ജനങ്ങളുടെ സനേഹമാണ്‌ സമ്പത്തെങ്കിൽ കേരളം കണ്ട ഏറ്റവും സമ്പന്നനായ മനുഷ്യൻ എകെജിയെന്ന് പിണറായി വിജയൻ

0
81

ജനങ്ങളിൽ നിന്നും ലഭിക്കുന്ന ആത്മാർഥമായ സ്‌നേഹമാണ് ഏറ്റവും വിലപിടിച്ച സമ്പത്തെങ്കിൽ കേരളം കണ്ട ഏറ്റവും സമ്പന്നനായ മനുഷ്യൻ, സഖാവ് എകെജി ആയിരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എകെജിയെപ്പോലെ അത്രമാത്രം ഗാഢമായി ഈ നാടിനെ സ്നേ‌ഹിച്ച, ഈ നാടിനാൽ സ്നേഹിക്കപ്പെട്ട മറ്റൊരു പൊതുപ്രവർത്തകൻ ഉണ്ടായിയിരിക്കില്ല. ജാതി-മത-രാഷ്ട്രീയ വേർതിരിവുകൾക്കതീതമായി കേരളം അദ്ദേഹത്തെ ഹൃദയത്തിലേറ്റി. താരതമ്യങ്ങൾക്കതീതമാണ് സഖാവിൻ്റെ രാഷ്‌ട്രീയ ജീവിതമെന്ന്‌ മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

അക്ഷരാർത്ഥത്തിൽ അദ്ദേഹം “പാവങ്ങളുടെ പടത്തലവൻ’ ആയിരുന്നു. പാവപ്പെട്ട മനുഷ്യരുടെ മോചനത്തിനായുള്ള വിശ്രമരഹിതമായ പോരാട്ടമായിരുന്നു എകെജിയുടെ ജീവിതം. അതു കേരളത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ല. കർഷകരും തൊഴിലാളികളും കൊടിയ ചൂഷണം നേരിടുന്നിടങ്ങളിലെല്ലാം ഓടിയെത്തിയിരുന്ന അദ്ദേഹം, രാജ്യത്തെ ഐതിഹാസികമായ പല സമരങ്ങളിലേയും ആവേശകരമായ സാന്നിദ്ധ്യമായിരുന്നു. എകെജിയുടെ അസാമാന്യമായ ധീരതയും നേതൃപാടവവും ജനങ്ങളിലേയ്ക്ക് ആത്മവിശ്വാസവും പോരാട്ടവീര്യവും പകർന്നു. തെരുവുകളിൽ മാത്രമല്ല, ഇടിമുഴക്കമാർന്ന ആ ശബ്ദം ഇന്ത്യയിലെ പാർലമെൻ്റിനകത്തും നീതിയ്ക്കും സമത്വത്തിനും വേണ്ടി ഉയർന്നു.

ജനഹൃദയത്തിൽ കുടിയേറിയ സഖാവിൻ്റെ ഉജ്ജ്വലമായ ജീവിതത്തിൻ്റെ നിറം കെടുത്താൻ രാഷ്ട്രീയ ദുഷ്ടലാക്കോടെ ചിലർ നടത്തിയ ലജ്ജാശൂന്യമായ ശ്രമങ്ങൾ നാടിനെ വേദനിപ്പിച്ചിട്ടുണ്ട്. ആ വേദന എകെജി നിലകൊണ്ട മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നമുക്ക് പ്രചോദനമാകണം. ദരിദ്രരുടെ വിമോചനം നമ്മുടെ രാഷ്ട്രീയ കാഴ്ചപ്പാടിൻ്റെ കേന്ദ്രബിന്ദു ആകണം. സമത്വവും സാഹോദര്യവും നിറഞ്ഞ കേരളം നമ്മുടെ ലക്ഷ്യമാകണം. സംഘപരിവാറിൻ്റെ ഫാസിസ്റ്റ് ഭീകരത നിറഞ്ഞ തേർവാഴ്ച ജനാധിപത്യത്തിൻ്റെ മൂല്യങ്ങളോരോന്നായി തച്ചുടയ്ക്കുന്ന ഈ കാലത്ത്, എകെജിയെക്കുറിച്ചുള്ള ഓർമ്മകൾ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള സമരങ്ങളുടെ തീജ്ജ്വാലകളായി മാറും. വിമോചനപ്പോരാട്ടങ്ങളുടെ പാതകളിൽ വെളിച്ചം വിതറും. ഒരുമിച്ച്, തോളോട് തോൾ ചേർന്ന്, നമ്മൾ ഇനിയും മുന്നോട്ടു പോകും.