യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ട മൃതദേഹം സുജിതയുടേത്; മൃതദേഹം കൈയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍

0
154

തുവ്വൂരില്‍ യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി വിഷ്ണുവിന്റെ വീട്ടുവളപ്പിൽ കണ്ടെത്തിയ മൃതദേഹം കാണാതായ സുജിതയുടേതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം കൈയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലെന്ന് മലപ്പുറം എസ് പി വ്യക്തമാക്കി. കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലയെന്നും എസ് പി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം 11 -നാണ് സുജിതയെ കാണാതായിരുന്നത്. മൊബൈല്‍ ഫോണില്‍ നിന്ന് ഒടുവില്‍ വിളിച്ചിരുന്നത് വിഷ്ണുവിനെയാണ്. ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം വീട്ടുവളപ്പിലെ വേസ്റ്റ് കുഴിയിലിട്ട് മണ്ണു മൂടിയെന്നു സമ്മതിച്ചത്. മൃതദേഹം പുറത്തെടുത്തതിന് ശേഷം പരിശോധന നടത്തിയാലേ സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു. രാത്രിയില്‍ എത്തി പ്ലാസ്റ്റിക് കവറിലാക്കി വീട്ട് വളപ്പിലെ വെയിസ്റ്റ് കുഴിയിലിട്ട് മൂടി. ഇക്കാര്യങ്ങള്‍ പിതാവ് മുത്തുവിനും അറിയാമായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. സുജിതയെ കാണാതായത് മുതലുള്ള തെരച്ചിലിൽ വിഷ്ണുവും ഒപ്പമുണ്ടായിരുന്നു. മാത്രമല്ല, വിഷ്ണുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് വരെ നടത്തുകയും ചെയ്തു. കരുവാരക്കുണ്ട് പൊലീസിന്റ ഫേസ്ബുക്ക് പോസ്റ്റും വിഷ്ണു പങ്കു വെച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് തുവൂര്‍ മണ്ഡലം സെക്രട്ടറിയാണ് വിഷ്ണു. പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിലെ ജീവനക്കാരനുമാണ്. സുജിതയെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്ന സംശയത്തിലാണ് പൊലിസ്. സുജിതയെ കാണാതായതിന് തൊട്ടടുത്ത ദിവസം പഞ്ചായത്തിലെ ജോലി വിഷ്ണു ഉപേക്ഷിച്ചതും സംശയത്തിനിടയാക്കിയിരുന്നു. സംഭവത്തിൽ യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി വിഷ്ണുവടക്കം നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.