ലിംഗാധിക്ഷേപം ഒഴിവാക്കാൻ മാർഗനിർദേശം; ശൈലീപുസ്തകമിറക്കി സുപ്രീംകോടതി

0
141

കോടതി ഭാഷകളിലും വ്യവഹാരങ്ങളിലും ലിംഗാധിക്ഷേപം ഒഴിവാക്കാൻ മാർഗനിർദ്ദേശവുമായി സുപ്രീംകോടതി. നിരവധി വാക്കുകൾ വിലക്കി സുപ്രീംകോടതി കൈപ്പുസ്തകമിറക്കി. അവിവാഹിതയായ അമ്മ, വേശ്യ, വെപ്പാട്ടി, പ്രകോപനപരമായ വസ്ത്രധാരണം, വിശ്വസ്തയായ ഭാര്യ തുടങ്ങിയ വാക്കുകൾ വിലക്കിയിട്ടുണ്ട്. കോടതി വിധികളിലും ഭാഷയിലും ഉപയോ​ഗിച്ചു വരുന്ന ലിംഗ വിവേചനം നിറഞ്ഞ വാക്കുകളുടെയും വാക്യങ്ങളുടെയും ഉപയോഗം തിരിച്ചറിയുന്നതിനും നീക്കം ചെയ്യുന്നതിനുമായാണ് പുതിയ പദാവലി തയ്യാറാക്കിയിരിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഇക്കാര്യം അറിയിച്ചതെന്ന് ‘ലൈവ് ലോ’ റിപ്പോർട്ട് ചെയ്തു.

ജെൻഡർ സ്റ്റീരിയോ ടൈപ്പുകളുടെ ഭാഷ തിരിച്ചറിഞ്ഞ് മാറ്റം സൃഷ്ടിക്കുന്നതിന്റെ ഭാ​ഗമായി ഹാൻഡ് ബുക്ക് സുപ്രീംകോടതി വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. കാലങ്ങളായി ഉപയോഗിച്ച് വരുന്ന നിരവധി പദങ്ങളാണ് പുതിയ പുസ്തകത്തില്‍ പരിഷ്കരിച്ചിരിക്കുന്നത്. നിയമ വ്യവഹാരങ്ങളിലെ സ്റ്റീരിയോടൈപ്പുകൾ തിരിച്ചറിയാനും മനസ്സിലാക്കാനും നിയമ സമൂഹത്തെ സഹായിക്കുന്നതിനാണ് പുതിയ നടപടി.

ലിംഗ സമത്വത്തിന് വിപരീതമായ പദങ്ങളുടെ ഉപയോ​ഗം മാറ്റി നീതിപരമായി വാക്കു നിർദേശിക്കുന്നതായിരിക്കും പുതിയ പുസ്തകം. ഹർജികളും ഉത്തരവുകളും തയ്യാറാക്കുമ്പോൾ ഉപയോഗിക്കാവുന്ന വാക്കുകളും ശൈലികളും ഉൾക്കൊള്ളുന്ന പുസ്തകം എല്ലാ ജഡ്ജിമാർക്കും അഭിഭാഷകർക്കും സഹായകരമാകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

പല വാക്കുകളും മുൻ കാലങ്ങളിൽ കോടതിയിൽ ഉപയോ​ഗിച്ചിരുന്നവയാണ്. അവ എന്തുകൊണ്ട് ശരിയല്ലെന്നും എങ്ങനെ ആ പ്രയോ​ഗം നിയമത്തെ വളച്ചൊടിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. ഹാനികരമായ സ്റ്റീരിയോ ടൈപ്പ് പ്രയോ​ഗത്തിനെതിരെ അവബോധം സൃഷ്ടിക്കുകയെന്നാണ് പുതിയ പുസ്തകത്തിന്റെ ലക്ഷ്യമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഭിന്ന ലൈംഗികതയെ അപകീർത്തികരമായി വിശേഷിപ്പിക്കുന്ന ഇപ്പോൾ പ്രയോഗത്തിലുള്ള പലവാക്കുകളും പുതിയ നിർദ്ദേശത്തിൽ നീക്കം ചെയ്തിട്ടുണ്ട്.

വിധിന്യായങ്ങള്‍ തയ്യാറാക്കുമ്പോള്‍ ജഡ്ജിമാരും ഹര്‍ജികള്‍ തയ്യാറാക്കുമ്പോള്‍ അഭിഭാഷകരും ഈ ശൈലീപുസ്തകം പാലിക്കണമെന്ന് കോടതി നിർദേശിച്ചു. ഇതര വാക്കുകളും ശൈലികളും നിർദ്ദേശിക്കുന്നുണ്ട്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പൂർണമായും ഒഴിവാക്കപ്പെടണമെന്നും സമൂഹത്തിന് അവബോധം നല്‍കുന്നതിനാണ് ശൈലീപുസ്തകം പുറത്തിറക്കുന്നത്. സ്ത്രീകൾക്കെതിരായ മോശമായ വാക്കുകൾ എന്താണെന്ന് ശൈലീപുസ്തകത്തിലൂടെ വിശദീകരിക്കുന്നുണ്ട്. മുൻ കാലങ്ങളിൽ കോടതി ഇത്തരം വാക്കുകൾ ഉപയോ​ഗിച്ചിട്ടുണ്ട്. അവ എങ്ങനെ കൃത്യമല്ലെന്നും നിയമത്തിന്റെ പ്രയോഗത്തെ എങ്ങനെ വളച്ചൊടിക്കുന്നുവെന്നും കാണിക്കുന്നു.

ശൈലീ പുസ്തകം പുറത്തിറക്കുന്നത് മുൻകാലങ്ങളിലെ വിധികളെ സംശയിക്കാനോ വിമർശിക്കാനോ അല്ല. മറിച്ച് അറിയാതെ എങ്ങനെ ഇത്തരം വാക്കുകൾ ഉപയോ​ഗിക്കുന്നുവെന്നത് സൂചിപ്പിക്കുന്നതിനാണ്. ലിം​ഗപരമായ സ്റ്റീരിയോടൈപ്പുകളെ എതിർത്ത മുൻകാല വിധിന്യായങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശൈലീപുസ്തകം ഉടൻ തന്നെ സുപ്രീം കോടതിയുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും. ഉപയോക്തൃ മാനുവലും ഇ-ഫയലിംഗ് സംബന്ധിച്ച പതിവുചോദ്യങ്ങളും വീഡിയോ ട്യുട്ടോറിയലുകളും സൈറ്റിലുണ്ടാകുമെന്നും സുപ്രീംകോടതി അറിയിച്ചു.

ഈ വർഷം മാർച്ചിൽ നടന്ന പൊതു പരിപാടിക്കിടെ ജെൻഡർ സ്റ്റീരിയോ ടൈപ്പുകളെ മറികടക്കാൻ ഉതകുന്ന പുതിയ പുസ്തകം വരുമെന്ന് ചീഫ് ജസ്റ്റിസ് പറ‍ഞ്ഞിരുന്നു. കൽക്കട്ട ഹൈക്കോടതി ജഡ്ജി മൗഷുമി ഭട്ടാചാര്യ അധ്യക്ഷയായ സമിതിയാണ് പുതിയ നിയമ പദാവലി തയ്യാറാക്കിയത്. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രതിഭ എം സിങ്, മുൻ ജഡ്ജിമാരായ പ്രഭാ ശ്രീ ദേവൻ, ​ഗീത മീത്തൽ എന്നിവരോടൊപ്പം സുപ്രീംകോടതിയിലേയും കൽക്കട്ട ഹൈക്കോടതിയിലേയും അഭിഭാഷകയായ ജുമാ സെനും ഉൾപ്പെട്ടതായിരുന്നു സമിതി.