ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ 3; ദൗത്യം പൂർണ വിജയം

0
209

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3 വിജയകരമായി പൂർത്തിയായി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങാണ് ചന്ദ്രയാൻ -3 വിജയകരമായി പൂർത്തിയാക്കിയത്. ഇതോടെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമെന്ന ചരിത്രവും ഇന്ത്യയ്ക്ക് സ്വന്തം. 40 ദിവസം നീണ്ട ദൗത്യത്തിനൊടുവിലാണ് ചന്ദ്രയാൻ ചന്ദ്രനെ തൊട്ടത്. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.

ജൂലായ് 14- ഉച്ചകഴിഞ്ഞ് 2.35-നാണ് ചന്ദ്രയാൻ-3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്സ് സെന്ററിൽനിന്ന് മാർക്ക് -3 റോക്കറ്റിൽ കുതിച്ചുയർന്നത്. ഓഗസ്റ്റ് ഒന്നിന് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് വേർപെടുത്തി. ഓഗസ്റ്റ് അഞ്ചിന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു. ഓഗസ്റ്റ് 17-ന് മാതൃപേടകമായ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ മൊഡ്യൂളിനെ സ്വതന്ത്രമാക്കി. ഓഗസ്റ്റ് 20-ന് പുലർച്ചെ ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള (25 കിലോമീറ്റർ) ഭ്രമണപഥത്തിലെത്തിച്ചു. ഓഗസ്റ്റ് 19-ന് ചന്ദ്രോപരിതലത്തിൽനിന്ന് 70 കിലോമീറ്റർ ഉയരത്തിൽ വെച്ച് ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറയും (എൽ.പി.ഡി.സി.) ഓഗസ്റ്റ് 20-ന് ലാൻഡർ ഇമേജർ ക്യാമറ 4-ഉം പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ. പുറത്തുവിട്ടിരുന്നു.