Wednesday
17 December 2025
30.8 C
Kerala
HomeIndiaസ്വയം നിയന്ത്രിച്ചാല്‍ പോരാ; ചാനലുകളുടെ പിഴത്തുക വരുമാനത്തിന് അനുസൃതമാക്കണമെന്നും സുപ്രീംകോടതി

സ്വയം നിയന്ത്രിച്ചാല്‍ പോരാ; ചാനലുകളുടെ പിഴത്തുക വരുമാനത്തിന് അനുസൃതമാക്കണമെന്നും സുപ്രീംകോടതി

വാർത്താ ചാനലുകൾ അടക്കം ടെലിവിഷന്‍ ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്നും ടി വി ചാനലുകളുടെ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും സുപ്രീംകോടതി. ചട്ടങ്ങൾ കൂടുതൽ കർശനമാക്കാതെ ചാനലുകൾ അതെല്ലാം കൃത്യമായി പാലിക്കുമെന്ന്‌ കരുതുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ പി എസ്‌ നരസിംഹ, മനോജ്‌മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കുറ്റക്കാരായ ചാനലുകള്‍ക്ക് ചുമത്തുന്ന ചുമത്തുന്ന ഒരു ലക്ഷം രൂപ പിഴ ചെറിയതാണെന്നും ഇത് ചാനലിന്റെ വരുമാനത്തിന് അനുസൃതമാക്കണമെന്നും കോടതി പറഞ്ഞു. ദൃശ്യമാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കാത്തതിനെതിരെ ബോംബെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം.

ചാനലുകൾക്ക്‌ സ്വയം നിയന്ത്രണസംവിധാനമുണ്ടെന്ന ന്യൂസ്‌ ബ്രോഡ്‌കാസ്‌റ്റേഴ്‌സ്‌ ആൻഡ്‌ ഡിജിറ്റൽ അസോസിയേഷന്റെ (എൻബിഡിഎ) വാദം കോടതി തള്ളി. ചാനലുകളുടെ നിയന്ത്രണം സംബന്ധിച്ച്‌ സുപ്രീംകോടതി മുൻജഡ്‌ജിമാരായ എ കെ സിക്രി, ആർ വി രവീന്ദ്രൻ എന്നിവരുടെ അഭിപ്രായങ്ങൾ തേടാൻ എൻബിഡിഎയ്‌ക്ക്‌ വേണ്ടി ഹാജരായ അരവിന്ദ് ദത്തറിനോട് സുപ്രീംകോടതി നിർദേശിച്ചു.

ടി വി ചാനലുകള്‍ സ്വയം നിയന്ത്രണം പാലിക്കുന്നുവെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ കോടതിയില്‍ എത്രപേര്‍ ഇതിനോട് യോജിക്കുമെന്ന് തനിക്കറിയില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം, ചാനലുകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന അസോസിയേഷന്റെ വാദം അംഗീകരിച്ചു. എന്നാല്‍ ചാനലുകള്‍ സ്വയം നിയന്ത്രണം പാലിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ചു വ്യക്തമാക്കി.

ഒരു കൊലപാതകം നടന്നാല്‍ ചാനലുകള്‍ അന്വേഷണം നടത്താനിറങ്ങും. ചട്ടങ്ങള്‍ ശക്തമാക്കാതെ ചാനലുകള്‍ അനുസരിക്കാന്‍ പോകുന്നില്ല. വലിയ വരുമാനമുള്ള ചാനലുകള്‍ക്ക് ഒരു ലക്ഷം പിഴ ചുമത്തിയതുകൊണ്ട് എന്താണ് കാര്യമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ചട്ടക്കൂട് ശക്തിപ്പെടുത്തും. ബോംബെ ഹൈക്കോടതി വിധിയില്‍ മാറ്റങ്ങള്‍ വരുത്തും. നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നും കോടതി വ്യക്തമാക്കി.

എൻബിഡിഎ മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ ചുമത്തിയത് അപര്യാപ്തമാണ്. ഇത് 2008ല്‍ ഉള്ള പിഴയാണ്. ഇത്തരത്തിലുള്ള ഒരു വാര്‍ത്ത സംപ്രേഷണം ചെയ്താലുള്ള വരുമാനം അതിലും എത്രയോ അധികമാണ്. ബോളിവുഡ്‌താരം സുശാന്ത്‌സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ‘മാധ്യമവിചാരണ’ ചൂണ്ടിക്കാണിച്ചായിരുന്നു വിമർശം. ചട്ടങ്ങൾ ലംഘിക്കുന്ന ചാനലുകൾക്ക്‌ ഒരു ലക്ഷം മാത്രം പിഴ ചുമത്തിയ എൻബിഡിഎ നടപടിയെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. തുച്ഛം പിഴത്തുക മാത്രം ചുമത്തുന്ന നടപടിയിൽ സുപ്രീംകോടതിയും അതൃപ്‌തി രേഖപ്പെടുത്തി.

ചാനലുകളുടെ സ്വയംനിയന്ത്രണസംവിധാനം ഒട്ടും ഫലപ്രദമല്ലെന്ന്‌ ബോംബെ ഹൈക്കോടതിയും നേരത്തെ വിമർശിച്ചിരുന്നു. മാധ്യമ വിചാരണ കോടതിയലക്ഷ്യമായി കണക്കാക്കാമെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. ഇത്തരം വിമര്‍ശനങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ അന്തസിനെ ബാധിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഈ വാദം സുപ്രീംകോടതി തള്ളി. നിര്‍ദേശങ്ങള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണം. കേന്ദ്രസര്‍ക്കാര്‍ നിലപാട് സത്യവാങ്മൂലത്തിലൂടെ അറിയിക്കണമെന്നും ബഞ്ച് നിര്‍ദേശിച്ചു.

RELATED ARTICLES

Most Popular

Recent Comments