ കഷ്ടപ്പെടുത്താതെ താങ്ങിനിർത്തി മുന്നേറി എന്നത് ചെറിയ കാര്യമല്ല. ഇവിടെ നൽകിവരുന്ന തോതിൽ ക്ഷേമപെൻഷനോ ദുരിതനാളുകളിൽ എല്ലാവർക്കും ഭക്ഷ്യക്കിറ്റോ മറ്റൊരു സംസ്ഥാനത്തുമില്ല.

കോവിഡ് ലോക്ക് ഡൗൺ കാലത്ത് അതിഥിത്തൊഴിലാളികൾക്കും അഗതികൾക്കുംവേണ്ടി പ്രാദേശികതലത്തിൽ തുറന്ന സാമൂഹിക അടുക്കളകൾ മനുഷ്യപ്പറ്റിന്റെ മഹനീയതയാണ് മറുനാട്ടുകാർക്ക് കാണിച്ചുകൊടുത്തത്. അതിന്റെ അനുബന്ധമായി തുടങ്ങിയ 20 രൂപയ്ക്ക് ഊൺ കിട്ടുന്ന ജനകീയ ഹോട്ടലുകളും വേറെയൊരിടത്തും ഇല്ലാത്തതാണ്.

കോവിഡ് ചികിത്സയ്ക്കുള്ള സംസ്ഥാനത്തെ സവിശേഷ സംവിധാനവും കിടയറ്റ സേവനവും ലോകപ്രശംസ പിടിച്ചുപറ്റി. ഇതിനെല്ലാമിടയിലും ഗെയിൽ പൈപ്പ് ലൈൻ പൂർത്തിയാക്കൽ, ദേശീയപാത വികസനം, ലൈഫ് ഭവന നിർമ്മാണം, സൗജന്യ നിരക്കിൽ ഇന്റർനെറ്റ് വ്യാപനത്തിനുള്ള കെ- ഫോൺ പദ്ധതി തുടങ്ങിയ ഒട്ടേറെ രംഗങ്ങളിൽ കൈവരിച്ച അപൂർവ നേട്ടങ്ങൾ വേറെ.

ദേശീയ പ്രാധാന്യമുള്ള പല പ്രശ്നങ്ങളിലും രാജ്യത്തിന് ദിശാബോധം നൽകിയ ഭരണമാണ് എൽ ഡി എ ഫിന്റേത്. മതന്യൂനപക്ഷങ്ങളെ – പ്രത്യേകിച്ച് മുസ്ലീംകളെ – രണ്ടാം തരക്കാരാക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യം പ്രമേയം പാസാക്കിയത് കേരള നിയമസഭയാണ്. മാത്രമല്ല, വിവേചനപരമായ ജനസംഖ്യാ രജിസ്റ്ററും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു.

നാട്ടിലാകെ മുസ്ലീംസമൂഹത്തിൽ വല്ലാത്ത ആശങ്ക പരന്ന ഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ അളവറ്റ ആശ്വാസം പകർന്നു. കേരളത്തിൽ ഈ നിയമം നടപ്പാക്കില്ലെന്നും ഇതിന്റെ ഭാഗമായി ഒരു തടങ്കൽ പാളയവും തുറക്കില്ലെന്നുമുള്ള അദ്ദേഹത്തിന്റെ ഉറച്ച വാക്കുകളുടെ മുഴക്കം ഇന്നും നിലച്ചിട്ടില്ല.

കാർഷിക വിള സംഭരണവും വില നിർണയവും പൂർണമായി വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് അടിയറ വെക്കുന്ന കേന്ദ്രത്തിന്റെ കരിനിയമങ്ങളെ ചെറുക്കാൻ മുന്നിട്ടിറങ്ങിയതും കേരളമാണ്. നിയമസഭ പ്രതിഷേധപ്രമേയം അംഗീകരിച്ച് കേന്ദ്രത്തെ അറിയിച്ചതിനൊപ്പം കേസുമായി സുപ്രീം കോടതിയെയും സമീപിച്ചു. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ തിടുക്കപ്പെട്ട് തട്ടിക്കൂട്ടിയ നിയമങ്ങളെയാണ് സുപ്രീം കോടതിയിൽ ചോദ്യംചെയ്യുന്നത്. അതോടൊപ്പം ഇവിടെ കൃഷിക്കാർക്കനുകൂലമായ ബദൽ പദ്ധതികളും ആരംഭിച്ചു. കർഷകർക്ക് മാസത്തിൽ 5000 രൂപ വരെ പെൻഷൻ നൽകുന്ന പദ്ധതി രാജ്യത്ത് ആദ്യമാണ്. 20 ഇനം പച്ചക്കറികൾക്ക് താങ്ങുവില നിശ്ചയിച്ചു. നെല്ലിനും നാളീകേരത്തിനും റബ്ബറിനും താങ്ങുവില കൂട്ടുകയും ചെയ്തു.

പൊതുമേഖലയുടെ കാര്യമാണെങ്കിൽ, തിരുവനന്തപുരം വിമാനത്താവള നടത്തിപ്പടക്കം മോദിയുടെ മിത്രം അദാനിമുതലാളിക്ക് പതിച്ചുകൊടുക്കുകയാണ് കേന്ദ്രം. സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്നറിയിച്ചിട്ടും അത് അവഗണിക്കുകയാണ് ചെയ്തത്. കൊച്ചിയിലെ ബി പി സി എൽ റിഫൈനറി യൂനിറ്റുകളും കേന്ദ്ര സർക്കാർ വില്പനയ്ക്ക് വെച്ചിരിക്കയാണ്. റിലയൻസിന്റെ ജിയോ ഫോണിനെ വഴിവിട്ട് സഹായിക്കുന്നതിന്റെ ഭാഗമായി ബി എസ് എൻ എൽ പൊളിക്കാനുള്ള പാരവെപ്പും തുടരുന്നു.

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ ഉദാര ഓഹരി വില്പനയിലൂടെ വൻകിട സ്വകാര്യ കമ്പനികൾക്ക് മറിച്ചു നൽകുകയാണ് കേന്ദ്രം. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി ഉൾപ്പെടെയുള്ള ചില സംരംഭങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവന്നത് കേന്ദ്രത്തിന് ഇഷ്ടമായിരുന്നില്ല. ഇതിലെല്ലാം പ്രതിഫലിക്കുന്നത് കേന്ദ്രഭരണക്കാരുടെ കുത്തക പ്രീണന നയമാണ്. അതേസമയം കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കാത്ത ഉറച്ച നിലപാടാണ് എൽ ഡി എഫിന് . സംസ്ഥാന സർക്കാറിന്റെ കീഴിൽ വരുന്ന പൊതുമേഖലാ സംരഭമാണ് കെ – ഫോൺ . കോർപ്പറേറ്റുകൾക്കു വേണ്ടി അതിന് തുരങ്കംവെക്കാൻ ബി ജെ പി യും കോൺഗ്രസ്സും ഒരുമിച്ചാണ് ശ്രമിക്കുന്നത്. അതിസമ്പന്നർക്ക് ഒത്താശചെയ്യുന്ന നയമാണ് ഇരുകൂട്ടർക്കും .

.