ട്രെയിൻ യാത്രയ്ക്കിടെ ഉത്തർപ്രദേശിൽ യുവ കന്യാസ്ത്രീകൾക്കുനേരെ ബജ്രംഗ്ദൾ ആക്രമണം. മതംമാറ്റ നിരോധന നിയമം ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കാനും ശ്രമം. ഒടുവിൽ ഹിന്ദുത്വ തീവ്രവാദികളിൽനിന്ന് രക്ഷപ്പെട്ട് സംസ്ഥാനംവിടാന്‍ കന്യാസ്ത്രീകൾക്ക് സഭാവസ്ത്രം ഒഴിവാക്കേണ്ടിവന്നു.
തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ(എസ്എച്ച്) ഡൽഹി പ്രൊവിൻസിലെ നാല് കന്യാസ്ത്രീകള്‍ക്ക്നേരെ മാർച്ച് 19നാണ് ആക്രമണമുണ്ടായത്. ഒഡിഷക്കാരായ രണ്ടു യുവകന്യാസ്ത്രീകളെ വീട്ടിലെത്തിക്കാനാണ് മലയാളി ഉൾപ്പെടെ മറ്റ് രണ്ടുപേർ കൂടെ പോയത്. ഇവരിൽ രണ്ടുപേർ സാധാരണ വേഷത്തിലായിരുന്നു.
ട്രെയിൻ ത്സാൻസിയിൽ എത്തിയപ്പോൾ മതംമാറ്റാൻ രണ്ടു പെൺകുട്ടികളെ കൊണ്ടുപോകുന്നതായി ആരോപിച്ച് ഒരുകൂട്ടം ബജ്രംഗ്ദൾ പ്രവർത്തകർ ബഹളമുണ്ടാക്കി. അവര്‍ വിളിച്ചുവരുത്തിയ പൊലീസ് കന്യാസ്ത്രീകളോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. വനിത പൊലീസ് ഇല്ലാതെ പുറത്തിറങ്ങില്ലെന്ന് നിലപാടെടുത്ത കന്യാസ്ത്രീകളെ ബലംപ്രയോഗിച്ച് പുറത്തിറക്കി.
ആധാർ ഉൾപ്പെടെ തിരിച്ചറിയൽ രേഖകളെല്ലാം കാണിച്ചെങ്കിലും പൊലീസും മോശമായി പെരുമാറിയെന്ന് കന്യാസ്ത്രീകൾ പറഞ്ഞു. ആർപ്പുവിളികളോടെ സ്റ്റേഷനിലേക്ക് മാറ്റി. മുദ്രാവാക്യം വിളികളുമായി 150 ഓളം ബജ്രംഗ്ദളുകാർ അവിടെയെത്തി.
ഡൽഹിയിൽനിന്ന് അഭിഭാഷകർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടാണ് കന്യാസ്ത്രീകളെ മോചിപ്പിച്ചത്. രാത്രി 11ഓടെയാണ് ഇവര്‍ക്ക് സ്റ്റേഷൻ വിടാനായത്. പിന്നീട് സാധാരണ വേഷം ധരിച്ചാണ് യാത്ര തുടർന്നത്.